മോസ്‌കോ: യുക്രെയ്നുമായുള്ള സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെ ആണവ നയത്തിലെ പരിഷ്‌കാരങ്ങള്‍ക്ക് അംഗീകാരം നല്‍കി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍. യുഎസ് അടക്കം യുക്രെയ്‌നെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ക്ക് വ്യക്തമായ സന്ദേശം നല്‍കുന്നതാണ് പുതിയ നയം, റഷ്യയ്ക്ക് ആണവായുധങ്ങള്‍ ഉപയോഗിക്കാന്‍ കൂടുതല്‍ 'സ്വാതന്ത്ര്യം' നല്‍കുന്നതാണ് ആണവ നയം. ആണവായുധ ശേഷിയുള്ള രാജ്യങ്ങളുടെ പിന്തുണയോടെ റഷ്യയ്ക്കെതിരേ നടത്തുന്ന ഏതൊരു ആക്രമണത്തെയും സംയുക്ത ആക്രമണം ആയാണ് കണക്കാക്കുകയെന്ന് നയത്തില്‍ വ്യക്തമാക്കുന്നു.

യു.എസ്. നിര്‍മിത മിസൈലുകളുപയോഗിച്ച് റഷ്യക്കുള്ളില്‍ ആക്രമണം നടത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ യുക്രൈന് അനുമതി നല്‍കിയതിനുപിന്നാലെയാണ് പുതിന്‍ നയപരിഷ്‌കരണത്തിന് അംഗീകാരം നല്‍കിയത്. അങ്ങേയറ്റം കഠിനമായ സാഹചര്യങ്ങളില്‍മാത്രം ഉപയോഗിക്കേണ്ട, പ്രതിരോധത്തിനുള്ള അവസാനമാര്‍ഗമായി മാത്രമാണ് റഷ്യ ആണവായുധങ്ങളെ കണ്ടിരുന്നതെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. റഷ്യക്കെതിരായ ആക്രമണങ്ങളെ ആണവായുധങ്ങളുപയോഗിച്ച് മറുപടി നല്‍കുന്നതിന് പുതുക്കിയ നയം രാജ്യത്തെ അനുവദിക്കുന്നു. ഇതോടെ, വ്യോമാക്രമണം ഉള്‍പ്പെടെ ഏത് ആക്രമണത്തിനും പ്രതികാരമായി റഷ്യക്ക് ആണവായുധങ്ങളെ ഉപയോഗിക്കാനാകും. പാശ്ചാത്യ രാജ്യങ്ങളെ സംബന്ധിച്ച് ഏറെ ആശങ്കാജനകമാണ് നിലവിലെ നയം.

യുക്രൈനില്‍ നിന്ന് വ്യോമാക്രമണം കടുത്തതോടെ ആണവായുധങ്ങള്‍ ഉപയോഗിച്ച് മറുപടി നല്‍കുമെന്ന് പുതിന്‍ മുന്നറിയിപ്പ് നല്‍കി ഒരു മാസത്തിനുശേഷമാണ് ഇപ്പോള്‍ നയം പുതുക്കുന്നത്. യു.കെ. നല്‍കിയ ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് റഷ്യയുടെ ഉള്‍മേഖലകളിലേക്കു പോലും യുക്രൈന്‍ ആക്രമണം നടത്തുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു അന്നത്തെ മുന്നറിയിപ്പ്.

രാജ്യത്തിന്റെ തത്ത്വങ്ങള്‍ നിലവിലെ സാഹചര്യത്തിന് അനുസൃതമായി കൊണ്ടുവരേണ്ടത് ആവശ്യമാണെന്ന് റഷ്യയുടെ ആണവ നയത്തിലെ മാറ്റങ്ങളെ കുറിച്ച് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. ബാഹ്യ ആക്രമണമുണ്ടായാല്‍ പ്രതികാരമായി ആണവായുധങ്ങളുടെ ഉപയോഗം വിപുലീകരിക്കാന്‍ പുതുക്കിയ നയം റഷ്യയെ അനുവദിക്കുന്നു.

ഡ്രോണ്‍ ആക്രമണങ്ങള്‍ ഉള്‍പ്പെടെ റഷ്യയ്ക്കെതിരായ ഏതു സുപ്രധാനമായ ആക്രമണത്തിനും പ്രതികാരമായി ആണവായുധങ്ങള്‍ ഉപയോഗിക്കാന്‍ പുട്ടിന്‍ പുതുതായി ഒപ്പിട്ട ഉത്തരവ് അനുവദിക്കുന്നു. ഒരു ആണവ രാഷ്ട്രത്തിന്റെ പങ്കാളിത്തത്തോടെ ആണവ ഇതര രാഷ്ട്രം നടത്തുന്ന ആക്രമണം സംയുക്ത ആക്രമണമായി കണക്കാക്കപ്പെടുന്നുവെന്ന് യുക്രെയ്‌നിനും അതിന്റെ പാശ്ചാത്യ പിന്തുണക്കാര്‍ക്കും ഉള്ള മറുപടിയായി റഷ്യ പറഞ്ഞു.

സഖ്യരാജ്യങ്ങളില്‍ നിന്നുള്ള ഭീഷണിയുടെ വെളിച്ചത്തില്‍ നയം പരിഷ്‌കരിക്കുന്നതിനെ കുറിച്ചുള്ള പുടിന്റെ പരാമര്‍ശങ്ങള്‍ക്ക് ഒരു മാസത്തിനു ശേഷമാണ് ഈ നയ പരിഷ്‌കരണ നീക്കം. നൂതന പാശ്ചാത്യ ആയുധങ്ങള്‍ ഉപയോഗിച്ച് റഷ്യന്‍ പ്രദേശത്തിനുള്ളില്‍ ആഴത്തില്‍ ആക്രമണം നടത്താന്‍ യുക്രെയ്‌നെ അനുവദിക്കുന്നത് പിരിമുറുക്കം വര്‍ധിപ്പിക്കുമെന്നും റഷ്യയുമായി നേരിട്ടുള്ള പോരാട്ടത്തിലേക്ക് നയിക്കുമെന്നുമായിരുന്നു പുട്ടിന്റെ മുന്നറിയിപ്പ്.