രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങളില്‍ അതീവ ആശങ്ക രേഖപ്പെടുത്തിക്കൊണ്ട് സ്വീഡിഷ് പ്രധാനമന്ത്രി രംഗത്തെത്തി. ഇസ്ലാമിക് വിരുദ്ധ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ വിദേശ ശക്തികള്‍ ഉള്‍പ്പെട്ടിരിക്കാം എന്നും അദ്ദേഹം പറഞ്ഞു. ഖുറാന്‍ കത്തിച്ച കേസിലെ പ്രതി കൂടിയായ ഇറാഖി പൗരന്‍ സാല്‍വാന്‍ മോമികയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.കേസില്‍ ഇന്നലെ കോടതി വിധി വരാനിരിക്കെയാണ് ഇയാള്‍ കൊല്ലപ്പെടുന്നത്. ഇയാള്‍ ടിക്ടോക്കില്‍ വീഡിയോ ചിത്രീകരിച്ചിരുന്ന സമയത്ത്, ഇയാളുടെ ഫ്‌ലാറ്റില്‍ കയറിയ ഒരു സംഘമാണ് വെടിവെച്ച് കൊന്നതെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

ഇവരില്‍ അഞ്ചു പേരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. അത്യധികം മാനവിക വിരുദ്ധമാണ് ഉള്ളടക്കം എന്ന് ആരോപിച്ചു കൊണ്ടായിരുന്നു 2023 ജൂണിലെ പെരുന്നാള്‍ ദിവസമിയാള്‍ സ്റ്റോക്ക്‌ഹോം സെന്‍ട്രല്‍ മോസ്‌കിന് മുന്‍പില്‍ വെച്ച് ഖുറാന്‍ കത്തിച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും ഭാഗമാണ് തന്റെ നടപടി എന്ന് അയാള്‍ അവകാശപ്പെടുകയും ചെയ്തിരുന്നു. ആദ്യം, മോമികയുടെ നിലപാടിനെ പിന്താങ്ങിയ സ്വീഡിഷ് സര്‍ക്കാര്‍ പിന്നീട് ലോകമെമ്പാടു നിന്നും ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ നിലപാടില്‍ മാറ്റം വരുത്തുകയായിരുന്നു.

മോമികയുടെ കൊലപാതകത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. അന്വേഷണം അതിന്റെ ആദ്യ ഘട്ടത്തിലാണെന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും പറഞ്ഞ അധികൃതര്‍, ഇതില്‍ പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്നവര്‍ അറസ്റ്റിലാണെന്നും അറിയിച്ചു. ഇതില്‍ വിദേശ ശക്തികള്‍ക്ക് കൈയ്യുള്ളതായി സംശയിക്കുന്നു എന്ന് ഒരു പത്ര സമ്മേളനത്തിലായിരുന്നു പ്രധാനമന്ത്രി ഉല്‍ഫ് ക്രിസ്റ്റേഴ്സണ്‍ പറഞ്ഞത്.

ഒരു കാലത്ത് സമാധാനത്തിന്റെ പര്യായമായി മാറിയിരുന്ന ഈ നോര്‍ഡിക് രാജ്യം ഇപ്പോള്‍ അക്രമ പരമ്പരകള്‍ക്ക് തന്നെ സാക്ഷ്യം വഹിക്കുന്ന സമയത്താണ് ഈ കൊലപാതകവും നടന്നിരിക്കുന്നത്. സംഘടിത ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ് ഇവിടെ. അക്രമങ്ങള്‍ക്ക് മീതെ സര്‍ക്കാരിന് നിയന്ത്രണം നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് പല രാഷ്ടീയ നിരീക്ഷകരും വിലയിരുത്തുന്നു.കൊലപാതകം നടക്കുമ്പോള്‍ മോമിക ടിക്ടോക്കില്‍ ലൈവ് സ്ട്രീമിംഗ് നടത്തുകയായിരുന്നു എന്നാണ് മെയില്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവ സ്ഥലത്ത് എത്തിയ പോലീസ്, ഒരു ഫോണ്‍ എടുത്ത് ലൈവ് സ്ട്രീം ഓഫ് ചെയ്യുന്ന രംഗം മറ്റൊരു വീഡിയോയില്‍ വന്നിരുന്നു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു വംശീയ വിദ്വേഷം പരത്തുന്നു എന്ന് ആരോപിച്ച്, മോമികക്കും സഹപ്രവര്‍ത്തകനായ സാല്‍വാന്‍ നജെമിനും എതിരെ നാല് കേസുകള്‍ സ്വീഡിഷ് സര്‍ക്കാര്‍ റെജിസ്റ്റര്‍ ചെയ്തത്.ഖുറാന്‍ കത്തിച്ചതും, മുസ്ലീം സമുദായത്തില്‍ പെട്ടവരെ അവഹേളിക്കുന്ന രീതിയില്‍ സംസാരിച്ചതുമൊക്കെ ഇവര്‍ക്കെതിരെ ചാര്‍ജ്ജ് ചെയ്തിരിക്കുന്ന നാല് കേസുകളില്‍ ഉള്‍പ്പെടുന്നു. ഇപ്പോള്‍ മോമിക കൊല്ലപ്പെട്ടതോടെ ഈ കേസ് വിസ്താരം നീട്ടി വെച്ചിരിക്കുകയാണ്. ലിസ്റ്റില്‍ അടുത്തത് താനാണ് എന്നാണ് മോമികയുടെ സഹപ്രവര്‍ത്തകനും, കേസുകളില്‍ കൂട്ടു പ്രതിയുമായ നജെം എക്സില്‍ കുറിച്ചത്. തനിക്ക് വധ ഭീഷണി ലഭിച്ചിട്ടുണ്ടെന്നും ഇയാള്‍ സ്വീഡിഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

