വാഷിങ്ടണ്‍: ഇന്ന് അമേരിക്കന്‍ പ്രസിഡണ്ട് ആയി ചുമതലയേല്‍ക്കാന്‍ ഡൊണാള്‍ഡ് ട്രംപ് തയ്യാറെടുക്കവെ നിയുക്ത പ്രഥമ വനിതയായ മെലാനിയ ട്രംപ് ഇത്തവണ താന്‍ തന്റേതായ രീതിയില്‍ തന്നെ പ്രധാനപ്പെട്ട പലതും ചെയ്യും എന്ന സൂചനകള്‍ നല്‍കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച ഈ മുന്‍ മോഡല്‍, ട്രംപിന്റെ, പാം ബീച്ചിലുള്ള മാര്‍ എ ലാഗോ എസ്റ്റേറ്റിലെ വെച്ച് ജോര്‍ദ്ദാനിലെ റയിന രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ദീര്‍ഘകാലമായി സുഹൃത്തുക്കളായ ഇവര്‍ ഇസ്രയേല്‍ ഹമാസ് വെടി നിര്‍ത്തല്‍ കരാര്‍ സാധ്യമായതിന് ശേഷമാണ് ഇപ്പോള്‍ കണ്ടുമുട്ടുന്നത്. കരാര്‍ സാധ്യമാക്കുന്നതില്‍, മേഖലയിലേക്ക് ട്രംപ് നിയോഗിച്ച പ്രതിനിധിയും കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്.

കാപ്പി കുടിച്ചുകൊണ്ട് ഇരുവരും തമ്മില്‍ ഗഹനമായ എന്തോ സംസാരിക്കുന്ന ചിത്രമാണ് തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ രാജ്ഞി പങ്കുവച്ചത്. കഴിഞ്ഞ നവംബര്‍ മുതല്‍ ഡോക്യുമെന്ററി ചിത്രീകരിക്കാനായി മെലാനിയുടെ പുറകില്‍ തന്നെയുള്ള ഡോക്യുമെന്ററി ഫിലിം ക്രൂ ഇവര്‍ തമ്മില്‍ എന്താണ് സംസാരിച്ചത് എന്ന് മനസ്സിലാക്കിയോ എന്നാണ് പലരും സംശയം ചോദിക്കുന്നത്. തന്റെ ജീവിതവും തൊഴില്‍ മേഖലയുമെല്ലാം ഡോക്യുമെന്ററി ആക്കുന്നതിന് ശതകോടീശ്വരന്‍ ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ആമസോണുമായി 40 മില്യന്‍ ഡോളറിന്റെ കരാറാണ് മെലാനിയ ഉറപ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ട്രംപും മകനും ഇതില്‍ പ്രത്യക്ഷപ്പെടുന്നുമുണ്ടത്രെ.

ഈ പ്രൊജക്ടിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൂടിയാണ് മെലാനിയ. അവര്‍ക്ക് എത്ര തുക പ്രതിഫലമായി ലഭിക്കുമെന്നതിന് വ്യക്തതയില്ലെങ്കിലും, സാമാന്യം വലിയ ഒരു തുക തന്നെ ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. തികച്ചും വ്യത്യസ്തമായ രീതിയിലാണ് മെലാനിയയുടെ വൈറ്റ്ഹൗസിലെ രണ്ടാമൂഴം. ആദ്യ തവണ അവര്‍ അമേരിക്കന്‍ പ്രഥമ വനിത ആയപ്പോള്‍ വളരെ കുറവ് പൊതുപരിപാടികള്‍ക്ക് മാത്രമെ അവര്‍ ആതിഥേയത്വം വഹിച്ചിരുന്നുള്ളു. വളരെ കുറവ് അഭിമുഖങ്ങള്‍ മാത്രമെ നല്‍കിയിരുന്നുള്ളു.അവര്‍ വെള്ളിവെളിച്ചത്തില്‍ നിന്നും കഴിയുന്നത്ര ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു കഴിഞ്ഞ തവണ.

എന്നാല്‍, രണ്ടാം വരവില്‍ അവര്‍ തികച്ചും വ്യത്യസ്തയായിരിക്കും എന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്നതെല്ലാം. തന്റേതായ ഒരു നിയന്ത്രണം കാര്യങ്ങളില്‍ ഉണ്ടാകണമെന്ന് അവര്‍ കരുതുന്നു. മാത്രമല്ല, അതിനുള്ള യോഗ്യത തനിക്കുണ്ടെന്നും അവര്‍ വിശ്വസിക്കുന്നു. പണമാണ് അവര്‍ക്ക് ഏറെ പ്രാധാന്യമുള്ള ഒന്നെന്ന് അവരുമായി അടുത്ത ചിലര്‍ പറയുന്നു. ആദ്യ തവണ വൈറ്റ്ഹൗസ് വിട്ടിറങ്ങിയ ഉടനെ അവര്‍ ബിസിനസ്സിലേക്ക് തിരിഞ്ഞിരുന്നു. മാത്രമല്ല, കഴിഞ്ഞ ആഗസ്റ്റില്‍ ട്രംപ് ഫയല്‍ ചെയ്ത ഒരു വെളിപ്പെടുത്തലില്‍ പറയുന്നത്, തന്റെ ഭര്‍ത്താവിനായുള്ള ഒരു ഫണ്ട് റെയ്‌സിംഗ് പരിപാടിയില്‍ സംസാരിക്കുവാന്‍ മെലാനിയയ്ക്ക് 2,37,500 പൗണ്ട് നല്‍കി എന്നാണ്.




എന്നാല്‍, വൈറ്റ്ഹൗസില്‍ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റുന്ന വേറെയും സുന്ദരികളുണ്ട്. ട്രംപിന്റെ മകള്‍ ഇവങ്കയും കൊച്ചുമകള്‍ കായിയുമാണ് ഏറെ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റുന്ന മറ്റു രണ്ടുപേര്‍. അധികാരമേറ്റെടുക്കുന്നതിന്റെ തലേന്നാളായ ഇന്നലെ സ്റ്റെര്‍ലിംഗ്, വെര്‍ജീനിയയിലെ ട്രംപ് നാഷണല്‍ ഗോള്‍ഫ് ക്ലബ്ബില്‍ നടന്ന ആഘോഷ പരിപാടികളില്‍ ഇരുവരും ശ്രദ്ധാ കേന്ദ്രങ്ങളായി. മകന്‍, ഡൊണാള്‍ഡ് ജൂനിയറിന്റെ കാമുകി ബെറ്റിന ആന്‍ഡേഴ്സണും ആഘോഷത്തില്‍ പങ്കെടുത്തതായി ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താരതമ്യേന വെള്ളിവെളിച്ചത്തില്‍ നിന്നും അകന്നു നിന്നിരുന്ന ബെറ്റിന ആന്‍ഡേഴ്സനും ജൂനിയര്‍ ട്രംപുമായുള്ള ബന്ധം ആദ്യം പുറത്തു കൊണ്ടുവന്നതും ഡെയ്ലി മെയില്‍ ആയിരുന്നു.