ഒട്ടാവ: കാനഡയിലെ ബ്രാംപ്ടണില്‍ ഹിന്ദു സഭാ ക്ഷേത്രത്തിലെ ഭക്തര്‍ക്ക് നേരെയുണ്ടായ ഖാലിസ്ഥാന്‍ വാദികളുടെ ആക്രമണത്തില്‍ ആശങ്ക പ്രകടപ്പിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. കാനഡയിലുള്ള ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ആശങ്കയുണ്ടെന്നും ഹൈന്ദവരുടെ സംരക്ഷണത്തിനായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ ആവശ്യപ്പെട്ടു.

ആരാധനാലയങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് കാനഡയോട് ഇന്ത്യ ആവശ്യപ്പെട്ടു. ഭീഷണികളിലൂടെ നയതന്ത്ര ഉദ്യോഗസ്ഥരെ പിന്തിരിപ്പിക്കാനാവില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കാനഡയിലൂടെ പൗരന്മാരുടെ സുരക്ഷയിലും ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. കാനഡയിലെ ബ്രാംപ്ടണില്‍ ഹിന്ദു ക്ഷേത്ര പരിസരത്ത് അതിക്രമിച്ച് കയറിയാണ് ഒരു സംഘം സിഖ് വംശജര്‍ ആക്രമണം നടത്തിയത്.

ഭക്തര്‍ക്കെതിരെയുള്ള ആക്രമണത്തിന് പിന്നാലെ ഖാലിസ്ഥാന്‍ അനുകൂല പോസ്റ്ററുകളും ബാനറുകളും നഗരത്തിന്റെ വിവിധയിടങ്ങളില്‍ പ്രത്യേക്ഷപ്പെട്ടിരുന്നു. ക്ഷേത്ര പരിസരത്തില്‍ ആളുകള്‍ പരസ്പരം ഏറ്റുമുട്ടുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തു. ആക്രമണവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല.

ഖാലിസ്ഥാന്‍ പതാകകളുമായി എത്തിയ സിഖ് വംശജരാണ് ഹിന്ദുമഹാ സഭാ ക്ഷേത്രത്തിന് നേരെ ആക്രമണം നടത്തിയത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉള്‍പ്പെടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ഭക്തര്‍ക്ക് നേരെയുണ്ടായ ആക്രമണം അപലപനീയമാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. ഇത്തരം അക്രമസംഭവങ്ങള്‍ രാജ്യത്ത് അംഗീകരിക്കാനാകില്ലെന്നും ട്രൂഡോ വ്യക്തമാക്കിയിരുന്നു.

കാനഡയിലെ എല്ലാ ഹൈന്ദവ ആരാധനാലയങ്ങളിലും മതിയായ സുരക്ഷ ഉറപ്പാക്കണം. ഇനി ഒരു ആരാധനാലയങ്ങള്‍ക്ക് നേരെയും ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാകില്ലെന്ന് കനേഡിയന്‍ ഗവണ്‍മെന്റ് ഉറപ്പാക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. കാനഡയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സുരക്ഷയില്‍ വലിയ ആശങ്കയുണ്ട്. ആക്രമണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി. ഹിന്ദു മഹാസഭ മന്ദിറിന് മുന്നിലെ ആക്രമണത്തില്‍ കാനഡ കേന്ദ്രമന്ത്രി അനിത ആനന്ദ് ആശങ്ക പ്രകടിപ്പിച്ചു.

ഖലിസ്ഥാന്‍ പതാകകളുമായി എത്തിയ സിഖ് വംശജരാണ് ഹിന്ദുമഹാസഭാ മന്ദിറില്‍ മുന്നില്‍ ഇന്ത്യക്കെതിരെ പ്രതിഷേധം നടത്തിയത്. പ്രതിഷേധക്കാര്‍ അവിടെ ഉണ്ടായിരുന്നവര്‍ക്ക് നേരെ അക്രമം അഴിച്ചുവിടുകയായിരുന്നു. ആക്രമണത്തില്‍ ആശങ്ക ഉണ്ടെന്ന് ട്രൂഡോ സര്‍ക്കാരിലെ കേന്ദ്ര മന്ത്രിയായ അനിത ആനന്ദ് പ്രതികരിച്ചു. ഹിന്ദുക്കള്‍ ഉള്‍പ്പെടെ എല്ലാ മത വിഭാഗങ്ങള്‍ക്കും ആക്രമണങ്ങളില്ലാതെ അവരുടെ മതം ആചരിക്കാന്‍ അവകാശമുണ്ടെന്ന് അനിത ആനന്ദ് എക്സില്‍ കുറിച്ചു.

