ധാക്ക: കുടിശ്ശിക വര്‍ധിച്ചതോടെ ബംഗ്ലദേശിനുള്ള വൈദ്യുതി വിതരണം ഭാഗികമായി നിര്‍ത്തി വച്ചതിന് പിന്നാലെ മുന്നറിയിപ്പുമായി അദാനി ഗ്രൂപ്പ്. 7,120 കോടി രൂപയോളം (84.6 കോടി ഡോളര്‍) കുടിശ്ശികയായതോടെയാണ് ഒക്ടോബര്‍ 31 മുതല്‍ ബംഗ്ലദേശിലേക്കുള്ള വൈദ്യുതി വിതരണം ഭാഗികമായി അദാനി പവര്‍ ജാര്‍ഖണ്ഡ് ലിമിറ്റഡ് കമ്പനി നിര്‍ത്തിവച്ചത്. 846 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ കുടിശികയായതോടെയാണ് തീരുമാനം. വ്യാഴാഴ്ച മുതല്‍ അദാനി പ്ലാന്റില്‍ നിന്ന് വൈദ്യുതി എത്താതായതോടെ ബംഗ്ലാദേശില്‍ വൈദ്യുതി ക്ഷാമം രൂക്ഷമാണ്.

അതേ സമയം നവംബര്‍ ഏഴിനകം കുടിശ്ശിക അടച്ചില്ലെങ്കില്‍ വൈദ്യുതി വിതരണം പൂര്‍ണമായി നിര്‍ത്തുമെന്നാണ് മുന്നറിയിപ്പ്. രാജ്യത്ത് 1600 മെഗാവാട്ടിലധികം വൈദ്യുതിയുടെ ദൗര്‍ലഭ്യം നേരിടുന്നുണ്ട്. അദാനി പവര്‍ ജാര്‍ഖണ്ഡ് ലിമിറ്റഡ് 1496 മെഗാവാട്ട് ഉല്‍പ്പാദന ശേഷിയുണ്ടെങ്കിലും സിംഗിള്‍ യൂണിറ്റ് വഴി 700 മെഗാവാട്ട് വൈദ്യുതി മാത്രമാണ് ഉല്‍പ്പാദിപ്പിക്കുന്നതെന്നാണ് വിവരം. ഒക്ടോബര്‍ 30 നകം കുടിശിക തീര്‍ക്കണമെന്ന് ബംഗ്ലാദേശ് പവര്‍ ഡെവലപ്മെന്റ് ബോര്‍ഡിന് അദാനി കമ്പനി കത്തയച്ചിരുന്നെങ്കിലും ഇതില്‍ യാതൊരു നടപടിയും ഉണ്ടായില്ല. വ്യാഴാഴ്ച വരെ ബംഗ്ലാദേശ് സമയം ചോദിച്ചിരുന്നു. എന്നാല്‍ പണം ശരിയാവാത്ത സ്ഥിതിയാണുളളത്. 1016 മെഗാവാട്ട് വൈദ്യുതിയാണ് ബംഗ്ലാദേശിന് ആദാനി നല്‍കികൊണ്ടിരുന്നത്.

1,496 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിച്ചിരുന്ന അദാനി പ്ലാന്റില്‍ ഇപ്പോള്‍ 700 മെഗാവാട്ട് വൈദ്യുതി മാത്രമാണ് ഉല്‍പാദിപ്പിക്കുന്നതെന്ന് ബംഗ്ലദേശ് മാധ്യമം 'ദ് ഡെയ്‌ലി സ്റ്റാര്‍' റിപ്പോര്‍ട്ട് ചെയ്തു. ഒക്ടോബര്‍ 30ന് മുന്‍പ് കുടിശ്ശിക അടയ്ക്കാന്‍ ബംഗ്ലദേശ് പവര്‍ ഡെവലപ്മെന്റ് ബോര്‍ഡിന് നിര്‍ദേശം നല്‍കണമെന്ന് അദാനി ഗ്രൂപ്പ് ബംഗ്ലദേശ് പവര്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് അവഗണിക്കപ്പെട്ടതോടെയാണ് വൈദ്യുതി വിതരണത്തില്‍ കുറവു വരുത്തിയത്.

