- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമ്പൂര്‍ണ മന്ത്രിസഭാ യോഗത്തില്‍ ആകെയുള്ള 33 മന്ത്രിമാരില്‍ 24 പേര്‍ വെടിനിര്‍ത്തല്‍ കരാറിനെ അനുകൂലിച്ചത് നെതന്യാഹൂവിന് കരുത്തായി; നാളെ മുതല്‍ ഗാസയില്‍ വെടിയൊച്ച നിലയ്ക്കും; ബന്ദി കൈമാറ്റത്തില്‍ ഹമാസ് കള്ളി കളികള്‍ നടത്തിയാല്‍ വീണ്ടും സംഘര്‍ഷമുണ്ടാകും; പശ്ചിമേഷ്യയെ പ്രതീക്ഷയിലാക്കി ഇസ്രയേല്‍ തീരുമാനം
ജെറുസലേം: പതിനഞ്ചുമാസമായി ഗാസയില്‍ നടക്കുന്ന ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന് താത്കാലിക വിരാമമിട്ടുള്ള വെടിനിര്‍ത്തലിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള കരാറിന് ഇസ്രയേല്‍ മന്ത്രിസഭയുടെ ഉന്നതതല സുരക്ഷാസമിതി അംഗീകാരം നല്‍കുമ്പോള്‍ ഒരു കടമ്പ കൂടി ബാക്കിയുണ്ടായിരുന്നത് സമ്പൂര്‍ണ മന്ത്രിസഭാ യോഗം ഇക്കാര്യം അംഗീകരിക്കുമോ എന്നതായിരുന്നു. ആ പ്രതിസന്ധിയും ഇപ്പോള്‍ മാറിയിരിക്കുകയാണ്. സമ്പൂര്‍ണ മന്ത്രിസഭാ യോഗത്തില്‍ ആകെയുള്ള 33 മന്ത്രിമാരില്‍ 24 പേര്‍ വെടിനിര്‍ത്തല്‍ കരാറിനെ അനുകൂലിച്ചു. എട്ട് പേര്‍ മാത്രമാണ് വിയോജിപ്പ് പ്രകടിപ്പിച്ചത്.
മന്ത്രിസഭാ യോഗത്തിന് ശേഷം ഇസ്രയേല്‍ സര്‍ക്കാര്‍ തന്നെ ഇക്കാര്യം വിശദീകരിച്ച്് കൊണ്ട് വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു. ഇന്ന് പുലര്‍ച്ചെയോടെയാണ് മന്ത്രിസഭാ തീരുമാനം ഇസ്രയേല്‍ പുറത്തു വിട്ടത്. വെടിനിര്‍ത്തല്‍ കരാര്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. മൂന്ന് ബന്ദികളെ ആദ്യഘട്ടമായി നാളെ തന്നെ വിട്ടയയക്കും. മന്ത്രിസഭാ
തീരുമാനത്തോട്് വിയോജിപ്പുള്ളവര്‍ക്ക് കോടതിയെ വേണമെങ്കില്‍ സമീപിക്കാം. ഹമാസ് കരാര്‍ ലംഘിച്ചാല്‍ ഇസ്രയേല്‍ യുദ്ധത്തിലേക്ക് മടങ്ങുമെന്നും അമേരിക്കയുടെ പിന്തുണയുണ്ടാകുമെന്നും അതില്‍ തനിക്ക് ഉറപ്പുലഭിച്ചതായും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സുരക്ഷാ കാബിനറ്റിനെ അറിയിച്ചു. ബന്ദികളെ സ്വീകരിക്കാനും അവര്‍ക്കുവേണ്ട ചികിത്സാ സൗകര്യങ്ങളടക്കം ഇസ്രയേല്‍ ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയവും അറിയിച്ചു.
ദീര്‍ഘകാലത്തേക്ക്, ബന്ദികള്‍ക്ക് ആരോഗ്യകരവും മാനസികവും സാമൂഹികവുമായ പരിചരണം ഒരുക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.് നാലു ദിവസമെങ്കിലും ഇവരെ ആശുപത്രിയില്‍ താമസിപ്പിക്കുന്നതിനുള്ള നിര്‍ദേശവും നല്‍കിയതായി ഇസ്രയേല്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതിനിടെ വെടിനിര്‍ത്തല്‍ക്കരാറിന്റെ കാര്യത്തില്‍ ഇസ്രയേലും ഹമാസും തമ്മില്‍ ധാരണയായെന്ന അറിയിപ്പു വന്നതിനുശേഷം ഗാസയില്‍ 80 ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു. യു.എസിന്റെ പിന്തുണയോടെ ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ നടത്തിയ മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് വെടിനിര്‍ത്തല്‍ സാധ്യമാകുന്നത്.
