ഒട്ടാവ: ബ്രാംപ്റ്റണില്‍ ഹിന്ദുക്ഷേത്രത്തിന് നേര്‍ക്ക് ആക്രമണം നടത്തിയ ഖലിസ്താന്‍ സംഘങ്ങളുടെ പ്രകടനത്തില്‍ പങ്കെടുത്ത കനേഡിയന്‍ പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തത് പ്രതിഷേധം അതിശക്തമായതിനാല്‍. പീല്‍ റീജിയണല്‍ പോലീസിലെ സെര്‍ജന്റായ ഹരിന്ദര്‍ സോഹിയ്ക്കെതിരായാണ് നടപടി. ഞായറാഴ്ചയാണ് ഖലിസ്താനികള്‍ ക്ഷേത്രത്തിന് നേര്‍ക്ക് ആക്രമണം നടത്തിയത്. 18 കൊല്ലമായി പോലീസ് സേനയില്‍ ജോലി ചെയ്യുകയാണ് ഹരിന്ദര്‍. ഖലിസ്താന്‍ പതാകയുമായെത്തിയ പ്രക്ഷോഭകാരികള്‍ ഞായറാഴ്ചയാണ് ബ്രാംറ്റണിലെ ക്ഷേത്രത്തില്‍ കൈയാങ്കളി നടത്തിയത്. കൈയും വടിയുമുപയോഗിച്ച് ആളുകള്‍ ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ക്ഷേത്രത്തിന് പുറത്ത് സംഘടിപ്പിച്ച പ്രതിഷേധത്തില്‍ ഹരിന്ദര്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയിരുന്നു. ഖലിസ്താന്‍ കൊടിയുമായി ഹരിന്ദര്‍ നീങ്ങുന്നത് വീഡിയോകളില്‍ വ്യക്തമാണ്. പ്രകടനത്തില്‍ പങ്കെടുക്കുന്ന മറ്റുള്ളവര്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതും കേള്‍ക്കാം. സസ്പെന്‍ഷന് പിന്നാലെ ഹരിന്ദറിന് വധഭീഷണി ലഭിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. സുരക്ഷയൊരുക്കാന്‍ ചുമതലപ്പെട്ട പോലീസുകാരന്‍ തന്നെ അക്രമം നടത്തിയത് കാനഡയ്ക്കും നാണക്കേടായി. ഇന്ത്യന്‍ നയതന്ത്രകാര്യാലയം ഹിന്ദുസഭാക്ഷേത്രത്തില്‍ നടത്തുന്ന പരിപാടി ഇക്കാരണത്താല്‍ തടസ്സപ്പെട്ടു. ഇത് ഇന്ത്യ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാക്കിയിട്ടുണ്ട്.

ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ വിരട്ടാനുള്ള കാനഡയുടെ ഭീരുത്വംനിറഞ്ഞ ശ്രമങ്ങള്‍ ഞെട്ടിക്കുന്നതാണെന്നും ഇത്തരം പ്രവൃത്തികള്‍ ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യത്തെ ദുര്‍ബലമാക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി 'എക്‌സി'ല്‍ കുറിച്ചു. കനേഡിയന്‍സര്‍ക്കാര്‍ നീതിയുറപ്പാക്കുമെന്നും നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കുമെന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഖലിസ്താന്‍ വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജറുടെ വധവുമായി ഇന്ത്യയെ കാനഡ ബന്ധപ്പെടുത്തിയശേഷം പ്രധാനമന്ത്രി നടത്തുന്ന ആദ്യ പ്രസ്താവനയാണിത്. അതിനിടെ ആക്രമണം അംഗീകരിക്കാനാകില്ലെന്നും കാനഡയിലെ എല്ലാ പൗരര്‍ക്കും സുരക്ഷിതമായി വിശ്വാസമാചരിക്കാനുള്ള അവകാശമുണ്ടെന്നും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.

കാനഡയിലെ ഹിന്ദുക്കള്‍ക്കും ക്ഷേത്രങ്ങള്‍ക്കുമെതിരെ തുടരുന്ന ആക്രമണങ്ങളില്‍ പ്രതിഷേധം വ്യാപകമാകുന്നുണ്ട്. കാനഡയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും കഴിഞ്ഞ ദിവസത്തെ അക്രമത്തെ അപലപിച്ച് രംഗത്തെത്തി. രാജ്യത്തെ സമാധാന അന്തരീക്ഷം തകര്‍ന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിയര്‍ പോളിയെവ് പറഞ്ഞു. ഖാലിസ്ഥാന്‍ ഭീകരരുടെ സുരക്ഷിത തുറമുഖമായി കാനഡ മാറുകയാണെന്ന് കനേഡിയന്‍ ടൊറോന്റോ എംപി കെവിന്‍ വോങ് പറഞ്ഞു. ഹിന്ദുക്കളെയും ക്രിസ്ത്യാനികള്‍, ജൂതന്മാര്‍ എന്നിവരെയും സംരക്ഷിക്കുന്നതില്‍ ട്രൂഡോ ഭരണകൂടം പരാജയപ്പെട്ടു. സമാധാനത്തിനായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ കാനഡക്കാര്‍ക്കും സ്വതന്ത്രമായി അവരവരുടെ വിശ്വാസം പുലര്‍ത്തുന്നതിനും ആരാധന നടത്തുന്നതിനും സ്വാതന്ത്ര്യമുണ്ടെന്ന് ഹിന്ദുമഹാസഭാ മന്ദിര്‍ ഭാരവാഹികള്‍ പറഞ്ഞു. അതേസമയം പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചു. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ മാനിക്കുന്നതായും അക്രമത്തെ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും കനേഡിയന്‍ പോലീസ് വ്യക്തമാക്കി. അതിനിടെ ഇന്നലെ പ്രതിഷേധവുമായി രംഗത്തെത്തിയ ഭക്തര്‍ക്ക് നേരെ പോലീസ് അതിക്രമമുണ്ടായി. ഇന്ത്യന്‍ പതാകയുമായി എത്തിയ പ്രതിഷേധക്കാരെ പോലീസ് ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്.