മാനവികതയുടെ പേരില്‍ കുടിയേറ്റക്കാരെയും അഭയാര്‍ത്ഥികളെയും വാരിപുണര്‍ന്ന ജര്‍മ്മനി ഉള്‍പ്പടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ തെറ്റു മനസ്സിലാക്കി അത് തിരുത്താനുള്ള ഒരുക്കത്തിലാണ്. അയല്‍ രാജ്യങ്ങളുമായുള്ള കരാറുകള്‍ വകവയ്ക്കാതെ തന്നെ ജര്‍മ്മനിയിലേക്കെത്തുന്ന അഭയാര്‍ത്ഥികളെ അതിര്‍ത്തിയില്‍ വെച്ചു തന്നെ കൂട്ടത്തോടെ തിരിച്ചയയ്ക്കാനാണ് പുതിയ ജര്‍മ്മന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത് എന്ന് ഭരണത്തിലെത്തുന്ന മുന്നണിയിലെ ഒരു വക്താവ് പറയുന്നു.

സഖ്യത്തിലെ ഒരു കക്ഷിയായ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ നേതാവും എയ്ഞ്ചല മെര്‍ക്കലിനു കീഴില്‍ മന്തിയുമായിരുന്ന ജെന്‍സ് സ്പാന്‍ ആണ് വാരാന്ത്യത്തില്‍ സോഷ്യല്‍ ഡെമോക്രാറ്റുകളുമായി നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം ഈ പുതിയ നയം പ്രഖ്യാപിച്ചത്. ഇക്കാര്യം അയല്‍ രാജ്യങ്ങളെ അറിയിക്കുമെന്നും, അവരുടെ കൂടെ സഹകരണത്തോടെ നടപ്പിലാക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, നേരത്തെ പ്രഖ്യാപിച്ചിരുന്നത് പോലെ അയല്‍ രാജ്യങ്ങളുടെ സമ്മതത്തോടെ മാത്രമെ ഇത് നടപ്പിലാക്കൂ എന്ന് അദ്ദേഹം പറഞ്ഞില്ല.

മറ്റു രാജ്യങ്ങളുടെ സമ്മതത്തിനായി തങ്ങള്‍ കാത്തുനില്‍ക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. നിലവിലെ മൈഗ്രേഷന്‍ കരാറില്‍, സഹകരിച്ചുകൊണ്ട് എന്ന് മാത്രമാന് പറയുന്നതെന്നും, സമ്മതം എന്ന് അതില്‍ പരാമര്‍ശിച്ചിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ നിയമവശങ്ങളും പരിശോധിച്ചു മാത്രമെ ഇത് നടപ്പിലാക്കുകയുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, ഈ നയം സ്വീകരിക്കുകയാണെങ്കില്‍ അത് ഇ യു മൈഗ്രേഷന്‍ നിയമത്തിനും, യൂറോപ്യന്‍ കണ്‍വെന്‍ഷന്‍ ഓണ്‍ ഹ്യുമന്‍ റൈറ്റ്‌സിനും വിരുദ്ധമാകുമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. നിയമ തടസ്സങ്ങള്‍ ഒഴിവാക്കാന്‍ വേണമെങ്കില്‍ ജര്‍മ്മനി യൂറോപ്യന്‍ കണ്‍വെന്‍ഷന്‍ ഓണ്‍ ഹ്യുമന്‍ റൈറ്റ്‌സില്‍ നിന്നും പുറത്തു പോകുമെന്ന് സ്പാന്‍ നേരത്തെ സൂചിപ്പിച്ചിരുന്നു.

എന്നാല്‍, ജര്‍മ്മനിയുടെ ഈ നയം അംഗീകരിക്കില്ല എന്ന് ആസ്ട്രിയ വ്യക്തമാക്കി കഴിഞ്ഞു. ജര്‍മ്മനിയില്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി നടന്ന തീവ്രവാദ ആക്രമണങ്ങളെ തുടര്‍ന്നാണ് ജര്‍മ്മനി കുടിയേറ്റ വിഷയത്തില്‍ കടുത്ത നിലപാട് സ്വീകരിക്കാന്‍ തീരുമാനിച്ചത്. തീവ്രവലതുപക്ഷ പാര്‍ട്ടിയായ എ എഫ് ഡി യുടെ വര്‍ദ്ധിച്ചു വരുന്ന ജനപ്രീതിയും ഇത്തരമൊരു തീരുമാനമെടുക്കാന്‍ ഭരണ മുന്നണിയെ പ്രേരിപ്പിച്ചിട്ടുണ്ട്.