സോള്‍: ദക്ഷിണ കൊറിയയില്‍ സൈനിക അടിന്തരാവസ്ഥ ഏര്‍പ്പെടുത്തിയ തീരുമാനം പിന്‍വലിച്ച് പ്രസിഡന്റ് യൂന്‍ സുഖ് യോള്‍. പട്ടാള നിയമത്തിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് തീരുമാനം. അടിയന്തര പട്ടാള നിയമത്തിനെ എതിര്‍ത്ത് പാര്‍ലമെന്റും ഒന്നടങ്കം വോട്ട് ചെയ്തതോടെയാണ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം യൂന്‍ സുഖ് യോള്‍ തീരുമാനം പിന്‍വലിച്ചത്.

ദക്ഷിണ കൊറിയയില്‍ ഇന്നലെ രാത്രിയാണ് സൈനിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ദേശവിരുദ്ധശക്തികളെ ഇല്ലാതാക്കണമെന്നും ഉത്തരകൊറിയയിലെ കമ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും രാജ്യത്തെ സംരക്ഷിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കിയാണ് പ്രസിഡന്റ് ജനങ്ങളെ അഭിസംബോധന ചെയ്ത് പട്ടാള നിയമം ഏര്‍പ്പെടുത്തുന്നതായി പ്രഖ്യാപിച്ചത്.

പ്രതിഷേധത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച് 6 മണിക്കൂറിനുള്ളിലാണ് പട്ടാള നിയമം പിന്‍വലിച്ച് ഉത്തരവിറക്കിയത്. അതേസമയം പട്ടാളനിയമം പ്രഖ്യാപിച്ചതിന് പിന്നാലെ രാത്രി സൈന്യം പാര്‍ലമെന്റ് വളഞ്ഞിരുന്നു. തീരുമാനത്തിനെതിരെ പാര്‍ലമെന്റിന് പുറത്തും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. യൂന്‍ സുഖ് യോളിന്റെ തീരുമാനത്തിനെതിരെ വിദ്യാര്‍ഥികളടക്കം പ്രതിഷേധവുമായി തെരുവിലിറങ്ങി. ഭരണപക്ഷമായ പീപ്പിള്‍സ് പവര്‍ പാര്‍ട്ടിയിലെ നേതാക്കളും തീരുമാനം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

പിന്നീട് ഉണ്ടായ വന്‍ രാഷ്ട്രീയ നാടകങ്ങള്‍ക്കിടെ സൈനിക ഭരണത്തെം തള്ളിക്കളഞ്ഞ് പാര്‍ലമെന്റ് അംഗങ്ങള്‍ വോട്ട് ചെയ്തു. പ്രതിഷേധം ശക്തമായതോടെയാണ് പട്ടാളനിയമം പിന്‍വലിച്ചത്. വിവിധ മേഖലകളില്‍ വിന്യസിച്ച സൈനികരെ സര്‍ക്കാര്‍ പിന്‍വലിച്ചെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം സൈനിക നിയമം പിന്‍വലിച്ച് ഔദ്യോഗിക അറിയിപ്പ്് പുറത്തിറക്കുമെന്നും യൂന്‍ സുഖ് യോള്‍ വ്യക്തമാക്കി. തുടര്‍ന്ന് പട്ടാള നിയമം പിന്‍വലിച്ച് ഉത്തരവിറക്കുകയായിരുന്നു.

ഇന്നലെ രാത്രി ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തില്‍ നാണംകെട്ട ഉത്തര കൊറിയന്‍ അനുകൂല രാഷ്ട്ര വിരുദ്ധ ശക്തികളെ ഉന്മൂലനം ചെയ്യുമെന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് പ്രസിഡന്റ് യൂന്‍ സുഖ് യോള്‍ രാജ്യത്ത് സൈനിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പ്രതിപക്ഷം ഉത്തര കൊറിയയോട് ആഭിമുഖ്യം പുലര്‍ത്തിയെന്നായിരുന്നു പറഞ്ഞത്. സമാന്തര സര്‍ക്കാര്‍ ഉണ്ടാക്കി പ്രതിപക്ഷം ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും ഇതിനായി രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നുവെന്നും ഇതിനെ നേരിടുന്നതിനായി പട്ടാള ഭരണം നടപ്പാക്കണമെന്നുമായിരുന്നു യൂന്‍ സുഖ് യോളിന്റെ വാദം.

1980ന് ശേഷം ഇതാദ്യമായാണ് ദക്ഷിണ കൊറിയയില്‍ സൈനിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അടുത്ത വര്‍ഷത്തെ ബജറ്റ് ബില്ലിനെ ചൊല്ലി യൂന്‍സിന്റെ പീപ്പിള്‍സ് പവര്‍ പാര്‍ട്ടിയും മുഖ്യ പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടിയും വാഗ്വാദം നടക്കുന്നതിനിടെയായിരുന്നു എല്ലാവരേയും ഞെട്ടിച്ച് കൊണ്ട്

യൂന്‍ സുഖ് യോള്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയതായി പ്രഖ്യാപിച്ചത്. തുടര്‍ന്ന് രാജ്യത്ത് മാധ്യമങ്ങള്‍ക്ക് സെന്‍ഷര്‍ഷിപ്പ് ഏര്‍പ്പെടുത്തിയതായും രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതായും അറിയിച്ചിരുന്നു.

അടിയന്തരാവസ്ഥ പിന്‍വലിച്ച തീരുമാനം പുറത്ത് വന്നതിനെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ പാര്‍ലമെന്റിന് പുറത്ത് ആഹ്ലാദ പ്രകടനം നടത്തി. യൂനിനെ ഇംപീച്ച് ചെയ്യാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ യോജിച്ച പ്രക്ഷോഭം ആരംഭിക്കുമെന്നും സൂചനയുണ്ട്. സ്വന്തം പാര്‍ട്ടിയില്‍ നിന്നും കൂടി എതിര്‍പ്പ് ഉയര്‍ന്നത് യൂനിന് തിരിച്ചടിയായി മാറിയിരുന്നു.