- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എവിടെ പോയാലും നിഴല്‍പോലെ കൂടെ നടക്കുന്നു; താന്‍ എത്ര പറഞ്ഞിട്ടും വീട്ടില്‍ പോകുന്നില്ലെന്ന് ട്രംപ്; ഇലോണ്‍ മസ്‌ക്കിനെ പരസ്യമായി കളിയാക്കി ഡൊണാള്‍ഡ് ട്രംപ്; നിയമം മാറ്റി മൂന്നാം തവണയും പ്രസിഡണ്ട് ആവാന്‍ ട്രംപ് ശ്രമിക്കുമെന്ന് ഭയന്ന് എതിരാളികള്‍; അമേരിക്കയില്‍ 'ട്രംപിസം' ചര്‍ച്ചകള്‍ പലവഴിക്ക്
വാഷിങ്ടണ്‍: ടെസ്ല ഉടമയും ലോകകോടീശ്വരനുമായ ഇലോണ്‍ മസ്‌ക്ക് ഇപ്പോള്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉറ്റതോഴനായി മാറിക്കഴിഞ്ഞിരിക്കുകയാണ്. ട്രംപ് ഇപ്പോള്‍ എവിടെ പോയാലും നിഴല്‍ പോലെ മസ്‌ക്കും ഉണ്ടാകും എന്നതാണ് അവസ്ഥ. കഴിഞ്ഞ ദിവസം നടന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഒരു പരിപാടിയില്‍ ട്രംപിനൊപ്പം മസ്‌ക്കും പങ്കെടുത്തിരുന്നു. അതിനിടയിലാണ് ട്രംപ് മസ്‌ക്കിനെ കുറിച്ച് ഒരു തമാശ പൊട്ടിച്ചത്.
എവിടെ പോയാലും മസ്‌ക്ക് നിഴല്‍ പോലെ കൂടെ നടക്കുന്നു എന്നും എത്ര പറഞ്ഞിട്ടും വീട്ടില്‍ പോകുന്നില്ലെന്നുമാണ് ട്രംപ് പറഞ്ഞത്. വേദിയുടെ മുന്‍നിരയില്‍ മധ്യഭാഗത്തായിട്ടാണ് ഇലോണ്‍ മസ്‌ക് ഇരുന്നിരുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത് മുതല്‍ തന്നെ മസ്‌ക്ക് ട്രംപിന്റെ കൂടെ കൂടിയതാണ്. ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോടികളാണ് മസ്‌ക്ക് സ്വന്തം കൈയ്യില്‍ നിന്ന് ചെലവാക്കിയത്. ഇലോണ്‍ മസ്‌ക്കിനെ താന്‍ ഇഷ്ടപ്പെടാത്ത ദിവസം വരെ കൂടെ കൊണ്ട് നടക്കേണ്ട സ്ഥിതിയാണ് എന്നാണ് ട്രംപ് കൂട്ടച്ചിരികള്‍ക്കിടയില്‍ വ്യക്തമാക്കിയത്.
ട്രംപിന്റെ വാക്കുകളെ കൈയ്യടികളോടെയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ സ്വീകരിച്ചത്. ഇലോണ്‍ മസ്‌ക്ക് മഹാനാണ് എന്നും ട്രംപ് പ്രസംഗത്തിനിടയില്‍ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ ട്രംപിന്റെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു മസ്‌ക് ട്രംപ് ഗോള്‍ഫ് കളിക്കുന്ന സ്ഥലത്ത് പോലും അദ്ദേഹം ഉണ്ടായിരുന്നു. മസ്‌ക്കിനെ ട്രംപിന്റെ പേരക്കുട്ടി സമൂഹമാധ്യമങ്ങളില്‍ അങ്കിള്‍ എന്ന് വിശേഷിപ്പിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. ഇന്നലെ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോബൈഡനെ കാണാനായി ട്രംപ് വൈറ്റ്ഹൗസിലേക്ക് പുറപ്പെടുമ്പോഴും വിമാനത്തില്‍ മസ്‌ക്കും കൂടെയുണ്ടായിരുന്നു.
കഴിഞ്ഞ ദിവസമാണ് ട്രംപ് വിവേക് രാമസ്വാമിക്ക് ഒപ്പം ഇലോണ്‍മസ്‌ക്കിനേയും ഉള്‍പ്പെടുത്തി സര്‍ക്കാരിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി പ്രത്യേക സമിതിയും രൂപീകരിച്ചത്. ബ്യൂറോക്രസിയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനായി വന്‍ അഴിച്ചുപണികള്‍ നടത്താന്‍ ട്രംപ് ഇരുവര്‍ക്കും പ്രത്യേക നിര്‍ദ്ദേശം നല്‍കിയതായും സൂചനയുണ്ട്. എന്നാല്‍ അമേരിക്കയിലെ പല മാധ്യമങ്ങളും ഈ നിയമനത്തിന് എതിരെ വന്‍ വിമര്‍ശനമാണ് നടത്തുന്നത്. സ്വന്തം സ്ഥാപനത്തില്‍ പല മണ്ടന്‍ പരിഷ്‌ക്കാരങ്ങളും ഏര്‍പ്പെടുത്തിയ മസ്‌ക്കിന് എങ്ങനെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അഴിച്ചു പണിയാന്‍ സാധിക്കും എന്നാണ് അവര്‍ ചോദിക്കുന്നത്.
അതിനിടെ ഇന്നലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ പുതിയ ജനപ്രതിനിധികളെ അഭിസംബോധന ചെയ്യുന്നതിനിടെ താന്‍ മൂന്നാമതും അമേരിക്കന്‍ പ്രസിഡന്റാകും എന്ന് തമാശയായി പറഞ്ഞത് അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികള്‍ പലരും ഗൗരവമായിട്ടാണ് കണക്കാക്കിയിരിക്കുന്നത്. അമേരിക്കയില്‍ ഒരാള്‍ക്ക് രണ്ട് തവണ മാത്രമേ പ്രസിഡന്റാകാന്‍ കഴിയൂ എന്ന നിയമം ട്രംപ് ഭേദഗതി ചെയ്യുമോ എന്നാണ് അവര്‍ സംശയിക്കുന്നത്. എന്നാല്‍ സഭയില്‍ ഭൂരിപക്ഷം ഇല്ലെങ്കിലും ട്രംപ് ഇത്തരമൊരു നീക്കം നടത്തിയാല്‍ നേരിടാനാണ് ഡെമോക്രാറ്റുകളുടെ നീക്കം.