ദമാസ്‌കസ്: ദമാസ്‌കസ് വിമതര്‍ കയ്യടക്കിയതോടെ സിറിയയില്‍ ആഘോഷവും ആഹ്ലാദവും. ഏകാധിപത്യ ഭരണം തീര്‍ന്നെന്ന ആഘോഷമാണ് എങ്ങും. പ്രസിഡന്റ് ബഷര്‍ അല്‍ അസദിന്റെ വിമാനം അപ്രത്യക്ഷമായി എന്ന് റിപ്പോര്‍ട്ടുണ്ട്. വെടിവച്ചിട്ടുവെന്നാണ് അഭ്യൂഹം. ഇത് സിറിയ സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ പ്രസിഡന്റിന്റെ കൊട്ടാരം പ്രതിപക്ഷ പാര്‍ട്ടിപ്രവര്‍ത്തകരും വിമതരും ചേര്‍ന്ന് തൂത്തുവാരി. ദശാബ്ദങ്ങള്‍ നീണ്ട അല്‍-അസദ് കുടുംബവാഴ്ചയ്ക്ക് അന്ത്യം കുറിച്ചതിന്റെ ആഹ്‌ളാദം പ്രസിഡന്റിന്റെ വസതി കൊള്ളയടിച്ചും നഗരത്തില്‍ പടക്കം പൊട്ടിച്ചുമാണ് വിമതര്‍ ആഘോഷിച്ചത്.

പ്രസിഡന്റിന്റെ വസതിയില്‍ ജനങ്ങള്‍ കയറുന്നതിന്റേയും വസ്തുവകകള്‍ നശിപ്പിക്കുന്നതിന്റേയും ചിത്രങ്ങളും വീഡിയോകളും സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. കൂടാതെ, അസദിന്റെ പിതാവും മുന്‍ പ്രസിഡന്റുമായ ഹാഫിസ് അല്‍ അസദിന്റെ പ്രതിമകള്‍ തകര്‍ത്ത് തലസ്ഥാന വീഥികളിലൂടെ വലിച്ചിഴച്ച് ജനങ്ങള്‍ വിമതരോടുള്ള ഐക്യദാര്‍ഢ്യം അറിയിക്കുന്നതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. നാടകീയമായ അട്ടിമറിയിലൂടെയാണ് 1970 ല്‍ ഹാഫിസ് അല്‍ അസദ് സിറിയയുടെ പ്രധാനമന്ത്രിപദത്തിലേക്കെത്തിയത്. പിന്നീട് പ്രസിഡന്റ് പദവിലെത്തിയ അദ്ദേഹം 2000 ല്‍ മരിക്കുന്നതുവരെ പ്രസിഡന്റായി അധികാരത്തില്‍ തുടര്‍ന്നു. തുടര്‍ന്നാണ് ബഷര്‍ അല്‍ അസദ് അധികാരത്തിലെത്തിയത്.

ബഷര്‍ അല്‍ അസദ് സിറിയ വിട്ടതോടെ ദമാസ്‌കസിലെ പ്രസിഡന്‍ഷ്യല്‍ പാലസിലെ റിസപ്ഷന്‍ ഹാള്‍ വിമതര്‍ കത്തിച്ചു. ജയിലിലെ തടവുകാര്‍ എല്ലാവരും സ്വതന്ത്രരായി. കൊട്ടാരത്തിലേക്ക് ഇരച്ചെത്തിയ വിമതര്‍ അല്‍-അസദ് കുടുംബത്തിന്റെ ചിത്രങ്ങളെല്ലാം ചുവരുകളില്‍ നിന്നെടുത്ത് വലിച്ചിട്ടു. പാലസിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ ചാക്കിലാക്കുന്ന വിമതരെയും വീഡിയോയില്‍ കാണാം. പ്രസിഡന്റ് വിമാനത്തില്‍ കയറി രക്ഷപ്പെട്ടെന്ന് റഷ്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ എവിടേക്കാണ് പോയതെന്ന് വ്യക്തമല്ല. ഇതിനിടെയാണ് പ്രസിഡന്റിന്റെ വിമാനം തകര്‍ന്നുവെന്ന വാര്‍ത്തകള്‍. റഡാറിലൊന്നും ഈ വിമാനം ഇപ്പോഴില്ല.

