ദമാസ്‌കസ്: വിമതസംഘടനയായി ഹയാത് തഹ്രീര്‍ അല്‍ ഷാം സിറിയയുടെ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ ലോകമാകെ ഉയര്‍ന്നു കേള്‍ക്കുന്നത് അബു മൊഹമ്മദ് അല്‍-ജൊലാനി എന്ന 45കാരന്റെ പേരാണ്. ഹയാത് തഹരീര്‍ അല്‍ ഷാം(എച്ച്ടിഎസ്) എന്ന ഭീകര സംഘടനയുടെ നേതാവ്. ദിവസങ്ങള്‍ക്കു മുന്‍പ് റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് പ്രചരിച്ച ഇയാള്‍ അലെപ്പോ നഗരം പിടിച്ചടക്കിയെന്ന വാര്‍ത്തയാണ് പിന്നീട് കേട്ടത്.

സിറിയയില്‍ അസാദിനെ വീഴ്ത്തിയതോടെ ലെബനനിലെ ഹിസ്ബുള്ളയ്ക്കുള്ള ആയുധവിതരണത്തിന് തടയിടാനാകുമെന്ന വിലയിരുത്തലുണ്ട്. ഇതോടെ ഇസ്രയേലിന് കൂടുതല്‍ കരുത്തോടെ ആക്രമിക്കാം. പശ്ചാത്യ രാജ്യങ്ങള്‍ക്ക് പ്രിയങ്കരനാണ് ജൊലാനി ഇന്ന്. എന്നാല്‍ ജൊലാനി ഉള്ളില്‍ പഴയ ഇസ്ലാമിക തീവ്രവാദി തന്നെയാണെന്ന് ഒരു വിഭാഗം കുറ്റപ്പെടുത്തുന്നു. പക്ഷെ പുറമേയ്ക്ക് അദ്ദേഹം മൃദുല സ്വഭാവമുള്ള നേതാവായി അഭിനയിക്കുകയാണെന്നുമാണ് ഇവരുടെ വാദം. തന്റെ പ്രദേശത്ത് ന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികളുടെ അടുത്ത് ചെന്ന് നിങ്ങളുടെ രക്ഷനായിരിക്കും താനെന്ന് മുഹമ്മദ് അല്‍ ജൊലാനി പ്രഖ്യാപിച്ചത് അദ്ദേഹത്തില്‍ ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടവരും വിശ്വാസം അര്‍പ്പിക്കാന്‍ കാരണമായി. ഇതോടെ പശ്ചാത്യ രാജ്യങ്ങളുടെ പിന്തുണ കൂടി.

മുമ്പ് അമേരിക്ക തലയ്ക്ക് 10 കോടി വിലയിട്ട ജൊലാനി സിറിയ പിടിക്കാന്‍ ഐഎസ് തലവന്‍ അബു ബക്കര്‍ അല്‍ ബാഗ്ദാദി നിയോഗിച്ച വിശ്വസ്തനാണ്. ലക്ഷ്യത്തിലേക്കെത്താന്‍ മിതവാദിയുടെ പ്രതിച്ഛായയിലേയ്ക്ക് മാറിയെങ്കിലും മുന്‍കാലഘട്ടം തീവ്ര നിലപാടിന്റേതാണ്. അല്‍ഖായ്ദയുമായി അടുത്ത ബന്ധമാണ് ജൊലാനിക്ക്. നേരത്തെ അണിയറയിലായിരുന്ന ഇയാള്‍ പൊടുന്നനെ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ട് ഭീകരര്‍ക്ക് ആവേശം പകര്‍ന്നു.

ജനനം 1982ല്‍ ദമാസ്‌കസിലെ മസേ ജില്ലയിലാണെന്ന് പറയുന്നു. അഹമ്മദ് അല്‍ ഷാറ എന്നാണ് ശരിയായ പേര്. 2001 സെപ്തംബര്‍ 11ന് അല്‍ഖായ്ദ അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടത്തിയ ആക്രമത്തോടെയാണ് സംഘടനയില്‍ ആകര്‍ഷിക്കപ്പെട്ടത്. അന്നുമുതല്‍ രഹസ്യപ്രവര്‍ത്തനം. ഇറാഖില്‍ അല്‍ ഖായ്ദക്കായി പ്രവര്‍ത്തിക്കവെ പിടിയിലായി അഞ്ചുവര്‍ഷം ജയിലിലിലും കിടന്നു. 2011ല്‍ സിറിയയിലെത്തി. തുടര്‍ന്ന് അല്‍ഖായ്ദയുടെ സിറിയന്‍ ബ്രാഞ്ചായ അല്‍നുസ്‌റ ഫ്രണ്ട് രൂപീകരിച്ചു. 2016ല്‍ അല്‍ഖായിദയുമായുള്ള പ്രത്യക്ഷ ബന്ധം ഉപേക്ഷിച്ചാണ് ഹയാത് തഹരീര്‍ അല്‍ ഷാം രൂപീകരിച്ചത്.

