ബെര്‍ലിന്‍: യൂറോപ്പ് വലതുപക്ഷത്തേക്ക് തിരിയുന്നതിന്റെ പ്രധാനകാരണം തീവ്രവാദമാണെന്ന വാദത്തിന് ബലമേകുന്ന മറ്റൊരു സംഭവം കൂടി ജര്‍മ്മനിയില്‍ നടന്നു. ഒരു ഫുട്‌ബോള്‍ മാച്ചിനിടെ, മാഗ്‌ഡെബര്‍ഗ് ക്രിസ്ത്മസ് മാര്‍ക്കറ്റില്‍ നടന്ന തീവ്രവാദി അക്രമണത്തില്‍ മരണപ്പെട്ടവര്‍ക്കായി മൗനാഞ്ജലി അര്‍പ്പിക്കുന്നതിനിടയിലായിരുന്നു സംഭവം. മൂന്നാം നിര ടീമുകളായ റോട് - വീസ് എസ്സെനിലെയും വി എഫ് ബി സ്റ്റട്ട്ഗാര്‍ട്ടിലെയും കളിക്കാര്‍, തല കുനിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

എന്നാല്‍, ഈ ഒരു മിനിറ്റ് നേരത്തെ മൗനം മുറിച്ചു കൊണ്ട് ഒരു മനുഷ്യന്‍ ഉച്ചത്തില്‍ ഉയര്‍ത്തിയത് പഴയ ഹിറ്റ്‌ലര്‍ കാല മുദ്രാവാക്യമായിരുന്നു, 'ജര്‍മ്മനി ജര്‍മ്മന്‍കാര്‍ക്ക്' എന്ന്. ജര്‍മ്മനിയിലേക്ക് ജര്‍മ്മന്‍ വംശജര്‍ അല്ലാത്തവര്‍ക്ക് പ്രവേശനം നല്‍കരുത് എന്നാവശ്യപ്പെട്ടുകൊണ്ട് വര്‍ത്തമാനകാലത്ത് തീവ്ര വലതുപക്ഷക്കാര്‍ ഉയര്‍ത്തുന്ന ഈ മുദ്രാവാക്യം ഒരുകാലത്ത് ഹിറ്റ്‌ലറും നാസികളും ഉപയോഗിച്ചിരുന്നതാണ്.

എന്നാല്‍, ഉടനടി തന്നെ മറ്റൊരു വിഭാഗം 'നാസികള്‍ രാജ്യത്തിന് പുറത്ത് കടക്കുക' എന്ന മുദ്രാവാക്യവും ഉയര്‍ത്തി. 'മാഗ്‌ഡെബര്‍ഗ്, ശക്തമായി ഇരിക്കുക' എന്ന പ്ലക്കാര്‍ഡും അവര്‍ ഉയര്‍ത്തി. വംശീയ വിവേചനത്തിനെതിരെ ഉടനടിയുണ്ടായ പ്രതികരണത്തെ റോട്ട് - വീസ് എസ്സെന്‍ വക്താവ് പുകഴ്ത്തുകയും ചെയ്തു. കാണികളുടെയും ആരാധകരുടെയും വംശീയ വിവേചനത്തിനെതിരെയുള്ള പ്രതികരണം മനസ്സിലെ സ്പര്‍ശിച്ചതായും വക്താവ് അറിയിച്ചു.

നാസി അനുകൂല മുദ്രാവാക്യം മുഴക്കിയ 57 കാരനായ ജര്‍മ്മന്‍ പൗരനെ പിന്നീട് പോലീസ് സ്റ്റേഡിയത്തിന് പുറത്തേക്ക് കൊണ്ടുപോയി. വെറുപ്പും വിദ്വേഷവും പടര്‍ത്താന്‍ ശ്രമിച്ചു എന്ന കുറ്റം ഇയാളില്‍ ചാര്‍ത്തിയിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തലെബ് അല്‍ അബ്ദുള്‍മൊഹ്‌സീന്‍ എന്ന 50 കാരനായ സൗദി അറേബ്യന്‍ പൗരനാണ് തിരക്കേറിയ ക്രിസ്ത്മസ് മാര്‍ക്കറ്റിലേക്ക് കാറോടിച്ചു കയറ്റി ഒന്‍പത് വയസ്സുകാരിയായ ഒരു കുട്ടിയേയും നാല് സ്ത്രീകളെയും കൊലപ്പെടുത്തിയത്.

ഇയാളുടെ മേല്‍ അഞ്ച് കൊലപാതക കേസുകളാണ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. അതിനു പുറമെ ഒന്നിലധികം വധശ്രമങ്ങള്‍ക്കും ഇയാളുടെ പേരില്‍ കേസ് ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്. അതിനിടെ മാഗ്‌ഡെബര്‍ഗില്‍ ശനിയാഴ്ച തടിച്ചു കൂടിയ ഒരുപറ്റം പ്രതിഷേധക്കാര്‍ കുടിയേറ്റക്കാരെ തിരിച്ചയയ്ക്കണമെന്ന മുദ്രാവാക്യം ഉയര്‍ത്തി. ജര്‍മ്മനിയെ സ്നേഹിക്കാത്തവര്‍ ജര്‍മ്മനിക്ക് പുറത്ത് പോകണമെന്ന് ആഹ്വാനം ചെയ്ത് മുദ്രാവാക്യം മുഴക്കിയവര്‍ തീവ്ര വലതുപക്ഷക്കാരാണെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കുടിയേറ്റം ജര്‍മ്മനിയെ കൊല്ലുമെന്നും, നഗരങ്ങളും ഗ്രാമങ്ങളും കുടിയേറ്റക്കാരില്‍ നിന്നും വീണ്ടെടുക്കണമെന്നും അവര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഇയാള്‍ ഒരു ഇസ്ലാമിക തീവ്രവാദിയാണ് എന്ന നിലയിലാണ് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നതെങ്കിലും, ഇയാള്‍ ഒരു ഇസ്ലാമാഫോബിക് ആണെന്നാണ് കരുതുന്നത് എന്നാണ് ജര്‍മ്മന്‍ പോലീസ് പറയുന്നത്.