ലോക കോടീശ്വരനായ ഇലോണ്‍ മസ്‌ക്കിന്റെ സ്ഥാപനമായ ടെസ്ലയുടെ ഓഹരികളുടെ വിലയിടിയുകയാണ്. കൂടാതെ മസ്‌ക്കിന്റെ ആസ്തിയിലും കുറവ് സംഭവിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ പകുതിയോടെ ആസ്തി 486 ബില്യണ്‍ ഡോളറായിരുന്നു എന്നാല്‍ ഇപ്പോള്‍ അത് 384 ബില്യണ്‍ ഡോളറായി കുറഞ്ഞിരിക്കുന്നു. എങ്കിലും ഇപ്പോഴും ലോകകോടീശ്വരന്‍ എന്ന പദവി മസ്‌ക്കിന് തന്നെയാണ് സ്വന്തം.

ടെസ്ലയുടെ ഓഹരി വില ഈ വര്‍ഷം 356 ഡോളറായി കുറഞ്ഞിരുന്നു. ഇലക്ട്രിക്ക് വാഹനങ്ങളുടെ നിര്‍മ്മാണത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ടെസ്ലക്ക് ഇത് തിരിച്ചടിയുടെ കാലമാണോ എന്നാണ് പലരും സംശയിക്കുന്നത്. ടെസ്ല ഉടമയായ ഇലോണ്‍ മസ്‌ക്ക് ആകട്ടെ ഇപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഏറ്റവും അടുത്തയാളും സര്‍ക്കാരിന്റ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുളള സമിതിയായ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സിയുടെ പ്രധാന ചുമതല വഹിക്കുന്ന വ്യക്തിയുമാണ്. കമ്പനിയുടെ കാര്യത്തില്‍ മസ്‌ക്ക് നിലവില്‍ ഉത്ക്കണ്ഠ പ്രകടിപ്പിച്ചതായി സൂചനയില്ല.

പതിവ് പോലെ ഉന്‍മേഷവാനായിട്ടാണ് അദ്ദേഹം കാണപ്പെടുന്നതും. അമേരിക്കന്‍ സര്‍്ക്കാരിന്റെ ചെലവുകള്‍ രണ്ട് ട്രില്യണ്‍ ഡോളറായി ചുരുക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം. അതേ സമയം പുതിയ പദവിയുടെ ഔദ്യോഗികമായ തിരക്കുകള്‍ക്കിടയിലും സ്വന്തം സ്ഥാപനത്തിന്റെ കാര്യങ്ങള്‍ക്ക തന്നെയാണ് മസ്‌ക് മുന്‍ഗണന കൊടുക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വിശ്വസ്തര്‍ പറയുന്നത്. ഈയാഴ്ച തന്നെ 100 ബില്യണ്‍ ഡോളര്‍ ചെലവിട്ട് പ്രമുഖ സ്ഥാപനമായ ഓപ്പണ്‍ എ-ഐ സ്വന്തമാക്കാനുള്ള നീക്കവും മസ്‌ക് നടത്തുകയായിരുന്നു.

ചാറ്റ് ജി.പി.ടിയുടെ ഉപജ്ഞാതാക്കളാണ് ഓപ്പണ്‍ എ-ഐ. ടെസ്ലയുടെ വാഹനങ്ങളുടെ വില്‍പ്പന കുറേ നാളുകളായി കുറഞ്ഞു വരികയായിരുന്നു. ഒപ്പം വിപണിയില്‍ അവയുടെ ഓഹരികള്‍ക്കും വിലയിടിഞ്ഞിരുന്നു. കഴിഞ്ഞ നവംബറില്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ടെസ്ലയുടെ ഓഹരിവിലകള്‍ ഉയര്‍ന്നിരുന്നു. നേരിയ തോതില്‍ ഓഹരി വിലകള്‍ ഇടിഞ്ഞു എങ്കിലും ഇപ്പോഴും അവ വലിയ മാറ്റമില്ലാതെ തുടരുകയാണ്. ട്രംപുമായി മസ്‌ക്കിനുള്ള അടുപ്പം ഇതിന് അനുകൂല ഘടകമായി മാറും എന്നാണ് ഓഹരി വിപണിയിലെ പ്രമുഖര്‍ പ്രവചിക്കുന്നത്.

എന്നാല്‍ ടെസ്ല വാഹനങ്ങളുടെ വില്‍പ്പന കുറഞ്ഞത് ആശങ്കയുണ്ടാക്കുന്നതാണ്. വാഹനം ബുക്ക് ചെയ്തിരുന്നവര്‍ക്ക് വാഗ്ദാനം ചെയ്ത സമയത്തിന് അവ നല്‍കാന്‍ കഴിയാത്ത അവസ്ഥയും ഉണ്ട്. ടെസ്ലയുടെ അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും വലിയ വിപണിയായ ചൈനയിലും വാഹനങ്ങളുടെ വില്‍പ്പന കുറഞ്ഞിരിക്കുകയാണ്. ജര്‍മ്മനിയിലും ടെസ്ലയുടെ വില്‍്പ്പന കുറവാണ്.

എന്നാല്‍ ഇത് കൊണ്ടൊന്നും കുലുങ്ങാതെ അടുത്ത വര്‍ഷത്തെ വന്‍ പ്രോജക്ടുകളുടെ ചര്‍ച്ചയിലാണ് മസ്‌ക്. നിലവിലെ അനുകൂല സാഹചര്യങ്ങളെ എങ്ങനെ ഫലപ്രദമായി മുതലെടുക്കാം എന്ന് ഈ വ്യവസായ ഭീമന് നന്നായിട്ടറിയാം.