ഇതോടെയാണ് വെറുതെ തരാന്‍ വൈദ്യുതിയില്ലെന്ന നിലപാട് വ്യക്തമാക്കി അദാനി കമ്പനി വിതരണം വെട്ടിക്കുറച്ചത്. തരാനുള്ള 846 ദശലക്ഷം ഡോളറിന്റെ കാര്യത്തില്‍ ബംഗ്ലാദേശ് യാതൊരു നിലപാടും അറിയിച്ചിട്ടില്ലെന്നും ബംഗ്ലാദേശ് കൃഷി ബാങ്കില്‍ നിന്ന് 170 ദശലക്ഷം ഡോളര്‍ ലഭിക്കുന്നതിന് ക്രെഡിറ്റ് ലെറ്റര്‍ നല്‍കിയില്ലെന്നും അദാനി കമ്പനിക്ക് പരാതിയുണ്ട്.

ജൂലൈ മാസം മുതല്‍ അദാനി ഗ്രൂപ്പ് വൈദ്യുതിക്ക് അധിക നിരക്കാണ് ഈടാക്കുന്നതെന്നും നേരത്തെ ആഴ്ചതോറും 18 ദശലക്ഷം നല്‍കിയ സ്ഥാനത്ത് ജൂലൈ മാസത്തോടെ ആഴ്ചയില്‍ 22 ദശലക്ഷം വീതമാണ് അദാനി ഗ്രൂപ്പ് ഈടാക്കുന്നതെന്നും ബംഗ്ലാദേശിലെ ഊര്‍ജ്ജ മന്ത്രാലയം പ്രതിനിധികളെ ഉദ്ധരിച്ച് വന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു. അധികാരമേറ്റെടുത്തത് മുതല്‍ ഇടക്കാല സര്‍ക്കാരിനെ വൈദ്യുതി കുടിശിക തീര്‍ക്കാന്‍ ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് പ്രതിനിധികള്‍ ബന്ധപ്പെട്ടിരുന്നു. നോബേല്‍ സമ്മാന ജേതാവ് പ്രൊഫ. മുഹമ്മദ് യൂനുസാണ് ബംഗ്ലാദേശില്‍ ഇപ്പോള്‍ ഭരണം നിയന്ത്രിക്കുന്നത്. ഓഗസ്റ്റ് എട്ടിനാണ് അദ്ദേഹം ചുമതലയേറ്റത്.

മുന്‍ കുടിശ്ശികയുടെ ഒരു ഭാഗം തങ്ങള്‍ നേരത്തെ അടച്ചിരുന്നുവെങ്കിലും ജൂലൈ മുതല്‍ കമ്പനി മുന്‍ മാസങ്ങളെ അപേക്ഷിച്ച് കൂടുതല്‍ തുക ഈടാക്കുന്നുണ്ടെന്ന് പിഡിബി ഉദ്യോഗസ്ഥന്‍ പറഞ്ഞു. പിഡിബി പ്രതിവാരം 18 മില്യണ്‍ യുഎസ് ഡോളറാണ് നല്‍കുന്നതെന്നും എന്നാല്‍2 2 മില്യണ്‍ ഡോളറാണ് ഇപ്പോള്‍ ഈടാക്കുന്നതെന്നും അതുകൊണ്ടാണ് കുടിശ്ശിക വര്‍ധിച്ചതെന്നും ഉദ്യോ?ഗസ്ഥന്‍ പറയുന്നു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയ ശേഷം അധികാരമേറ്റത് മുതല്‍ കുടിശ്ശിക നല്‍കണമെന്ന് അദാനി ഇടക്കാല സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.