- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുകെ വിസ അപേക്ഷ രണ്ടു തവണ നിരസിക്കപ്പെട്ടു പഞ്ചാബി കുടുംബം കള്ളവണ്ടി കയറി ഹീത്രുവില്‍ എത്തി അവകാശപ്പെട്ടത് അഫ്ഗാനികളെന്ന്; ഇപ്പോള്‍ കോടികളുടെ ആഡംബര വാസത്തില്‍ സുഖവാസം; ഇന്ത്യയെ നാണംകെടുത്തി ഒരു അഭയാര്‍ത്ഥി കഥ
ലണ്ടന്‍: ഭൗമരാഷ്ട്രീയത്തിലും സമ്പദ്ഘടനയിലും ലോകത്തില്‍ ശ്രദ്ധേയമായ നില കൈവരിച്ച ഇന്ത്യയ്ക്ക് നാണക്കേടായി ഒരു ബ്രിട്ടീഷ് കുടിയേറ്റ കഥ. ഗുര്‍ബക്ഷ് സിംഗ് എന്ന 72 കാരനും ഭാര്യ ആര്‍ദത്ത് കൗര്‍ എന്ന 68 കാരിയും മകന്‍ 43 കാരനായ ഗുല്‍ജീത് സിംഗും അയാളുടെ ഭാര്യ കവല്‍ജിത് സിംഗ് കൗര്‍ എന്ന 37 കാരിയുമാണ് ബ്രിട്ടനില്‍ അഭയത്തിനായി അപേക്ഷിച്ചത്. കഴിഞ്ഞ വര്‍ഷം ക്രിസ്തമസ്സിനു മുന്‍പായി ഹീത്രൂ വിമാനത്താവളത്തിലെത്തിയപ്പോള്‍ അവര്‍ അവകാശപ്പെട്ടത് താലിബന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാനില്‍ നിന്നും വരുന്നു എന്നായിരുന്നത്രെ.
എന്നാല്‍, 2023 ല്‍ ഇന്ത്യന്‍ പൗരന്മാര്‍ എന്ന നിലയില്‍ ഇവര്‍ വിസയ്ക്കായി അപേക്ഷിക്കുകയും അത് നിരസിക്കപ്പെടുകയും ചെയ്തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തുടര്‍ന്നായിരുന്നു അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ എന്ന വ്യാജേന ബ്രിട്ടനില്‍ കുടിയേറാന്‍ ഇവര്‍ തയ്യാറയതത്രെ. ഏതായാലും സത്യം വെളിപ്പെട്ടതോടെ ഇവരെ ഈ മാസം ആദ്യം പിടികൂടി കോടതി നടപടികള്‍ക്ക് വിധേയരാക്കി. ക്രോയ്‌ഡോണ്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ആയിരുന്നു ഇവരെ ഹാജരാക്കിയത്.
ഇപ്പോള്‍ നിബന്ധനകള്‍ക്ക് വിധേയരായി ജാമ്യത്തിലുള്ള ഇവരോട് ഹെമെല്‍ ഹെംപ്സ്റ്റഡിലെ ഒരു പുതിയ വീട്ടില്‍ ഒരുമിച്ച് താമസിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നാല് കിടപ്പുമുറികളും, ആഡംബര അടുക്കളയുമൊക്കെയുള്ള ഈ വീട് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 5,75,000 പൗണ്ടിന് വില്പനക്ക് വച്ചിരുന്നതാണ്. ഇവരെ ഇവിടെ താമസിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ഇതുവരെ 1,60,000 പൗണ്ടാണ് മുടക്കിയതെന്ന് മെയില്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇത് ഏറെ വിവാദമാവുകയും ചെയ്തിട്ടുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ച് അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. 2019/ 20 കാലഘട്ടത്തില്‍ അഭയാര്‍ത്ഥികളെ സംരക്ഷിക്കുന്നതിനുള്ള ചെലവ് ഒരാള്‍ക്ക് 17,000 പൗണ്ട് ആയിരുന്നത് 2023/24 കാലഘട്ടത്തില്‍ 41,000 പൗണ്ട് ആയി വര്‍ദ്ധിച്ചു എന്നണ്. ഈ കണക്കനുസരിച്ച് നാല് പേരടങ്ങുന്ന ഈ ഇന്ത്യന്‍ കുടുംബത്തിനായി ഇതുവരെ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചെലവാക്കിയത് 1,64,000 പൗണ്ടാണ്.
കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ പ്രതികരിക്കാനില്ലെന്ന് ഹോം ഓഫീസ് വക്താവ് പറഞ്ഞു. എന്നാല്‍, അഭയാര്‍ത്ഥി സംവിധാനം ദുരുപയോഗം ചെയ്യുന്നതില്‍ ആശങ്കയുണ്ടെന്നും, അത് തടയുന്നതിനായി അനുയോജ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും വക്താവ് അറിയിച്ചു.