ന്യുയോര്‍ക്ക്: മനുഷ്യകുലത്തിന് ഏറ്റവും വലിയ ഭീഷണി ആണവായുധങ്ങളാണെന്ന് പറഞ്ഞ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പറയുന്നത് ആ കിരാത ആയുധങ്ങളുടെ ഉപയോഗം ഒരുപക്ഷെ ലോകാവസാനത്തിന് കാരണമായേക്കും എന്നാണ്. ലോകത്തിലെ രണ്ടാമത്തെ വലിയ ആണവായുധ ശേഖരത്തിന്റെ നിയന്ത്രണമുള്ള ട്രംപ് ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. നിങ്ങള്‍ക്ക് സ്വപ്നം കാണാന്‍ പോലും ആകാത്തത്ര ഭീകരമായിരിക്കും ആണവായുധങ്ങള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതം എന്നും അദ്ദേഹം പറഞ്ഞു.

ഉപയോഗിച്ചാല്‍, ലോകം തന്നെ ഇല്ലാതെയായേക്കാവുന്ന ഒന്നിനായി ഇത്രയധികം പണം മുടക്കുക എന്നത് ഖേദകരമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആണവായുധങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണിയുമായി താരതമ്യം ചെയ്യുമ്പോള്‍ കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന ഭീഷണി ഒന്നുമല്ലെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ ഭരണകൂടത്തിന്റെ ഔദ്യോഗിക നിലപാടാണോ എന്ന് വ്യക്തമാക്കിയില്ലെങ്കിലും, ലോകത്തിലെ ആണവായുധ ശേഖരം കുറയ്ക്കണമെന്നാണ് ആഗ്രഹം എന്ന സൂചനയാണ് ട്രംപ് നല്‍കിയത്.

ആണവായുധങ്ങള്‍ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട് റഷ്യയുമായും ചൈനയുമായും ചര്‍ച്ചകള്‍ക്ക് പുനരാരംഭിക്കാന്‍ തയ്യാറാണെന്ന് കഴിഞ്ഞമാസം ട്രംപ് പറഞ്ഞിരുന്നു. പുതിയ ആണവായുധങ്ങള്‍ നിര്‍മ്മിക്കുവാന്‍ കാരണങ്ങള്‍ ഒന്നുമില്ലെന്നും, ഇപ്പോള്‍ തന്നെ അവ ആവശ്യത്തിലധികമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ തന്നെ ലോകത്തെ അന്‍പതോ നൂറോ തവണ നശിപ്പിക്കാന്‍ കെല്‍പുള്ള ആണവായുധങ്ങള്‍ ലോകത്തുണ്ടെന്നും ഇനി അവയ്ക്കായി പണം ചെലവാക്കാതെ കൂടുതല്‍ പ്രയോജനകരമായ കാര്യങ്ങള്‍ക്കായി ചെലവഴിക്കണമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

നിലവില്‍ 5,177 ആണവ പോര്‍മുനകളാണ് അമേരിക്കയുടെ പക്കലുള്ളത്. അതില്‍ 1477 എണ്ണം നിര്‍വീര്യമാക്കാന്‍ പോവുകയാണ്. ശീതയുദ്ധം അതിന്റെ മൂര്‍ദ്ധന്യതയില്‍ ഉണ്ടായിരുന്ന 1960 കളില്‍ അമേരിക്കയുടെ പക്കല്‍ 31,255 ഓളം പോര്‍മുനകളായിരുന്നു ഉണ്ടായിരുന്നത്. സോവിയറ്റ് യൂണിയന്റെ പതനത്തോടെ ഇവ നിര്‍വീര്യമാക്കാന്‍ തുടങ്ങിയെങ്കിലും 2000 കളില്‍ പ്രക്രിയ മന്ദഗതിയിലായി. നിലവില്‍ റഷ്യയിലാണ് ഏറ്റവുമധികം ആണവ പോര്‍മുനകള്‍ ഉള്ളത്, 5,600. ഇക്കാര്യത്തില്‍ മൂന്നാം സ്ഥാനത്തുള്ള ചൈനയുടെ പക്കല്‍ 350 പോര്‍മുനകളുമുണ്ട്.

അതിനിടയില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ കൂടുതലായി ആണവായുധങ്ങളിലേക്ക് തിരിയുകയാണ്. തങ്ങളുടെ ആണവായുധ ശേഖരം തങ്ങളുടെ സഖ്യകക്ഷികള്‍ക്ക് നല്‍കാന്‍ തയ്യാറാണെന്നായിരുന്നു കഴിഞ്ഞയാഴ്ച ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍ പ്രഖ്യാപിച്ചത്. അതേസമയം, നിര്‍ബന്ധിത സൈനിക സേവനം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പോളണ്ടിന്റെ ഡൊണാള്‍ഡ് ടസ്‌കും ആണവായുധങ്ങള്‍ തങ്ങള്‍ക്ക് വേണമെന്ന് ആഗ്രഹിക്കുന്നു.

ഇക്കാര്യം ഫ്രാന്‍സുമായി ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്യും എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ആണവായുധങ്ങളുമായി ബന്ധപ്പെട്ട് ഫ്രാന്‍സുമായും ബ്രിട്ടനുമായും ചര്‍ച്ചകള്‍ നടത്തുമെന്ന് നിയുക്ത ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡെറിക്ക് മെര്‍സും വ്യക്തമാക്കിയിട്ടുണ്ട്.