പ്രസിഡന്റിന്റെയും ബ്രിട്ടീഷുകാരനായ അദ്ദേഹത്തിന്റെ ഭാര്യ അസ്മ അല്‍ അസദിന്റെയും വില കൂടിയ വസ്തുക്കളെല്ലാം കൊട്ടാരത്തില്‍ അതിക്രമിച്ച് കയറിയവര്‍ നശിപ്പിച്ചു. വലിയ ബോക്‌സില്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ കടത്തുന്നുമുണ്ട്. ഇതിനിടെയില്‍ ചിലര്‍ സെല്‍ഫി എടുക്കുന്നു. മെഴ്സിഡസ്, ഫെരാരിസ്, ഓഡിസ് തുടങ്ങിയ കൊട്ടാരത്തിലെ ആഡംബര കാറുകളുടെ ശേഖരത്തിലേക്കും വിമതര്‍ കയറി. അതും അവര്‍ സ്വന്തമാക്കി. സിറയയിലെ സെന്‍ട്രല്‍ ബാങ്ക് കൊള്ളയടിച്ചു. കൊട്ടരത്തിലെ അലമാരകളെല്ലാം വിമതര്‍ പരിശോധിച്ച് വിലപിടിപ്പുള്ളതെല്ലാം എടുത്തുവെന്നാണ് റിപ്പോര്‍ട്ട്. ദമാസ്‌കസിന്റെ പതനത്തോടെ അസദിന്റെ 53 വര്‍ഷത്തെ ക്രൂരമായ രാജവംശ ഭരണം മിന്നല്‍ വേഗത്തില്‍ അവസാനിച്ചുവെന്നാണ് വിമതര്‍ പറയുന്നത്.

ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ ഹയാത്ത് താഹിര്‍ അല്‍-ഷാം രണ്ടാഴ്ച മുന്‍പായിരുന്നു അസദ് ഭരണത്തിനെതിരെ ടെലഗ്രാമിലൂടെ ക്യാമ്പയിന്‍ ആരംഭിച്ചത്. സിറിയയ്ക്ക് പുതിയ യുഗം രചിക്കാന്‍ പോരാടണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് രാജ്യത്തെ വിമതരെ കൂട്ടുപിടിച്ച് ഹയാത്ത് താഹിര്‍ അല്‍-ഷാം നടത്തിയ ആക്രമണം വിജയം കാണുകയും ദമാസ്‌കസ് പിടിച്ചെടുക്കുകയുമായികുന്നു. 50 വര്‍ഷം നീണ്ട കുടുംബവാഴ്ചയ്ക്ക് അന്ത്യം കുറിച്ചെന്നാണ് വിമതര്‍ അവകാശപ്പെട്ടത്. ആഗോള ഭീകരസംഘടനയായി കണക്കാക്കുന്ന ഹയാത്ത് താഹിര്‍ അല്‍-ഷാം നടത്തിയ നീക്കങ്ങള്‍ സിറിയയുടെ ഭാവി വീണ്ടും തുലാസിലാക്കിയേക്കുമെന്ന ആശങ്കകളും ഉയരുന്നുണ്ട്.

ദമാസ്‌കസില്‍ നിന്ന് സൈന്യം പിന്‍വാങ്ങിയതോടെയാണ് പ്രസിഡന്റ് ബഷര്‍ അല്‍ അസദ് സിറിയ വിട്ടതെന്നാണ് വിവരം. അസദ് ഭരണകൂടത്തിന്റെ തകര്‍ച്ച റഷ്യക്കും ഇറാനും തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം അട്ടിമറിക്ക് പിന്നില്‍ പാശ്ചാത്യരാജ്യങ്ങളാണെന്ന അഭ്യൂഹങ്ങളും ശക്തമാണ്. വിമതര്‍ തലസ്ഥാനത്ത് പ്രവേശിച്ചതിനുപിന്നാലെ തന്റെ 24 കൊല്ലത്തെ ഏകാധിപത്യഭരണം ഉപേക്ഷിച്ച് അസദ് വിമാനമാര്‍ഗ്ഗം രാജ്യം വിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. യാത്രാലക്ഷ്യസ്ഥാനം അസദ് വെളിപ്പെടുത്തിയിരുന്നില്ലെന്ന് രണ്ട് മുതിര്‍ന്ന സൈനികോദ്യോഗസ്ഥര്‍ റോയിട്ടേഴ്സിനോട് പ്രതികരിച്ചു. അസദ് രാജ്യം വിട്ടതിനെ തുടര്‍ന്ന് ദമാസ്‌കസിലും മറ്റ് പ്രധാനനഗരങ്ങളിലും ആഹ്ളാദപ്രകടനങ്ങള്‍ അരങ്ങേറുകയാണ്. വിമതര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങളും എല്ലായിടത്തും മുഴങ്ങുന്നുണ്ട്.

പ്രതിമകളുടെ ശിരസ്സ് തകര്‍ത്തും വലിച്ചിഴച്ചും പ്രതിമകളുടെ മുകളില്‍ കയറിയിരുന്നും ജനങ്ങള്‍ ആഘോഷിക്കുകയാണ്. ദമാസ്‌കസിലെ കുപ്രസിദ്ധമായ സെദ്നായ ജയിലിലെ മുഴുവന്‍ തടവുകാരേയും വിമതര്‍ മോചിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.