- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുദ്ധം അവസാനിച്ചു കഴിഞ്ഞാല്‍ ഹമാസ് ഇനി ഒരിക്കലും ഗാസ ഭരിക്കില്ല; ഗാസാ മുനമ്പിലെ അപ്രതീക്ഷിത സന്ദര്‍ശനത്തിലൂടെ നെതന്യാഹു നല്‍കുന്നത് ഇസ്രയേലിന് ആരേയും ഭയമില്ലെന്ന സന്ദേശം; ബന്ദികളെ കണ്ടെത്തുന്നവര്‍ക്ക് 50 ലക്ഷം ഡോളര്‍ സമ്മാനം; ഇസ്രയേല്‍ പ്രധാനമന്ത്രി രണ്ടും കല്‍പ്പിച്ച്
ജെറുസലേം: ഗാസ മുനമ്പില്‍ ഇന്നലെ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു. യുദ്ധം അവസാനിച്ചു കഴിഞ്ഞാല്‍ ഹമാസ് ഇനി ഒരിക്കലും ഗാസ ഭരിക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഹമാസ് തീവ്രവാദികളെ പൂര്‍ണമായും ഇല്ലായ്മ ചെയ്യുന്നത് വരെ പോരാട്ടം തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മേഖലയിലെ ഇസ്രയേല്‍ സൈനിക ക്യാമ്പുകള്‍ അദ്ദേഹം സന്ദര്‍ശിച്ചു. തീവ്രവാദികള്‍ ബന്ദികലാക്കിയിട്ടുള്ള ഇസ്രയേല്‍ പൗരന്‍മാരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് വന്‍ പാരിതോഷികവും നെതന്യാഹു പ്രഖ്യാപിച്ചു.
ഓരോ ബന്ദിയേയും കണ്ടെത്തുന്നവര്‍ക്ക് 50 ലക്ഷം ഡോളര്‍ വീതമാണ് നല്‍കുക എന്നാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം. ബന്ദികളുടെ മോചനത്തിനായി എത്ര കോടി രൂപ വേണെമങ്കിലും ചെലവാക്കുമെന്ന് നേരത്തേയും നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. വടക്കന്‍ ഗാസ മേഖലയില്‍ ഹമാസിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നു എന്ന വാര്‍ത്തകളുടെ കൂടി പശ്ചാത്തലത്തിലാണ് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഈ സന്ദര്‍ശനം എന്നാണ് പൊതുവേ കരുതപ്പെടുന്നത്.
അതേ സമയം ഒരു വര്‍ഷത്തിലധികമായി ഹമാസ് തടവില്‍ കഴിയുന്ന ഇസ്രയേല്‍ ബന്ദികളുടെ മോചനം സംബന്ധിച്ച് ഇനിയും തീരുമാനങ്ങള്‍ ഒന്നും ആയിട്ടില്ല എന്ന പ്രശ്നവും ബാക്കി നില്‍ക്കുകയാണ്. ഗാസയില്‍ ഹമാസിനെ നേരിടുന്ന കാര്യത്തില്‍ ഇസ്രയേല്‍ സൈന്യം മികച്ച പ്രവര്‍ത്തനമാണ് കാഴ്ച വെച്ചതെന്ന് പിന്നീട് പുറത്ത് വിട്ട വീഡിയോ സന്ദേശത്തില്‍ നെതന്യാഹു പറഞ്ഞു.ഹമാസിന്റെ സൈനിക ശക്തിയെ പൂര്‍ണമായും ഇല്ലാതാക്കുന്നതില്‍ ഇസ്രയേല്‍ സൈന്യം വന്‍ വിജയമാണ് നേടിയിരിക്കുന്നതെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഹമാസ് ഇനി ഗാസയില്‍ ഭരിക്കുകയില്ല എന്നത് മാത്രമല്ല അവരുടെ ബാക്കി പോലും ഇനി ഗാസയില്‍ അവശേഷിക്കില്ല എന്നും നെതന്യാഹു ചൂണ്ടിക്കാട്ടി. ഹമാസ് പിടികൂടിയ ബന്ദികളെ കണ്ടെത്താനുള്ള ശക്തമായ നീക്കമാണ് ഇസ്രയേല്‍ ഇപ്പോള്‍ നടത്തുന്നതെന്നും അതില്‍ വിജയിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേല്‍ പൗരന്‍മാരെ ബന്ദികളാക്കി അവരെ ഉപദ്രവിക്കുന്നത് ആരായാലും അവരെ തങ്ങള്‍ നോക്കിവെയ്ക്കുമെന്നും കൃത്യമായി പിടികൂടുമെന്നും നെതന്യാഹു പറഞ്ഞു.
ഇസ്രയേല്‍ സൈന്യം ഇപ്പോള്‍ സാന്നിധ്യം ശക്തമാക്കിയിട്ടുള്ള നത്സരിം ഇടനാഴി അദ്ദേഹം സന്ദര്‍ശിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഹമാസ് ഭീകരര്‍ ഇസ്രയേലിലേക്ക് അതിക്രമിച്ച് കയറി 251 പേരെയാണ് തട്ടിക്കൊണ്ട് പോയത്. അവരില്‍ 97 പേര്‍ മാത്രമാണ് ഇപ്പോള്‍ ജീവിച്ചിരിപ്പുള്ളത് എന്നാണ് കരുതപ്പെടുന്നത്. ബന്ദികളുടെ മോചനം സംബന്ധിച്ച് പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സുമായും നെതന്യാഹു ഞായറാഴ്ച ചര്‍ച്ച നടത്തിയിരുന്നു.