- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രംപ് പേടിയില്‍ സമനില തെറ്റി യുക്രേനിയന്‍ പ്രസിഡണ്ട്; നാറ്റോയില്‍ ചേര്‍ത്താല്‍ റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങള്‍ വിട്ട് നല്‍കാമെന്ന് വാഗ്ദാനം; ട്രംപ് ചുമതല ഏറ്റാല്‍ യുദ്ധത്തില്‍ തോല്‍ക്കുമെന്നറിഞ്ഞ് വിട്ടുവീഴ്ച്ചക്കൊരുങ്ങി സെലന്‍സ്‌കി
കീവ്: ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ റഷ്യയുമായി രണ്ട് വര്‍ഷത്തിലധികമായി തുടരുന്ന യുദ്ധത്തില്‍ തിരിച്ചടിയുണ്ടാകും എന്ന ഭയപ്പാടില്‍ യുക്രൈന്‍ പ്രസിഡന്റ് വ്ളാഡീമിര്‍ സെലന്‍സ്‌ക്കി. പുട്ടിനുമായി ട്രംപിന് മികച്ച ബന്ധമാണ് ഉള്ളതെന്നും ഇത് ട്രംപ്് വൈറ്റ്ഹൗസില്‍ എത്തുന്നതോടെ സ്ഥിതിഗതികള്‍ പുട്ടിന് അനുകൂലമായി മാറും എന്നും സെലന്‍സ്‌ക്കിക്ക് അറിയാം. അത് കൊണ്ട് തന്നെ യുദ്ധം അവസാനിപ്പിക്കാന്‍ പുതിയൊരു വ്യവസ്ഥയുമായി ഇപ്പോള്‍ അദ്ദേഹം രംഗത്ത് എത്തിയിരിക്കുകയാണ്.
നാറ്റോ സഖ്യത്തില്‍ യുക്രൈനേയും ചേര്‍ത്താല്‍ ഒത്തുതീര്‍പ്പിന് തയ്യാറാണെന്നാണ് സെലന്‍സ്‌ക്കി മുന്നോട്ട് വെച്ചിരിക്കുന്ന നിര്‍ദ്ദേശം. സ്‌ക്കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ അഭിപ്രായപ്രകടനം നടത്തിയത്. നാറ്റോയില്‍ യുക്രൈനെ ചേര്‍ത്താല്‍ റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങള്‍ വിട്ടു നല്‍കാമെന്നും സെലന്‍സ്‌ക്കി പറഞ്ഞു. ഇക്കാര്യം എത്രയും വേഗം നടപ്പിലാക്കണമെന്നും സെലന്‍സ്‌കി ആവശ്യപ്പെട്ടു. യുക്രൈനില്‍ നിന്ന് കഴിഞ്ഞ വര്‍ഷം പിടിച്ചെടുത്തത്തിന്റെ ആറിരട്ടി പ്രദേശങ്ങളാണ് റഷ്യ ഈ വര്‍ഷം മാത്രം പിടിച്ചെടുത്തത്.
അത് കൊണ്ട് തന്നെ കിഴക്കന്‍ മേഖലയിലെ തന്ത്രപ്രധാനമായ സ്ഥലങ്ങള്‍ സംരക്ഷിക്കുന്നതിനായി ആയിരക്കണക്കിന് സൈനികരെയാണ് യുക്രൈന് നിയോഗിക്കേണ്ടി വന്നത്. യുക്രൈന്‍ കൈവശമുള്ള ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തുന്ന സാഹചര്യത്തില്‍ റഷ്യയില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. പ്രാഥമിക റിപ്പോര്‍ട്ട് അനുസരിച്ച് തന്നെ രണ്ടായിരത്തോളം പേര്‍ക്കാണ് ആക്രമണങ്ങല്‍ പരിക്കേറ്റത്. നാറ്റോ സഖ്യത്തിലെ പ്രമുഖര്‍ പലരും യുക്രൈനും നാറ്റോയില്‍ അംഗമാകും എന്ന് പറയുന്നുണ്ട് എങ്കിലും അക്കാര്യത്തില്‍ ഇനിയും വ്യക്തമായ ധാരണയായിട്ടില്ല എന്നാണ് കരുതപ്പെടുന്നത്.
നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ടും കഴിഞ്ഞ മാസം ഇക്കാര്യത്തില്‍ ചില സൂചനകള്‍ നല്‍കിയിരുന്നു. നാറ്റോ സഖ്യത്തില്‍ അംഗമായാല്‍ റഷ്യയെ യുദ്ധത്തില്‍ പരാജയപ്പെടുത്തുന്ന കാര്യം തനിക്ക്് കൂടുതല്‍ എളുപ്പമാകുമെന്ന് സെലന്‍സ്‌ക്കി പല തവണ സൂചിപ്പിച്ചിരുന്നു. സെലന്‍സ്‌ക്കി ഇക്കാര്യം യുക്രൈന്‍ പാര്‍ലമെന്റിലും ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജ.ിച്ചതിന് തൊട്ടു പിന്നാലെ സെലന്‍സ്‌ക്കി അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചിരുന്നു.
അതേ സമയം റഷ്യ ഇപ്പോള്‍ കൈവശപ്പെടുത്തിയ പ്രദേശങ്ങള്‍ അവര്‍ക്ക് ഔദ്യോഗികമായി വിട്ടുനല്‍കാന്‍ യുക്രൈന്‍ സമ്മതിച്ചാല്‍ മാത്രമേ ഒത്തുതീര്‍പ്പിന് തയ്യാറാകൂ എന്നാണ് പുട്ടിന്റെ നിലപാട്. ഇത് സമാധാന ശ്രമങ്ങളെ പ്രതികൂലമായി ബാധിച്ചേക്കും.