ജെറുസലേം: ഇസ്രയേല്‍ ഇറാന്‍ ആക്രമിക്കുകയാണെങ്കില്‍ അവരുടെ ആണവ കേന്ദ്രങ്ങളും എണ്ണ ഉത്പ്പാദന കേന്ദ്രങ്ങളും ആക്രമിക്കരുതെന്നായിരുന്നു അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഇസ്രയേല്‍ ഇറാന്റെ അണുബോംബുകള്‍ നിര്‍മ്മിക്കുന്ന കേന്ദ്രങ്ങള്‍ ആക്രമിച്ചു എന്നാണ്. ഇതു സംബന്ധിച്ച നിരവധി ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

ഇറാന്റെ ബാലിസ്റ്റിക്ക് മിസൈല്‍ നിര്‍മന്മാണ കേന്ദ്രങ്ങളും ഇസ്രയേല്‍ തകര്‍ത്തതായിട്ടാണ് വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. ഇത് പലതും അണ്ടര്‍ഗ്രൗണ്ട് ടണലിനുകള്‍ക്കുള്ളിലായിരുന്നു എന്നും സൂചനയുണ്ട്. അന്താരാഷ്ട്ര മാധ്യമ സ്ഥാപനമായ അസോസിയേറ്റഡ് പ്രസ് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് ഇറാന്റെ പര്‍ച്ചിന്‍ സൈനിക കേന്ദ്രത്തിലെ നിരവധി കെട്ടിടങ്ങളും ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നു. ഇറാന്‍ അവരുടെ ആണവായുധങ്ങളും ഇതുമായി ബന്ധപ്പെട്ട എല്ലാ സാങ്കേതിക ഉപകരണങ്ങളും എല്ലാം സൂക്ഷിച്ചിരുന്നത് പര്‍ച്ചിന്‍ സൈനിക കേന്ദ്രത്തിലാണെന്ന് നേരത്തേ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി സംശയം പ്രകടിപ്പിച്ചിരുന്നു.

ഇറാന്‍ അവരുടെ ആണവായുധ പരീക്ഷണങ്ങള്‍ നടത്തിയതും ഇവിടെ വെച്ചായിരുന്നു എന്നാണ് വ്യാപകമായി ആരോപണം ഉയര്‍ന്നത്. ആണവോര്‍ജ്ജം സമാധാനപരമായ ആവശ്യങ്ങള്‍ക്കായി മാത്രമേ ഉപയോഗിക്കുകയുള്ളൂ എന്നാണ് ഇറാന്‍ നിരവധി തവണ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയും ഇക്കാര്യം തള്ളിക്കളയുക ആയിരുന്നു. 2003 മുതല്‍ തന്നെ ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്നു എന്നാണ് ഇവര്‍ കുറ്റപ്പെടുത്തിയിരുന്നത്. ഇസ്രയേല്‍ കഴിഞ്ഞ ദിവസം ഇറാനില്‍ ആക്രമണം നടത്തിയ മറ്റൊരു പ്രധാന സ്ഥലം ഖോജിര്‍ സൈനിക കേന്ദ്രമാണ്.

ഇവിടെ ഇറാന്‍ ഭൂഗര്‍ഭകേന്ദ്രം ഒരുക്കി മിസൈലുകള്‍ നിര്‍മ്മിക്കുന്നതായി നേരത്തേ തന്നെ സൂചനകള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇറാന്‍ ആകട്ടെ ഇതേ വരെ ഇസ്രയേല്‍ തങ്ങളുടെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇനിയും വ്യക്തമാക്കിയിട്ടില്ല. പകരം നാല് വ്യോമസേന ജീവനക്കാര്‍ കൊല്ലപ്പെട്ടതായിട്ടാണ് അവര്‍ അറിയിക്കുന്നത്. ഇവരുടെ മരണത്തില്‍ പ്രസിഡന്റ് പെഷസ്‌ക്യാന്‍ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. അതേ സമയം ഇസ്രയേല്‍ തങ്ങള്‍ ഇറാന്റെ മിസൈല്‍ കേന്ദ്രങ്ങള്‍ തകര്‍ത്തു എന്നാണ് അവകാശപ്പെടുന്നത്.

എന്നാല്‍ ഇറാന്റെ പരമോന്നത നേതാവായ അയത്തൊള്ള അലി ഖമേനിയുടെ പേരില്‍ വന്ന പ്രസ്താവന വളരെ വിചിത്രമാണ്. ഇസ്രയേലിന്റെ ആക്രമണത്തെ പെരുപ്പിച്ച് കാട്ടുകയോ ഇകഴ്ത്തി കാട്ടുകയോ ചെയ്യേണ്ടതില്ലെന്നാണ് ഖമേനി പറയുന്നത്. അതിനിടെ തന്നെ അറിയിച്ചതിന് ശേഷമാണ് ഇസ്രയേല്‍ ഇറാനില്‍ വ്യോമാക്രമണം നടത്തിയതെന്നും സൈനിക കേന്ദ്രങ്ങള്‍ മാത്രമാണ് അവര്‍ ആക്രമിച്ചതെന്നും അമേരിക്കന്‍ പ്രസിഡന്‍ര് ജോബൈഡനും വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന സാറ്റലൈറ്റ് ദൃശ്യങ്ങള്‍ ഇറാന്‍ നിഷേധിച്ചു.

ഇസ്രയേല്‍ നടത്തിയത് അത്ര വലിയ ആക്രമണമല്ല എന്നും നേരിയ തോതിലുള്ള നാശനഷ്ടം മാത്രമാണ് തങ്ങള്‍ക്ക് ഉണ്ടായത് എന്നുമാണ് അവര്‍ വിശദീകരിക്കുന്നത്. ഇസ്രയേലിന് ഇതിന് കനത്ത തിരിച്ചടി നല്‍കുമെന്നും ഇറാന്‍ ആവര്‍ത്തിച്ചു. ഇറാന് സ്വയം പ്രതിരോധിക്കാന്‍ അറിയാമെന്നും ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ യു.എന്‍ രക്ഷാസമിതി അപലപിക്കണമെന്നും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ആവശ്യപ്പെട്ടു.

ഇസ്രയേല്‍, ഇറാന്‍