ഖലിസ്ഥാന്‍ ഭീകരവാദികളുടെ ആക്രമണത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഓന്ററിയോ സിഖ് സംഘടനയും ഗുരുദ്വാര കൗണ്‍സിലും രംഗത്തെത്തി. സമൂഹത്തില്‍ ആക്രമണത്തിന് സ്ഥാനമില്ലെന്നും സംഘടന വ്യക്തമാക്കി. ശക്തമായ നടപടി സ്വീകരിക്കണമെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും ഓന്ററിയോ സിഖ് സംഘടന അധികൃതരോട് ആവശ്യപ്പെട്ടു.

'' ബ്രാംപ്ടണിലെ ഗോര്‍ റോഡില്‍ ഹിന്ദു സഭാ മന്ദിരത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ അപലപിക്കുന്നു. ആക്രമണങ്ങള്‍ക്കും ഭീഷണികള്‍ക്കും സമൂഹത്തില്‍ സ്ഥാനമില്ല. സമാധാനവും ഐക്യവും പരസ്പര ബഹുമാനവുമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.''- ഒഎസ്ജിസിയുടെ പ്രസ്താവനയില്‍ പറയുന്നു.

ആരാധനാലയങ്ങളില്‍ ആക്രമണങ്ങളും ഭീകരാന്തരീക്ഷവും സൃഷ്ടിക്കരുത്. ആരാധനാലയങ്ങള്‍ ആത്മീയതയ്ക്കും സമൂഹ ഐക്യത്തിനുമുള്ള വിശുദ്ധ ഇടങ്ങളായി തുടരണം. സമാധാനം പുനഃസ്ഥാപിക്കുന്നതിനായി പ്രവര്‍ത്തിക്കണം. ക്ഷേത്രത്തിന് പുറത്ത് നടന്ന സംഭവം നമ്മുടെ സമൂഹത്തില്‍ പരസ്പര ധാരണയുടെയും പരസ്പര ബഹുമാനത്തിന്റെയും ആവശ്യകതയെ കുറിച്ചുള്ള വേദനാജനകമായ ഓര്‍മ്മപ്പെടുത്തലാണെന്നും പ്രസ്താവനയില്‍ പറയുന്നു.

എല്ലാ കമ്മ്യൂണിറ്റി അംഗങ്ങളുടെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ ഒഎസ്ജിസി പ്രതിജ്ഞാബദ്ധമാണ്. ക്ഷേത്രത്തിന് പുറത്തുണ്ടായ ആക്രമണം അന്വേഷിക്കാന്‍ അധികൃതര്‍ തയ്യാറാവണം. ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.

ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിന് ശേഷം വഷളായ ഇന്ത്യ-കാനഡ ബന്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഖാലിസ്ഥാന്‍ വാദികളുടെ ആക്രമണം. ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തില്‍ ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. നിജ്ജര്‍ കൊലപാതകത്തിലും കാനഡയെ നിരീക്ഷിക്കുന്നതിലുമടക്കം അമിത് ഷായ്ക്ക് പങ്കുണ്ടെന്ന് സുരക്ഷകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് മുന്‍പില്‍ കനേഡിയന്‍ വിദേശകാര്യ സഹമന്ത്രിയും സുരക്ഷ ഉപദേഷ്ടാവും സ്ഥിരീകരിച്ചതായിരുന്നു ഇന്ത്യയെ ചൊടിപ്പിച്ചത്.

ഇന്ത്യ ഭീകരന്‍ ആയി പ്രഖ്യാപിച്ച ഹര്‍ദീപ് സിങ് നിജ്ജര്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ 18 -നാണ് വെടിയേറ്റ് മരിച്ചത്. കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു. ട്രൂഡോയുടെ ആരോപണം അസംബന്ധം എന്നാണ് ഇന്ത്യ പ്രതികരിച്ചത്. പക്ഷേ ട്രൂഡോയുടെ ഈ ആരോപണം ഇന്ത്യ - കാനഡ ബന്ധത്തെ വഷളാക്കിയിരുന്നു. ഇന്ത്യന്‍ പൗരന്മാരായ കരണ്‍ ബ്രാര്‍, കമല്‍പ്രീത് സിംഗ്, കരണ്‍ പ്രീത് സിംഗ് എന്നിവരെയാണ് ഹര്‍ദീപ് സിംഗ് നിജ്ജര്‍ കൊലപാതക കേസില്‍ കാനഡ പൊലീസ് അറസ്റ്റ് ചെയ്തത്.