- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂറോപ്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തി ട്രംപ്; യൂറോപ്പിലെ ഓഹരി വിപണി ഇടിഞ്ഞു; ഏറ്റവും അധികം ഇടിഞ്ഞത് കാര്‍ കമ്പനികളുടെ മൂല്യം; ധൃതി പിടിച്ച തീരുമാനം സ്റ്റാര്‍മാര്‍ അമേരിക്കക്ക് വിമാനം കയറിയ ഉടന്‍; തിരിച്ചടിക്കാന്‍ ഉറച്ച് യൂറോപ്പ്
ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്‍ രൂപീകരിച്ചത് തന്നെ അമേരിക്കന്‍ താത്പര്യങ്ങളെ അട്ടിമറിക്കാനാണെന്ന് ആരോപിച്ച അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്, യൂറോപ്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ കനത്ത നികുതി ചുമത്തിയതോടെ കടുത്ത രീതിയില്‍ തന്നെ പ്രതികരിക്കാന്‍ യൂറോപ്യന്‍ കമ്മീഷനും തീരുമാനിച്ചിരിക്കുകയാണ്. പരസ്പരമുള്ള വാക്ക്‌പോരുകളും, താരിഫ് ഏര്‍പ്പെടുത്തിയതുമൊക്കെ ഒരു വാണിജ്യ യുദ്ധം ശക്തപ്പെടുന്നതിന്റെ സൂചനകളാണ് നല്‍കിയത്. ഇതോടെ ചില പ്രമുഖ യൂറോപ്യന്‍ കാര്‍ നിര്‍മ്മാതാക്കളുടെ ഓഹരികള്‍ കുത്തനെ ഇടിഞ്ഞു.
സ്റ്റെല്ലാന്റിസ്, ഫോക്സ്വാഗന്‍, പോര്‍ഷെ എന്നീ കമ്പനികളുടെ ഓഹരി മൂല്യം 2 ശതമാനത്തോളം ഇടിഞ്ഞപ്പോള്‍, പ്രമുഖ സ്പോര്‍ട്‌സ് കാര്‍ നിര്‍മ്മാതാക്കളായ ഫെറാരിയുടെ മൂല്യത്തില്‍ 6 ശതമാനത്തില്‍ ഏറേയാണ് ഇടിവുണ്ടായിരിക്കുന്നത്. ഒരു വാണിജ്യ യുദ്ധത്തില്‍ ആര്‍ക്കും താത്പര്യമില്ലെന്ന് വ്യക്തമാക്കിയ ഫ്രഞ്ച് സര്‍ക്കാരിന്റെ വക്താവ് സോഫീ പ്രിമാസ്, ഒരിക്കലും അമേരിക്കക്ക് ഒരു ഭീഷണി ആയല്ല യൂറോപ്യന്‍ യൂണിയന്‍ രൂപീകരിച്ചതെന്നും വ്യക്തമാക്കി. എന്നാല്‍, പ്രതികരിക്കാന്‍ തീരുമാനിച്ചാല്‍ തങ്ങള്‍ പ്രതികരിച്ചിരിക്കുമെന്നും അവര്‍ വ്യക്തമാക്കി.
ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍, ഡോണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചക്കായി അമേരിക്കയിലേക്ക് യാത്ര തിരിച്ച ഉടനെയാണ് അമേരിക്കന്‍ പ്രസിഡണ്ടിന്റെ ഉത്തരവ് വന്നിരിക്കുന്നത്. അമേരിക്കയുമായുള്ള വ്യാപാരത്തില്‍ ബ്രിട്ടന് നഷ്ടമൊന്നും ഉണ്ടായിട്ടില്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു അമേരിക്കന്‍ പ്രസിഡണ്ടിന്റെ പ്രഖ്യാപനം. വൈറ്റ്ഹൗസിന്റെ കോപത്തില്‍ നിന്നും ബ്രിട്ടന്‍ താത്ക്കാലികമായി രക്ഷപ്പെട്ടെന്ന് ചുരുക്കം. അതിനിടയില്‍, മറ്റ് കാര്‍ നിമ്മാതാക്കളില്‍ നിന്നും വിഭിന്നമായി റോള്‍സ് റോയ്‌സിന്റെ ഓഹരിമൂല്യം 16 ശതമാനം വര്‍ദ്ധിക്കുകയാണ് ചെയ്തിരിക്കുന്നത്.
പ്രസിഡണ്ട് പദവിയില്‍ എത്തിയതിനു ശേഷമുള്ള ആദ്യ ക്യാബിനറ്റ് മീറ്റിംഗില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഡൊണാള്‍ഡ് ട്രംപ് യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് താരിഫ് വര്‍ദ്ധിപ്പിക്കുന്ന കാര്യം സൂചിപ്പിച്ചത്. പുതുക്കിയ താരിഫ് 25 ശതമാനമായിരിക്കും എന്നും ഇത് കാറുകള്‍ക്കും മറ്റ് ഉല്‍പന്നങ്ങള്‍ക്കും ബാധകമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് പാര വയ്ക്കുന്നതിനാണ് യൂറോപ്യന്‍ യൂണിയന്‍ രൂപീകരിച്ചതെന്നും, അവര്‍ അക്കാര്യം വെടിപ്പായി ചെയ്യുന്നുണ്ടെന്നും പറഞ്ഞ ട്രംപ്, പക്ഷെ ഇപോള്‍ താനാണ് അമേരിക്കന്‍ പ്രസിഡണ്ട് എന്നും ഓര്‍മ്മിപ്പിച്ചു. അമേരിക്കന്‍ കാറുകളും, കാര്‍ഷിക ഉല്‍പന്നങ്ങളും വാങ്ങാതെ, യൂറോപ്യന്‍ യൂണിയന്‍ അമേരിക്കന്‍ ഉദാരതയെ മുതലാക്കുകയായിരുന്നു എന്ന് പറഞ്ഞ ട്രംപ്, യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാരത്തില്‍ അമേരിക്കക്ക് 300 മില്യന്‍ ഡോളറിന്റെ കമ്മിയാണുള്ളതെന്നും പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ തിരിച്ചടിക്കുമോ എന്ന ചോദ്യത്തിന്, അവര്‍ ശ്രമിക്കുമെങ്കിലും, അവരെ കൊണ്ട് കഴിയില്ല എന്നായിരുന്നു ട്രംപിന്റെ ഉത്തരം.