ഓട്ടവ: കാനഡയിലെ ബ്രാംപ്ടനിലുള്ള ഹിന്ദുക്ഷേത്ര വളപ്പില്‍ നടന്നത് ആസൂത്രിത ആക്രമണം. തലസ്ഥാനമായ ടൊറന്റോയ്ക്ക് സമീപമാണ് ബ്രാംപ്ടണ്‍ ക്ഷേത്രം. ഹിന്ദുസഭാ മന്ദിറിന്റെ സഹകരണത്തോടെ ഞായറാഴ്ച ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഇവിടെ കോണ്‍സുലര്‍ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് ആക്രമണം. ഈ ക്യാമ്പ് അലങ്കോലപ്പെടുത്തി ഇന്ത്യക്കാരില്‍ ഭീതിയുണ്ടാക്കുകയായിരുന്നു ലക്ഷ്യമെന്ന് വ്യക്തം.

വാന്‍കൂവറിലും സറേയിലും നവംബര്‍ 2, 3 തീയതികളില്‍ നടന്ന ക്യാമ്പുകളും തടസപ്പെടുത്താന്‍ ശ്രമിച്ചു. കോണ്‍സലിന്റെ ജോലികള്‍ തടസപ്പെടുത്തുന്നത് പതിവായിട്ടും നടപടിയില്ലെന്ന് ഇന്ത്യന്‍ മിഷന്‍ പറഞ്ഞു. ഇന്ത്യന്‍ പൗരന്മാര്‍ ഉത്കണ്ഠാകുലരാണ്. അക്രമമുണ്ടായിട്ടും ഞായറാഴ്ച 1000ലധികം ഇന്ത്യന്‍, കനേഡിയന്‍ അപേക്ഷകര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കേഷന്‍ നടത്തി. കോണ്‍സുലര്‍ ഓഫീസര്‍മാരെ ഭീഷണിപ്പെടുത്തിയതും ഉപദ്രവിച്ചതും പൊറുക്കാനാവുന്നതല്ലെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്. അതിനിടെ അതിക്രമങ്ങളില്‍ പങ്കാളിയായ കനേഡിയന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഹരീന്ദര്‍ സോഹിയെ സസ്‌പെന്‍ഡ് ചെയ്തു.

അതിക്രമത്തിന്റെ വിഡിയോയില്‍ ഇയാളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. ഹരീന്ദര്‍ സോഹി ഖലിസ്ഥാന്‍ കൊടിയുമായി നില്‍ക്കുന്നതാണ് വിഡിയോ ദൃശ്യങ്ങളിലുള്ളത്. അക്രമസംഭവങ്ങളില്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ടതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഈ സംഭവം കാനഡയ്ക്ക് തീരാ നാണക്കേടായി മാറിയിട്ടുണ്ട്. ഖലിസ്ഥാന്‍ പതാകയും വടിയുമായി അതിക്രമിച്ചുകയറിയ സംഘം ക്ഷേത്രപരിസരത്തുണ്ടായിരുന്നവരെ മര്‍ദിക്കുകയായിരുന്നു. സ്ത്രീകളെയും കുട്ടികളളെയുമടക്കം ക്രൂരമായി മര്‍ദ്ദിച്ചു. സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായി. ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു. കനേഡിയന്‍ സര്‍ക്കാര്‍ നീതി ഉറപ്പാക്കുകയും നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ആക്രമണത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു. കാനഡയിലെ ഇന്ത്യന്‍ പൗരരുടെ സുരക്ഷയെക്കുറിച്ച് അതീവ ഉത്കണ്ഠയുണ്ടെന്നു വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. എല്ലാ ആരാധനാലയങ്ങളും സംരക്ഷിക്കണമെന്ന് കാനഡയോട് ആവശ്യപ്പെട്ടു. ഇന്ത്യാവിരുദ്ധ ശക്തികള്‍ നടത്തിയ ആക്രമണത്തെ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനും അപലപിച്ചു. ഇന്ത്യക്കാരുടെ സുരക്ഷയില്‍ കടുത്ത ആശങ്കയുണ്ടെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. ആക്രമണത്തിനെതിരെ സമാധാനമായി പ്രതിഷേധിച്ചവരെ കനേഡിയന്‍ പൊലീസ് ലാത്തി ചാര്‍ജ്ജും ചെയ്തു.

ആരാധനാലയങ്ങളുടെ സംരക്ഷണം ട്രൂഡോ ഉറപ്പാക്കണം. അക്രമം നിര്‍ഭാഗ്യകരമെന്നും അംഗീകരിക്കാനാവില്ലെന്നും കനേഡിയന്‍ പ്രതിപക്ഷ നേതാവ് പിയറി പൊയ്ലിവ്റ പറഞ്ഞു. ഭീകരവാദികളുടെ സുരക്ഷിത താവളമായി കാനഡ മാറിയെന്ന് ടൊറന്റോ എം.പി കെവിന്‍ വൂങ് കുറ്റപ്പെടുത്തി. ക്രിസ്ത്യാനികളെയും ജൂതരെയും ഹിന്ദുക്കളെയും സംരക്ഷിക്കുന്നതില്‍ ട്രൂഡോ പരാജയപ്പെട്ടു. ഖാലിസ്ഥാന്‍ അനുകൂലികള്‍ അതിരുവിട്ടെന്ന് പാര്‍ലമെന്റ് അംഗം ചന്ദ്ര ആര്യ ചൂണ്ടിക്കാട്ടി. ഖാലിസ്ഥാന്‍ വാദികള്‍ക്ക് കാനഡയിലെ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക സ്വാധീനമുണ്ട്. ഈ വോട്ടുകള്‍ ലക്ഷ്യമിട്ട് ട്രൂഡോ സര്‍ക്കാര്‍ അവരെ ചേര്‍ത്ത് നിര്‍ത്തുന്നു. ഇതാണ് കാനഡയിലെ പ്രതിസന്ധിയ്ക്ക് കാരണം.