2023 ജൂണിലായിരുന്നു സ്റ്റോക്ക്‌ഹോമിലെ പ്രധാന മോസ്‌ക്കിന് മുന്നില്‍ ഖുറാന്‍ കത്തിച്ചുകൊണ്ട് ഇയാള്‍ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. അന്ന് ഇസ്ലാമിക രാജ്യങ്ങള്‍ മാത്രമല്ല, അമേരിക്കയും ബ്രിട്ടനും ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ആ നടപടിയെ അപലപിച്ചിരുന്നു. നൂറുകണക്കിന് പ്രതിഷേധക്കാര്‍ ബാഗ്ദാദിലെ സ്വീഡിഷ് എംബസിയിലേക്ക് ഇരച്ചു കയറിയായിരുന്നു പ്രതിഷേധിച്ചത്. എന്നാല്‍, തന്റെ നടപടികളെ ന്യായീകരിച്ച മോമിക മറ്റൊരവസരത്തില്‍, സ്റ്റോക്ക്‌ഹോമിലെ ഇറാഖി എംബസ്സിക്ക് മുന്‍പിലും ഖുറാന്‍ കത്തിക്കുകയുണ്ടായി.

തുടര്‍ന്ന് 2023 ഒക്ടോബറില്‍ സ്വീഡിഷ് മൈഗ്രേഷന്‍ ഏജന്‍സി ഇയാളുടെ റെസിഡന്‍സി പെര്‍മിറ്റ് റദ്ദാക്കുകയുണ്ടായി. ഇയാള്‍ നല്‍കിയ അപേക്ഷയില്‍ ചില തെറ്റായ വിവരങ്ങള്‍ നല്‍കി എന്ന് ആരോപിച്ചായിരുന്നു ഇത്. എന്നാല്‍, ഇറാഖിലേക്കുള്ള നാടുകടത്തല്‍ ചില നിയമകുരുക്കില്‍ പെട്ട് നീണ്ടു പോയപ്പോള്‍, അത് പൂര്‍ത്തിയാകുന്നതു വരെ താത്ക്കാലിക പെര്‍മിറ്റ് നല്‍കുകയായിരുന്നു. അതിനിടയില്‍ ഇയാള്‍ 20024 മാര്‍ച്ചില്‍ നോര്‍വേയില്‍ എത്തി അവിടെ റെസിഡന്‍സി പെര്‍മിറ്റിന് ശ്രമിച്ചിരുന്നു. സ്വീഡനിലെ, വാഴ്ത്തപ്പെടുന്ന അഭിപ്രായ സ്വാതന്ത്ര്യം വെറും നുണയാണെന്നാണ് അന്ന് അയാള്‍ പറഞ്ഞത്. എന്നാല്‍, നോര്‍വേ ഇയാളുടെ അപേക്ഷ നിരാകരിച്ച് ഇയാളെ സ്വീഡനിലേക്ക് തിരിച്ചയക്കുകയായിരുന്നു.

ഇയാളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ പറയുന്നത് സ്വീഡനിലേക്ക് വരുന്നതിനു മുന്‍പായി ഇയാള്‍ ഇറാഖി രാഷ്ട്രീയ സാമൂഹിക ജീവിതത്തില്‍ ഇടപെട്ടിരുന്ന ഒരു വ്യക്തിയാണ് എന്നാണ്. ഐസിസിനെതിരെ പോരാടുന്ന ഒരു ക്രിസ്ത്യന്‍ സായുധ സേനയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് അതില്‍ പറയുന്നു. അതുപോലെ 2019 കളുടെ അവസാനത്തില്‍ ഇറാഖില്‍ ശക്തമായ അഴിമതി വിരുദ്ധ പോരാട്ടങ്ങളിലും ഇയാള്‍ സജീവമായി പങ്കെടുത്തിട്ടുണ്ട് എന്നാണ് അതില്‍ പറയുന്നത്.