ബെര്‍ലിന്‍: കഴിഞ്ഞ ദിവസം ജര്‍മ്മനിയില്‍ ക്രിസ്മസ് മാര്‍ക്കറ്റിലെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഓടിച്ച് കയറ്റിയ സൗദി സ്വദേശിയെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. അപകടത്തില്‍ രണ്ട് പേര്‍ മരിക്കുകയും 70 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഒരു ഡോക്ടറായ ഇയാള്‍ 2006 ലാണ് ജര്‍മ്മനിയില്‍ എത്തിയത്. സൗദിയില്‍ നിന്നുള്ള അഭയാര്‍ത്ഥിയായിട്ടാണ് ഇയാള്‍ ജര്‍മ്മനിയില്‍ എത്തുന്നത്. 50 കാരനായ തലേബ് അല്‍-അബ്ദുല്‍ മൊഹ്സിന്‍ ഒരു മനശാസ്ത്രജ്ഞനായിട്ടാണ് ജോലി ചെയ്തിരുന്നത്. ഒരു കറുത്ത ബി.എം.ഡബ്ല്യൂ കാറുമായിട്ടാണ് ഇയാള്‍ മാര്‍ക്കറ്റില്‍ എത്തിയത്.

ഈസ്റ്റേണ്‍ ജര്‍മനിയിലെ മാഗ്ഡെബര്‍ഗ് നഗരത്തിലുള്ള ക്രിസ്മസ് മാര്‍ക്കറ്റിലായിരുന്നു സംഭവം. ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറിയ കാര്‍ ആളുകളെ ഇടിച്ചിട്ട് 400 മീറ്ററോളം മുന്നോട്ട് നീങ്ങിയെന്നാണ് റിപ്പോര്‍ട്ട്. സംഭവ സ്ഥലത്ത് ആംബുലന്‍സുകളും ഫയര്‍ എഞ്ചിനുകളും എത്തിച്ചേരുന്ന ദൃശ്യങ്ങള്‍ അന്ത്രാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ജര്‍മ്മനിയിലെ പ്രാദേശിക സമയം വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെ നല്ല തിരക്കുള്ള മാര്‍ക്കറ്റിലേക്ക് ബിഎംഡബ്ല്യൂ കാര്‍ ഇടിച്ചുകയറുകയായിരുന്നു.

ഭീകരാക്രമണമാണ് നടന്നതെന്ന് കരുതുന്നതായും അവിടെ നിന്നുള്ള ദൃശ്യങ്ങള്‍ പേടിപ്പെടുത്തുന്നതാണെന്നും സ്റ്റേറ്റ് ആഭ്യന്തര മന്ത്രാലയം വക്താവ് പറഞ്ഞു. കാറില്‍ സ്ഫോടക വസ്തുക്കളുണ്ടെന്നു സംശയം പ്രകടിപ്പിച്ച അധികൃതര്‍ ആക്രമണമാണോയെന്നും അന്വേഷിക്കുന്നുണ്ട്. സംഭവം ഭീകരാക്രമണമാണോയെന്ന് സംശയിക്കുന്നതായി പ്രാദേശിക സര്‍ക്കാര്‍ വക്താവും പറഞ്ഞു. അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തിയ ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് ഇന്ന് മക്ഡെബര്‍ഗ് സന്ദര്‍ശിക്കും.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് ഉടന്‍ രാജിവയ്ക്കണമെന്ന് ഇലോണ്‍ മസ്‌ക് എക്സിലൂടെ ആവശ്യപ്പെട്ടു. അറസ്റ്റിലായ ഡ്രൈവറെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തു വരേണ്ടതുണ്ട്. 2016 ഡിസംബര്‍ 19 ന് ബര്‍ലിനിലെ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് ട്രക്ക് പാഞ്ഞുകയറി 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ ഇറ്റലിയില്‍ വെടിവയ്പ്പില്‍ ആക്രമണകാരിയെ കൊലപ്പെടുത്തി. അതിന്റെ എട്ടാം വാര്‍ഷികത്തിന്റെ പിറ്റേന്നാണ് വീണ്ടും ക്രിസ്മസ് മാര്‍ക്കറ്റില്‍ ആക്രമണമുണ്ടായത്.

അപകടത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് തോക്ക് ചൂണ്ടിയാണ് അക്രമിയെ കീഴ്പ്പെടുത്തിയത്. ഇയാള്‍ ബേണ്‍ബര്‍ഗ് എന്ന സ്ഥലത്താണ് താമസിക്കുന്നത്. ഇസ്ലാം മതം ഉപേക്ഷിച്ച് സൗദിയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നവരെ പ്രത്യേകിച്ച് സ്ത്രീകളെ ഇയാള്‍ സഹായിക്കുന്നുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിന് ശേഷം പരിശീലനത്തിനായി ജര്‍മ്മനിയില്‍ എത്തിയ മൊഹ്സിന്‍ പിന്നീട് അവിടെ സ്ഥിര താമസമാക്കുകയായിരുന്നു.

സൗദി അറേബ്യയില്‍ നിന്ന് രാഷ്ട്രീയ അഭയം തേടി എത്തുന്ന പലരേയും ജര്‍മ്മനി അവഗണിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ ഇയാള്‍ കുറ്റപ്പെടുത്തിയിരുന്നു. ഇന്നലെ ഇയാള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു എന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തിയത് എങ്കിലും മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.