- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൗണ്ട് വീഴ്ച്ച തുടരുന്നു; സമ്പദ്വ്യവസ്ഥ തകരുന്നു; പണപ്പെരുപ്പം ഉയരുന്നു; പലിശ നിരക്ക് കുറക്കലും അവതാളത്തില്‍; ലേബര്‍ സര്‍ക്കാരിന്റെ തല തിരിഞ്ഞ നിലപാടുകള്‍ മൂലം ബ്രിട്ടന് തകര്‍ച്ചയിലേക്ക്
ലണ്ടന്‍: ബ്രിട്ടണില്‍ പ്രതിസന്ധി തുടരുകയാണ്. സര്‍ക്കാര്‍ ബോണ്ടുകളുടെ മേല്‍ നല്‍കേണ്ട തുക (യീല്‍ഡ്) വീണ്ടു ഉയര്‍ന്നതോടെ റേച്ചല്‍ റീവിസിന്റെ നയങ്ങള്‍ക്കെതിരെ മന്ത്രിസഭയ്ക്കകത്തു നിന്നും ആശങ്കകള്‍ ഉയരുകയാണ്. 10 വര്‍ഷത്തെ ബോണ്ടിന്മേലുള്ള യീല്‍ഡ് 4.85 ശതമാനമായി ഉയര്‍ന്നപ്പോള്‍ 30 വര്‍ഷത്തേതിന്റേത് 5.41 ശതമാനം വരെ ഉയര്‍ന്നു. അതിനിടയിലാണ് ബ്രിട്ടനില്‍ പണപ്പെരുപ്പവും പലിശയും ഉയര്‍ന്ന നിരക്കില്‍ തുടര്‍ന്നേക്കുമെന്ന പ്രവചനം ഉണ്ടാകുന്നത്. പൗണ്ടിന്റെ മൂല്യം നേരിയതോതിലാണെങ്കിലും വീണ്ടും കുറയുകയും ചെയ്തു.
ഇതോടെ, ഈ വര്‍ഷം ഒരു തവണ മാത്രമെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കുകയുള്ളു എന്ന അഭ്യൂഹം ശക്തമായിട്ടുണ്ട്. മൂന്ന് തവണ വരെ പലിശ നിരക് കുറയ്ക്കാന്‍ ഇടയുണ്ട് എന്നായിരുന്നു നേരത്തെ സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചിരുന്നത്. ആഗോള തലത്തില്‍ തന്നെ ബോണ്ട് വിപണിയില്‍ സമാനമായ വര്‍ദ്ധനവ് ദൃശ്യമാകുന്നുണ്ടെങ്കിലും, വന്‍ നികുതിയും, വായ്പയും, പൊതുചെലവും ഉള്ള ബജറ്റാണ് ബ്രിട്ടനെ പ്രശ്നത്തിലാഴ്ത്തുന്നത് എന്നാണ് വിദഗ്ധര്‍ പറയുന്നത്.
വളര്‍ച്ച നിലയ്ക്കും എന്നതും, പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ആകാതെ വരികയും ചെയ്യുന്നതിനാല്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഒരുപക്ഷെ പലിശ നിരക്ക് കുറയ്ക്കാന്‍ തന്നെ ഒരുങ്ങിയേക്കില്ല എന്നും ചില സാമ്പത്തിക വിദഗ്ധര്‍ കരുതുന്നുണ്ട്. ഇനി ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്‍1 മുന്‍പില്‍ രണ്ടു വഴികളെയുള്ളും എന്ന് അവര്‍ പറയുന്നു. ഒന്നുകില്‍ പൊതുചെലവ് വെട്ടിക്കുറയ്ക്കുക അല്ലെങ്കില്‍ നികുതികള്‍ ഇനിയും വര്‍ദ്ധിപ്പിക്കുക. എന്നാല്‍, ചൈനീസ് യാത്രക്കെതിരെ ഉയര്‍ന്ന എതിര്‍പ്പുകള്‍ ഒന്നുംതന്നെ വകവെയ്ക്കാതെ റെയ്ച്ചല്‍ തന്റെ മൂന്ന് ദിവസത്തെ ചൈനീസ് സന്ദര്‍ശനത്തിന് തുടക്കം കുറിക്കുകയും ചെയ്തു.
1976 ല്‍ ലേബര്‍ പാര്‍ട്ടിയുടെ ഡെനിസ് ഹീലിയ്ക്ക് ബ്രിട്ടനെ രക്ഷിക്കാന്‍ അവസാനം ഐ എ എഫിന് മുന്‍പില്‍ കൈ നീട്ടേണ്ടി വന്ന ചരിത്രമാണ് ഇപ്പോള്‍ ബ്രിട്ടീഷുകാരുടെ മനസ്സില്‍ തെളിയുന്നത്. ഒരേസമയം യീല്‍ഡ് വര്‍ദ്ധിക്കുന്നതും കറന്‍സിയുടെ മൂല്യം കുറയുന്നതും അത്തരമൊരു സാഹചര്യത്തിലേക്ക് വീണ്ടും രാജ്യത്തെ തള്ളിയിടുമോ എന്നാണ് എല്ലാവരും ആശങ്കയോടെ നോക്കുന്നത്. അതേസമയം, സ്വന്തം സഹപ്രവര്‍ത്തകരില്‍ പലര്‍ക്കും ചാന്‍സലറിലുള്ള വിശ്വാസം നഷ്ടപ്പെട്ടു എന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. ഹീലി തിരിച്ചു വന്നത് പോലെ തോന്നുന്നു എന്ന് ധനകാര്യ വകുപ്പിനുള്ളില്‍ പോലും സംസാരം ആരംഭിച്ചു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.