ഇതോടെ പാശ്ചാത്യശക്തികളുടെ ശത്രുത ഇല്ലാതായി. സിറിയന്‍ നഗരമായ ഇദ്ലിബില്‍ ആരംഭിച്ച ഹയാത് തഹരീര്‍ അല്‍ഷാം അവിടെ സിവിലിയന്‍ ഭരണകൂടം രൂപീകരിച്ചു. ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ പലതും യുദ്ധക്കുറ്റങ്ങളാണെന്ന് യുഎന്‍ കണ്ടെത്തിയിരുന്നു. ക്രിസ്ത്യന്‍ ന്യൂനപക്ഷം താമസിക്കുന്ന അലെപ്പോയില്‍ വരെ സ്വാധീനം ചെലുത്താന്‍ അബു മൊഹമ്മദ് അല്‍ ജൊലാനിക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷേ ഭാവിയില്‍ സിറിയ ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള ഇസ്ലാമിക തീവ്രവാദികളുടെ കൈകളില്‍ അകപ്പെടുമോ എന്ന ആശങ്ക ഇപ്പോഴും ശക്തമാണ്.

നാലുവര്‍ഷം മുമ്പ് ബഷാര്‍ അല്‍ അസദ് സര്‍ക്കാര്‍ അടിച്ചമര്‍ത്തിയ സംഘടനയാണ് വീണ്ടും കരുത്താര്‍ജ്ജിച്ച് കടന്നാക്രമണം ആരംഭിച്ചത്. സിറിയയിലെ ആഭ്യന്തരയുദ്ധത്തില്‍ 5,00,000-ത്തിലധികം ആളുകള്‍ ഇതുവരെ കൊല്ലപ്പെട്ടതായാണ് കണക്ക്. ജനസംഖ്യയുടെ പകുതിയിലധികം പേര്‍ വീടുകളില്‍ നിന്ന് പലായനം ചെയ്തു. വിമതഭീകരരുടെ അപ്രതീക്ഷിത ആക്രമണത്തെ തുടര്‍ന്ന് വടക്കുപടിഞ്ഞാറന്‍ സിറിയയില്‍നിന്ന് മൂന്നു ലക്ഷത്തോളം പേര്‍ക്ക് പലായനംചെയ്യേണ്ടിവന്നതായി ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്.

രണ്ട് പതിറ്റാണ്ടിലേറെയായി ഏകാധിപത്യഭരണം തുടര്‍ന്നുവന്നിരുന്ന പ്രസിഡന്റ് ബഷര്‍ അല്‍ അസദ് കൊട്ടാരവും ഭരണവും ഉപേക്ഷിച്ച് രാജ്യം വിട്ടതിന് പിന്നാലെ രാജ്യമെങ്ങും ആഘോഷപ്രകടനങ്ങള്‍ നടക്കുകയാണ്. അസദ് ഭരണത്തിന് അന്ത്യം കുറിച്ച വിമതര്‍ ആദ്യം ചെയ്തത് സര്‍ക്കാര്‍ ജയിലുകളില്‍ കഴിയുന്ന തടവുകാരെ മോചിപ്പിക്കുകയായിരുന്നു. ദമാസ്‌കസ്, ഹമ, ആലെപ്പൊ എന്നിവടങ്ങളിലെ ജയിലുകളില്‍ വര്‍ഷങ്ങളായി തടങ്കലില്‍ കഴിയുന്നവരെല്ലാം മോചിതരായി എന്നാണ് റിപ്പോര്‍ട്ട്. ഈ ജയിലുകളില്‍ ദമാസ്‌കസിലെ സെയ്ദ്നയ ജയില്‍ ഏറെ കുപ്രസിദ്ധമാണ്. 'മനുഷ്യ അറവുശാല' എന്ന അപരനാമത്തിലാണ് ദമാസ്‌കസ് ജയില്‍ അറിയപ്പെടുന്നതുതന്നെ.