വെടിനിര്‍ത്തല്‍ ചര്‍ച്ചകളിലെ പ്രധാനമധ്യസ്ഥരാണ് ഖത്തര്‍. വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കുന്നതില്‍ അവസാന നിമിഷത്തെ തടസങ്ങളുണ്ടെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചതിനെ തുടര്‍ന്നാണ് ഉന്നതതല സുരക്ഷാസമിതി യോഗം ചേര്‍ന്നത്. സുരക്ഷ ക്യാബിനറ്റ് ചേരുന്നത് നേരത്തേ ഇസ്രായേല്‍ വൈകിച്ചിരുന്നു. ധാരണയുടെ രണ്ടാം ഘട്ടം സംബന്ധിച്ചായിരുന്നു ഇസ്രയേലിന്റെ വിയോജിപ്പ്. ആദ്യ ഘട്ടത്തില്‍ 33 ഇസ്രായേല്‍ ബന്ദികളെ മോചിപ്പിക്കും. പുരുഷ സൈനികര്‍ ഉള്‍പ്പെടെ ബാക്കിയുള്ളവരെ രണ്ടാം ഘട്ടത്തില്‍ മോചിപ്പിക്കും. ഇസ്രായേല്‍ പൂര്‍ണമായി പിന്‍വാങ്ങിയാല്‍ മാത്രമേ ബാക്കിയുള്ള തടവുകാരെ മോചിപ്പിക്കു എന്ന് ഹമാസ് പറഞ്ഞു.
ഇസ്രായേലിന്റെ ആക്രമണത്തില്‍ ഗാസയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 46,000 ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടതായാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. ഇസ്രയേലില്‍ നിന്ന് ഹമാസ് തട്ടിക്കൊണ്ട് പോയ രണ്ട് ചെറിയ കുട്ടികളുടെ മോചനത്തിന്റ കാര്യത്തിലും ഇനിയും വ്യക്തത കൈരുത്തേണ്ടതുണ്ട്. വെടിനിര്‍ത്തലും ബന്ദികളെ മോചിപ്പിക്കുന്ന കരാറും ശനിയാഴ്ച പുലര്‍ച്ചെ ഇസ്രയേല്‍ മന്ത്രിസഭ അംഗീകരിച്ചതായി പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചതോടെയാണ് ലോകം പ്രതീക്ഷയിലായത്. ഹമാസുമായുള്ള പോരാട്ടം അവസാനിപ്പിക്കുന്നതിനുള്ള കരാര്‍ ഞായറാഴ്ച പ്രാബല്യത്തില്‍ വരുമെന്നും നെതന്യാഹുവിന്റെ ഓഫിസ് പ്രസ്താവനയിലൂടെ അറിയിച്ചു.
ഇസ്രയേല്‍ ജയിലുകളില്‍ തടവിലാക്കപ്പെട്ട 19 വയസ്സിന് താഴെയുള്ള എല്ലാ പലസ്തീന്‍ സ്ത്രീകളെയും കുട്ടികളെയും കരാറിന്റെ ആദ്യഘട്ടമായി ഇസ്രയേല്‍ മോചിപ്പിക്കും. ഞായറാഴ്ചത്തെ മോചിപ്പിക്കേണ്ട 95 പലസ്തീന്‍ തടവുകാരുടെ പട്ടിക ഇസ്രയേല്‍ നീതിന്യായ മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയിരുന്നു. ബന്ദികളുടെ മോചനത്തിനുള്ള കരാര്‍ ഇസ്രയേല്‍ സുരക്ഷാ കാബിനറ്റ് അംഗീകരിച്ചതിനു ശേഷമാണ് സമ്പൂര്‍ണ മന്ത്രിസഭാ യോഗം ചേര്‍ന്നത്. 11 അംഗ സുരക്ഷാ മന്ത്രിസഭ വോട്ടെടുപ്പിലൂടെയാണു കരാറിന് അംഗീകാരം നല്‍കിയത്. 15 മാസം നീണ്ട യുദ്ധത്തിനു വിരാമമിടാനുള്ള വ്യവസ്ഥകളാണ് അംഗീകരിച്ചത്.
വെടിനിര്‍ത്തല്‍ ധാരണയായെന്നു വ്യാഴാഴ്ച ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍ത്താനി പ്രഖ്യാപിച്ചെങ്കിലും ഇനിയും പ്രശ്‌നങ്ങള്‍ പരിഹരിക്കാനുണ്ടെന്ന് ഇസ്രയേല്‍ നിലപാടെടുത്തതു സമാധാനപ്രതീക്ഷകള്‍ക്കു മങ്ങലേല്‍പിച്ചിരുന്നു. ഹമാസുമായി ഉടമ്പടി വച്ചാല്‍ സര്‍ക്കാരിനെ വീഴ്ത്തുമെന്നു തീവ്രനിലപാടുകാരായ ഘടകകക്ഷികള്‍ ഭീഷണി മുഴക്കിയതു നെതന്യാഹുവിനെ വെട്ടിലാക്കിയിരുന്നു. ദേശീയസുരക്ഷാ മന്ത്രി ഇതമാര്‍ ബെന്‍ഗ്വിര്‍, ധനമന്ത്രി ബസലേല്‍ സ്‌മോട്രിച് എന്നിവര്‍ രാജിഭീഷണി മുഴക്കിയെങ്കിലും മന്ത്രിസഭയില്‍ ഭൂരിപക്ഷം പേരുടെ പിന്തുണയുള്ളതിനാല്‍ മുന്നോട്ടുപോകാന്‍ നെതന്യാഹു തീരുമാനിക്കുകയായിരുന്നു. മറ്റന്നാള്‍ ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായി അധികാരമേല്‍ക്കും മുന്‍പു കരാര്‍ അന്തിമമാക്കാന്‍ യുഎസിന്റെ സമ്മര്‍ദമുണ്ടായിരുന്നു.