വാഷിങ്ടണ്‍: ചെങ്കടല്‍ വഴി പോകുന്ന ചരക്കുകപ്പലുകളെ ആക്രമിക്കാനായി യെമനിലെ ഹൂത്തികള്‍ക്ക് റഷ്യ നിര്‍ദേശം നല്‍കുന്നുവെന്ന് അമേരിക്ക നേരത്തെ ആരോപിച്ചിരുന്നു. ഇത് കൂടുതല്‍ ശക്തമാകുകയാണ് ഇപ്പോള്‍. യെമനിലെ ഹൂത്തി വിമതര്‍ ചെങ്കടലില്‍ താളവം ഉറപ്പിക്കുന്നത് റഷ്യന്‍ പിന്തുണയിലെന്നാണ് വിലയിരുത്തല്‍. ചെങ്കടലിലേക്ക് എത്തുന്ന കപ്പലുകളുടെ വിവരങ്ങള്‍ ഇറാനിലൂടെ റഷ്യ ഹൂത്തികളിലേക്ക് എത്തിക്കുന്നു. ബ്രിട്ടന്റേയും മറ്റു യൂറോപ്യന്‍ രാജ്യങ്ങളുടേയും കപ്പലുകള്‍ ഇങ്ങനെ ആക്രമണത്തിനും ഇരയാകുന്നു. റഷ്യയുടെ സാറ്റലൈറ്റില്‍ നിന്നുള്ള വിവരങ്ങള്‍ ഹൂത്തികള്‍ക്ക് കിട്ടുന്നുവെന്നാണ് ആരോപണം. ഈ മാസം നടന്ന പല ആക്രമണങ്ങളിലും റഷ്യയും ഇറാനും ഹൂത്തികളെ സഹായിച്ചുവെന്നാണ് വിലയിരുത്തല്‍.

ഇറാന്‍ സൈനിക വിഭാഗത്തിന് റഷ്യ വിവരങ്ങള്‍ കൈമാറും. ഇത് ഇറാനിലൂടെ ഹൂത്തികളിലേക്ക് എത്തുമെന്നാണ് യൂറോപ്യന്‍ ഡിഫന്‍സ് വിലയിരുത്തുന്നത്. യൂറോപ്യന്‍ രാജ്യങ്ങളുടെ സാമ്പത്തിക അടിത്തറ തകര്‍ക്കാന്‍ വേണ്ടിയാണ് ഹൂത്തികളെ റഷ്യ ഉപയോഗിക്കുന്നതെന്നാണ് വിലയിരുത്തല്‍. ചെങ്കടല്‍ വഴയുള്ള വ്യാപാരം കുറയുന്നത് ഈ രാജ്യങ്ങളെ വലിയ പ്രതിസന്ധിയിലാക്കും. മാസങ്ങള്‍ക്കിടയില്‍ നൂറിലേറെ കപ്പലുകളെയാണ് ഹൂത്തികള്‍ ലക്ഷ്യമിട്ടത്. ഡ്രോണ്‍ ആക്രമണത്തിലൂടേയും മറ്റും ചെങ്കടലില്‍ കപ്പലുകള്‍ക്ക് സുരക്ഷിത പാതയില്ലെന്ന് ഹൂത്തികള്‍ തെളിയിക്കുകയും ചെയ്തു. ഹമാസിനെ ലക്ഷ്യമിട്ട് ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടങ്ങിയ ശേഷമാണ് ചെങ്കടലിലെ ആക്രമണം കൂടിയത്. യുക്രയിനിലെ യുദ്ധത്തിലും റഷ്യയ്ക്ക് ഇറാന്റെ പിന്തുണ കിട്ടുന്നുവെന്ന് അമേരിക്ക അടക്കം വിലയിരുത്തുന്നുണ്ട്.

ഹൂത്തികളെ സഹായിക്കാന്‍ റഷ്യ, രഹസ്യാന്വേഷണ സൈനിക ഉദ്യോഗസ്ഥരെ യെമനില്‍ നിയോഗിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റഷ്യയുടെ ജി.ആര്‍.യു മിലിട്ടറി ഇന്റലിജന്‍സ് അംഗങ്ങള്‍ യെമനില്‍ ഉപദേശക റോളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഒരു മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചെങ്കടലിലെ വാണിജ്യകപ്പലുകള്‍ ആക്രമിക്കുന്നതില്‍ റഷ്യയുടെ പങ്ക് വ്യക്തമല്ല. എന്നാല്‍ ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ചരക്കുകപ്പലുകള്‍ക്ക് നേരെ ഹൂത്തികള്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് സഹായമേകാന്‍ കുറേ മാസങ്ങളായി റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗം യെമനില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍.

അന്താരാഷ്ട്ര സമൂഹത്തിനിടയില്‍ ഹൂത്തികള്‍ക്കുള്ള പിന്തുണ വര്‍ധിപ്പിക്കാനുള്ള ശ്രമം റഷ്യ വിപുലപ്പെടുത്തുന്നുണ്ടെന്നാണ് അമേരിക്ക കരുതുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് ഹൂത്തികള്‍ക്ക് അത്യാധുനിക ക്രൂയിസ് മിസൈലുകള്‍ നല്‍കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്‍ തീരുമാനിച്ചിരുന്നെങ്കിലും സൗദി അറേബ്യന്‍ കീരീട അവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇടപെട്ടതിനെത്തുടര്‍ന്ന് പിന്മാറുകയായിരുന്നു.. ഇനിയും പുടിന്‍ ഹൂത്തികള്‍ക്ക് ആയുധം നല്‍കാന്‍ സാധ്യതയുണ്ട്.

യുക്രെയിനെ ഉപയോഗിച്ച് റഷ്യയെ ആക്രമിക്കാനുള്ള യു.എസിന്റെ തീരുമാനത്തില്‍ നിന്ന് അവരെ പിന്തിരിപ്പിക്കാനുള്ള റഷ്യയുടെ ഒരു തന്ത്രമായും ഹൂത്തികളുമായുള്ള ബന്ധം കാണക്കാക്കപ്പെടുന്നുണ്ട്. ജൂലൈയില്‍ റഷ്യയുടെ വിദേശകാര്യമന്ത്രിയായ മിഖായേല്‍ ബൊഗ്ദാനോവ് ഹൂത്തി വക്താവ് മുഹമ്മദ് അബ്ദുല്‍ സലാമുമായി മോസ്‌കോയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.