വാഷിങ്ടന്‍: പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷത്തിലേക്ക്. ഗാസയുമായി ബന്ധപ്പെട്ട് ശനിയാഴ്ച കടുത്ത നിലപാട് സ്വീകരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറയുമ്പോള്‍ വീണ്ടും യുദ്ധ സമാന സാഹചര്യമാണ് ഉണ്ടാകുന്നത്. ഗാസയില്‍ നിന്ന് എല്ലാ ബന്ദികളെയും മോചിപ്പിക്കാന്‍ ശനിയാഴ്ച വരെയാണ് ഡോണള്‍ഡ് ട്രംപ് ഹമാസിന് സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. അല്ലാത്തപക്ഷം വീണ്ടും ആക്രമണം തുടങ്ങുമെന്നും ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ റദ്ദാക്കാന്‍ ആഹ്വാനം ചെയ്യുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ശനിയാഴ്ച കടുത്ത നിലപാട് എടുക്കുമെന്ന പ്രഖ്യാപനം. ഗാസയില്‍ അമേരിക്ക നേരിട്ട് ആക്രമണം നടത്താനുള്ള സാധ്യതയാണ് തെളിയുന്നത്. ബന്ദി മോചനത്തില്‍ ഹമാസ് എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാകും.

പലസ്തീന്‍കാരെ സമീപരാഷ്ട്രങ്ങളിലേക്കു മാറ്റി ഗാസ സ്വന്തമാക്കുമെന്ന ഭീഷണി ആവര്‍ത്തിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് ട്രംപിന്റെ ശനിയാഴ്ച പ്രഖ്യാപനം. ഗാസയിലെ 20 ലക്ഷത്തിലേറെ വരുന്ന പലസ്തീന്‍കാര്‍ ഒഴിഞ്ഞുപോകണമെന്നാണ് ട്രംപിന്റെ നിലപാട്. ഗാസ യുഎസ് ഏറ്റെടുത്ത് അവിടെ ഉല്ലാസകേന്ദ്രം നിര്‍മിക്കുമെന്ന് അധികാരമേറ്റതിനു പിന്നാലെ ട്രംപ് പ്രഖ്യാപിച്ചത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പലസ്തീന്‍ അഭയാര്‍ഥികളെ ഏറ്റെടുത്തില്ലെങ്കില്‍ സഹായം നിര്‍ത്തുമെന്ന് സഖ്യകക്ഷികളായ ഈജിപ്തിനും ജോര്‍ദാനും ട്രംപ് മുന്നറിയിപ്പു നല്‍കുകയും ചെയ്തു. കുറച്ചു പലസ്തീന്‍കാരെ അമേരിക്ക സ്വീകരിക്കാന്‍ ഒരുക്കമാണെന്നും എന്നാല്‍ ഓരോ അപേക്ഷയും പ്രത്യേകം പരിശോധിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

ഗാസയില്‍നിന്ന് പലസ്തീനികളെ ഒഴിപ്പിക്കുന്നതിനെതിരായ ജോര്‍ദാന്റെ നിലപാട് വൈറ്റ് ഹൗസിലെ കൂടിക്കാഴ്ചയില്‍ ട്രംപിനെ ധരിപ്പിച്ചിട്ടുണ്ടെന്ന് അബ്ദുല്ല രാജാവ് വ്യക്തമാക്കി. അറബ് രാജ്യങ്ങള്‍ ബദല്‍ മാര്‍ഗം യുഎസിനു മുന്നില്‍ അവതരിപ്പിക്കുമെന്നും സൂചനയുണ്ട്. ഗാസയുടെ ഭാവി സംബന്ധിച്ച് പദ്ധതി തയാറാക്കാനായി സൗദി അറേബ്യയുടെ നേതൃത്വത്തില്‍ അറബ് രാജ്യങ്ങള്‍ നീക്കം തുടങ്ങിയെന്നാണ് സൂചന. ആശയങ്ങള്‍ ഈ ആഴ്ച റിയാദില്‍ ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഈജിപ്ത്, ജോര്‍ദാന്‍, യുഎഇ എന്നീ രാജ്യങ്ങള്‍ പങ്കാളികളാകും. 27നു കയ്‌റോയില്‍ അറബ് ഉച്ചകോടിയില്‍ അവതരിപ്പിക്കും. ഗാസ പുനര്‍നിര്‍മാണത്തിനുള്ള ഫണ്ട് സമാഹരണമാണു മുഖ്യം. ഹമാസിനെ ഒഴിവാക്കിയും രാജ്യാന്തര പങ്കാളിത്തം ഉറപ്പാക്കിയും 4 പദ്ധതി രൂപരേഖകള്‍ തയാറായിട്ടുണ്ടെന്നു റിപ്പോര്‍ട്ടുണ്ട്. പലസ്തീന്‍കാരെ ഒഴിപ്പിച്ചു ഗാസ സ്വന്തമാക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കത്തിനു തടയിടുകയാണു ലക്ഷ്യം.

പലസ്തീനികളെ പുറത്താക്കി ഗാസയെ സുഖവാസ കേന്ദ്രമാക്കി മാറ്റാനുള്ള ട്രംപിന്റെ നിര്‍ദേശം അംഗീകരിക്കാനാവില്ലെന്നു സൗദിയും മറ്റ് അറബ് രാജ്യങ്ങളും നേരത്തേ വ്യക്തമാക്കിയിരുന്നു. സൗദിക്കു പുറമേ, ഈജിപ്ത്, ജോര്‍ദാന്‍, യുഎഇ എന്നീ രാജ്യങ്ങള്‍ വൈകാതെ റിയാദില്‍ യോഗം ചേരുന്നുണ്ട്. ട്രംപിന്റെ നിര്‍ദേശത്തിനു പകരം മറ്റൊരു പദ്ധതി തയാറാക്കി ട്രംപിനെക്കൊണ്ടുതന്നെ അംഗീകരിപ്പിക്കാനുള്ള നീക്കം യോഗത്തില്‍ ചര്‍ച്ചയാകും. കുറഞ്ഞത് നാലു പദ്ധതികളെങ്കിലും അറബ് രാജ്യങ്ങളുടെ പരിഗണനയിലുണ്ട്. ഗാസയുടെ ഭരണത്തിനായി ഹമാസിനെ ഒഴിവാക്കി പലസ്തീന്‍ സമിതി രൂപവത്കരിക്കാനുള്ള ഈജിപ്ഷ്യന്‍ പദ്ധതിക്കാണ് ഇതില്‍ ഏറ്റവും സ്വീകാര്യത ലഭിച്ചിരിക്കുന്നത്.

പലസ്തീനികളെ പുറത്താക്കാതെ അന്താരാഷ്ട്ര സഹകരണത്തോടെ ഗാസ പുനര്‍നിര്‍മിക്കാനും പദ്ധതിയില്‍ നിര്‍ദേശിക്കുന്നു. ഇതിനായി ഗള്‍ഫ് രാജ്യങ്ങളുടെ നേതൃത്വത്തില്‍ പ്രത്യേക ഫണ്ട് രൂപീകരിക്കാനും ആലോചനയുണ്ട്.