ജെറുസലേം: ഇസ്രയേല്‍ ജനതക്ക് നേരേ ഹമാസ് ഇപ്പോള്‍ നടത്തുന്നത് മനശാസ്ത്രപരമായ തീവ്രവാദമാണെന്ന ആരോപണവുമായി ഇസ്രയേല്‍ സര്‍ക്കാര്‍. ബന്ദികളാക്കിയവരുടെ പട്ടിക പുറത്ത് വിട്ടത് ഇതിന്റെ ഭാഗമായിട്ടാണെന്നാണ് ഇസ്രേയല്‍ ആരോപിക്കുന്നത്. കാരണം ഈ പട്ടികയില്‍ പേരുള്ള പലരും ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് യാതൊരു ഉറപ്പുമില്ല എന്നതാണ്. ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നാല്‍ വിട്ടയക്കാനുള്ള 34 ബന്ദികളുടെ പട്ടിക കഴിഞ്ഞ ദിവസമാണ് ഹമാസ് ഭീകരസംഘടന മാധ്യമങ്ങള്‍ക്ക് നല്‍കിയത്.

ഇവരെല്ലാവരും തന്നെ ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യം ഹമാസിന് പോലും ഉറപ്പില്ല എന്നതാണ് ഇപ്പോള്‍ ഇസ്രയേലിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. 34 പേരില്‍ ണിലി ഡമാരി എന്ന ബ്രിട്ടീഷ് വനതിയുടെ പേരും ഉള്‍പ്പെട്ടിട്ടുണ്ട്. ഹമാസ് വിട്ടയക്കാന്‍ ഉദ്ദേശിക്കുന്നവരുടെ കൂട്ടത്തില്‍ 10 സ്ത്രീകളും 11 പുരുഷന്‍മാരുമാണ് ഉള്ളത്. പുരുഷന്‍മാര്‍ എല്ലാവരും തന്നെ 50 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. ഇവരില്‍ പലരും രോഗികളുമാണ്. എന്നാല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു പറയുന്നത് ഈ പട്ടിക കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ തങ്ങള്‍ നല്‍കിയ പട്ടികയാണന്നാണ്.

ആ സമയത്ത് ഹമാസ് നേതൃത്വം ഇതിനോട് പ്രതികരിച്ചിരുന്നില്ല. ഹമാസ് നല്‍കിയ ലിസ്റ്റില്‍ പേരില്ലാത്തവരുടെ വീട്ടുകാര്‍ ഇപ്പോള്‍ വിഷമസ്ഥിതിയിലാണ്. തങ്ങളുടെ പ്രിയപ്പെട്ടവര്‍ ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യത്തില്‍ ഒരു ഉറപ്പും ഇല്ല എന്ന നിലപാടിലാണ് അവര്‍. ഹമാസ് ബന്ദികളാക്കിയ ഒരു വയസും അഞ്ച് വയസുമുള്ള രണ്്ട കുട്ടികളും ഉണ്ടായിരുന്നു. എന്നാല്‍ ഇവര്‍ രണ്ട പേരും കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടു എന്നാണ് ഹമാസ് അറിയിച്ചിരുന്നത്.

പിന്നെ എങ്ങനെയാണ് മോചിപ്പിക്കാന്‍ സാധിക്കുന്നത് എന്നാണ് വീട്ടുകാര്‍ ചോദിക്കുന്നത്. ഹമാസ് നടത്തുന്ന ഇത്തരം വ്യാജപ്രചാരണങ്ങളില്‍ കുടുങ്ങരുതെന്ന് ഇസ്രയേല്‍ ഔദ്യോഗിക വൃത്തങ്ങള്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ നടക്കുന്ന ചര്‍ച്ചകളെ അട്ടിമറിക്കുന്ന രീതിയിലാണ് ഹമാസ് ഇത്തരത്തില്‍ കള്ളം പ്രചരിപ്പിക്കുന്നതെന്നും സര്‍ക്കാര്‍ കുറ്റപ്പെടുത്തി.

ഒക്ടോബര്‍ ഏഴിലെ ആക്രമണത്തെ തുടര്‍ന്ന് ഹമാസ് തട്ടിക്കൊണ്ട് പോയവരില്‍ 100 പേര്‍ ഇപ്പോഴും ബന്ദികളായി കഴിയുന്നു എന്നാണ് കരുതപ്പെടുന്നത്. ഇവരില്‍ 2023 നവംബറില്‍ കുറേ ബന്ദികളെ താത്ക്കാലിക വെടിനിര്‍ത്തലിന്റെ ഭാഗമായി വിട്ടയച്ചിരുന്നു.