ലണ്ടന്‍: ബ്രിട്ടനില്‍ ഉടനീളം സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഉടനെ തന്നെ റഷ്യ ഡ്രോണ്‍ നിരീക്ഷണം നടത്തിയേക്കാമെന്ന് ബ്രിട്ടീഷ് ഇന്റലിജന്‍സ് തലവന്‍ മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ മാസം അമേരിക്കന്‍ എയര്‍ഫോഴ്സ് ഉപയോഗിക്കുന്ന മൂന്ന് എയര്‍ ബേസുകള്‍ക്ക് മുകളില്‍ ദുരൂഹമായ സാഹചര്യത്തില്‍ ചില ഡ്രോണുകള്‍ കണ്ടെത്തിയിരുന്നു. സഫോക്കിലെ ആര്‍ എ എഫ് ലേക്കെന്‍ഹീത്തിനും മില്‍ഡെന്‍ഹാളിനും മുകളിലും നോര്‍ഫോക്കിലെ ആര്‍ എ എഫ് ഫെല്‍റ്റ്വാളിനു മുകളിലുമാണ് മനുഷ്യ നിയന്ത്രിതമല്ലാത്ത (യു എ വി) പറക്കുന്ന വാഹനങ്ങള്‍ പല ദിവസങ്ങളിലായി കണ്ടെത്തിയത്.

സംഘടിതമായ ഒരു പ്രവര്‍ത്തനമാണ് ഇതിന് പുറകിലെന്നാണ് വായുസേന പറയുന്നത്. സമാനമായ രീതിയില്‍ ഡ്രോണ്‍ അധിനിവേശം അമേരിക്കയിലെ ന്യൂ ജഴ്സിക്ക് മൂകളിലും കഴിഞ്ഞ ദിവസം ഉണ്ടായിരുന്നു. അമേരിക്കന്‍ സൈന്യത്തിന്റെ പിക്കാറ്റിനി ആര്‍സെനെലിന് ചുറ്റുമായിരുന്നു അജ്ഞാത പറക്കും വാഹനങ്ങള്‍ വട്ടമിട്ടു പറന്നത്. അമേരിക്കയുടെ സി സി ഡി സി ആമമെന്റ്‌സ് സെന്റര്‍ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. യുക്രെയിന് നല്‍കുന്ന ആയുധനങ്ങളുടെ നിര്‍മ്മാണ - വിതരണ ശൃംഖല പ്രവര്‍ത്തിക്കുന്നത് ഇവിടെയാണ്.

സാധാരണ കാറിന്റെ വലിപ്പമുള്ള ഒന്നിലധികം ഡ്രോണുകളായൈരുന്നു ഇവിടെ നവംബര്‍ മധ്യത്തില്‍ കറങ്ങിത്തിരിഞ്ഞത്. ചിലപ്പോള്‍ കൂട്ടമായും ചിലപ്പോള്‍ ഒറ്റയ്ക്കും എത്തുന്ന ഇവ ചില സന്ദര്‍ഭങ്ങളില്‍ ഒരേ സ്ഥലത്തു തന്നെ മണിക്കൂറുകളോളം നിശ്ചലമായി നിന്നിട്ടുമുണ്ട്. പിന്നീട് ഇവ ന്യൂയോര്‍ക്ക്, ടെക്സാസ്, ഓക്ലഹോമ എന്നിവിടങ്ങളിലും എത്തിച്ചേര്‍ന്നു. ഈ ഡ്രോണുകളെ സംബന്ധിക്കുന്ന വിശദാംശങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ലെങ്കിലും, അമേരിക്കയും ബ്രിട്ടനും വിരല്‍ ചൂണ്ടുന്നത് റഷ്യയ്ക്കും പ്രസിഡണ്ട് വ്‌ളാഡിമിര്‍ പുടിനും നേരെയാണ്.

അതിനിടയിലാണ് റഷ്യന്‍ രഹസ്യാന്വേഷണ സംഘങ്ങള്‍ ബ്രിട്ടന്റെ വ്യോമാതിര്‍ത്തിക്കുള്ളിലേക്ക് പുതിയ ഒരു നിര അധിനിവേശങ്ങള്‍ക്ക് ശ്രമിക്കുന്നു എന്ന് ഒരു മുന്‍ ബ്രിട്ടീഷ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയത്. അതിനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നും ആ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. വരുന്ന മാസങ്ങളില്‍ തീര്‍ച്ചയായും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കാണാമെന്നാണ് ആ ഉദ്യോഗസ്ഥന്‍ പറയുന്നത്.