ഡമാസ്‌കസ്: രാജ്യം വിടും മുമ്പ് സിറിയയുടെ മുഴുവന്‍ സൈനിക രഹസ്യങ്ങളും പ്രസിഡന്റ് ബാഷര്‍ അല്‍-അസദ് ഇസ്രയേലിന് ചോര്‍ത്തി നല്‍കിയതായി റിപ്പോര്‍ട്ട്. ആയുധ സംഭരണ കേന്ദ്രങ്ങള്‍, സൈനിക കേന്ദ്രങ്ങള്‍, മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങള്‍, തുടങ്ങിയ തന്ത്രപ്രധാനമായ ഇടങ്ങളുടെ ലൊക്കേഷന്‍ വിവരങ്ങളാണ് ബാഷര്‍ അല്‍-അസദ് ഇസ്രയേല്‍ സൈനികോദ്യോഗസ്ഥര്‍ക്ക് കൈമാറിയത്. പകരം സുരക്ഷിതമായി രാജ്യം വിടാന്‍ ഇസ്രയേല്‍ അസദിനെ സഹായിച്ചുവെന്നും ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.

അസദ് നല്‍കിയ വിവരങ്ങള്‍ ഉപയോഗിച്ചാണ് ഇസ്രയേല്‍ സിറിയയ്ക്കെതിരെ ആക്രമണങ്ങള്‍ നടത്തിയത് എന്നാണ് പുറത്തുവരുന്ന വിവരം. റഷ്യന്‍ സൈനിക വിമാനത്തില്‍ രാജ്യംവിട്ട ബാഷര്‍ അല്‍-അസദ് മോസ്‌കോയില്‍ ഇറങ്ങിയതിന് പിന്നാലെ ഇസ്രയേല്‍ സിറിയയ്ക്കെതിരെ ആക്രമണം ആരംഭിച്ചിരുന്നു. സിറിയയുടെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് കൃത്യമായ ആക്രമണമാണ് ഇസ്രയേല്‍ നടത്തിയത്.

റഷ്യയിലേക്ക് പലായനം ചെയ്യുന്ന സിറിയന്‍ പ്രസിഡന്റിന്റെ വിമാനത്തിന് ഭീഷണിയൊന്നുമുണ്ടാകില്ല എന്ന് ഇസ്രയേല്‍ പ്രതിരോധ സേന (ഐ.ഡി.എഫ്) ഉറപ്പുനല്‍കിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ടര്‍ക്കിഷ് മാധ്യമപ്രവര്‍ത്തകനായ അബ്ദുള്‍കാദിര്‍ സെല്‍വിയാണ് അസദ് സിറിയയുടെ സൈനികരഹസ്യങ്ങള്‍ ഇസ്രയേലിന് ചോര്‍ത്തി നല്‍കിയതായി വെളിപ്പെടുത്തിയത്. ഹുറിയത്ത് ദിനപത്രത്തിലെ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിശ്വസിനീയമായ കേന്ദ്രത്തില്‍ നിന്നാണ് അസദും ഇസ്രയേലും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതെന്ന് ദിനപത്രത്തിലെ ലേഖനത്തില്‍ അബ്ദുള്‍കാദിര്‍ പറയുന്നു.

ഇസ്രായേലുമായുള്ള അസദിന്റെ രഹസ്യ ഇടപാടുകള്‍ കാണിക്കുന്ന രേഖകള്‍ ഇതിനിടെ പുറത്ത് വന്നിരുന്നു. അസദിന്റെ ഭരണതകര്‍ച്ചക്ക് പിന്നാലെ ചോര്‍ന്നതെന്ന് കരുതുന്ന ഒരു കൂട്ടം രേഖകളിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നത്. ഏറെക്കാലം കടുത്ത ഇസ്രായേല്‍ വിരുദ്ധനായി ലോകത്തിന് മുന്നില്‍ നിന്നിരുന്ന അസദ് ഇറാനിലെ ഇസ്രായേല്‍ ആക്രമണങ്ങളില്‍ അടക്കം പങ്കാളിയായെന്നാണ് രേഖകള്‍ കാണിക്കുന്നത്.

സിറിയന്‍ അറബ് റിപ്പബ്ലിക്കിന്റെ ഔദ്യോഗിക ലെറ്റര്‍ഹെഡുകളും ഇന്റലിജന്‍സ് ബ്രാഞ്ച് സ്റ്റാമ്പുകളും അടങ്ങുന്നതാണ് രേഖകള്‍. ഇവ സ്വതന്ത്രമായി പരിശോധിക്കപ്പെട്ടിട്ടില്ല. ഇറാന്റെയും ഹിസ്ബുല്ലയുടെയും സൈനിക ലക്ഷ്യങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സിറിയയോട് ആവശ്യപ്പെട്ട് കൊണ്ട് ഇസ്രായേലില്‍ നിന്ന് അയച്ച ഒരു കത്ത് രേഖകളില്‍ ഉള്‍പ്പെടുന്നു.

മോസസ് എന്ന കോഡ് നാമത്തിലുള്ള ഇസ്രായേല്‍ പ്രതിനിധി ഹമാസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അവയുടെ പ്രത്യാഘാതങ്ങളെക്കുറിച്ചും പ്രത്യേക മുന്നറിയിപ്പുകള്‍ നല്‍കി മുന്‍ സിറിയന്‍ പ്രതിരോധ മന്ത്രി ലഫ്. ജനറല്‍ അലി മഹ്‌മൂദ് അബ്ബാസുമായി നേരിട്ട് സംവദിച്ചിട്ടുണ്ട്. ഈ കത്തുകള്‍ പിന്നീട് ദേശീയ സുരക്ഷാ ബ്യൂറോ മുന്‍ മേധാവി അലി മംലൂക്കിന് കൈമാറിയതായി ചോര്‍ന്ന രേഖകളില്‍ പറയുന്നു. ഇറാനുമായുള്ള ബന്ധം തുടര്‍ന്നാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ഇസ്രായേല്‍ അസദ് ഭരണകൂടത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സിറിയയിലെ ഇറാനിയന്‍ സൈനിക ശേഷി തകര്‍ക്കാനുള്ള നീക്കങ്ങള്‍ സിറിയന്‍ ഭരണകൂടവുമായി ചേര്‍ന്നാണ് ഇസ്രായേല്‍ ഏകോപിപ്പിച്ചത്. ഇത്തരം ആക്രണങ്ങളില്‍ അസദ് ഭരണകൂടത്തിന്റെ സജീവ പങ്കാളിത്തം ഉണ്ടെന്നും രേഖകള്‍ വെളിപ്പടുത്തുന്നു. ഇസ്രായേലില്‍ നിന്നുള്ള രഹസ്യാന്വേഷണ വിവരങ്ങള്‍ സിറിയയുമായി കൈമാറിയിട്ടുണ്ട്. ദീര്‍ഘകാലമായി മേഖലയില്‍ സിറിയയുടെ അടുത്ത സഖ്യ കക്ഷിയായിരുന്നു ഇറാന്‍. ചോര്‍ന്ന രഹസ്യരേഖകള്‍ സിറിയന്‍ മാധ്യമങ്ങളും, അറബ് മാധ്യമങ്ങളും പുറത്തുവിട്ടു.