- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡാനിഷ് സ്വയം ഭരണത്തിന് കീഴിലുള്ള ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കാനുള്ള ട്രംപിന്റെ നീക്കത്തിന് തിരിച്ചടിയുമായി പുട്ടിന്‍; ആര്‍ട്ടിക്കിലേക്ക് കൂടുതല്‍ സേനയെ അയക്കാന്‍ റഷ്യ: ട്രംപിന്റെ എടുത്ത് ചാട്ടം കൂടുതല്‍ വിനകള്‍ സൃഷ്ടിക്കുമ്പോള്‍
ഡെന്‍മാര്‍ക്കിന്റെ സ്വയംഭരണത്തിന്‍ കീഴിലുളള ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിനെതിരെ ശക്തമായ നീക്കവുമായി റഷ്യ. ആര്‍ട്ടിക്കിലേക്ക് സേനയെ അയയ്ക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍ നീക്കം നടത്തുകയാണ്.
അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സ് ഗ്രീന്‍ലാന്‍ഡ് സന്ദര്‍ശിക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം നടത്തുന്നത്. തന്ത്രപ്രധാനമായ ആര്‍്ട്ടിക്ക് മേഖലയിലേക്ക് കൂടുതല്‍ സൈനികരെ അയയ്ക്കുമെന്ന് പുട്ടിന്‍ തന്നെയാണ് അറിയിച്ചിരിക്കുന്നത്. മേഖലയിലെ റഷ്യയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക തന്നെ ചെയ്യുമെന്നും പുട്ടിന്‍ വെളിപ്പെടുത്തിയിരുന്നു. ഗ്രീന്‍ലാന്‍ഡുമായി ബന്ധപ്പെട്ട അമേരിക്കയുടെ നീക്കങ്ങളെ കുറിച്ച് തങ്ങള്‍ വിശദമായി ചര്‍ച്ച നടത്തിയതായും അദ്ദേഹം വ്യക്തമാക്കി.
ഇത് ചരിത്രപരമായിട്ടുള്ള നീക്കം കൂടിയാണെന്നും പുട്ടിന്‍ ചൂണ്ടിക്കാട്ടി. ഒറ്റനോട്ടത്തില്‍ റഷ്യയുടെ ഈ നീക്കം പലരേയും അത്്ഭുതപ്പെടുത്തിയേക്കാം. ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കാനുളള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തെ അതിരുവിട്ടതാണെന്ന് താന്‍ കരുതുന്നില്ലെന്നും പുട്ടിന്‍ അഭിപ്രായപ്പെട്ടു. റഷ്യ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും ഉചിതമായ സമയത്ത് തന്നെ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ സാധ്യതയുള്ളതായും പുട്ടിന്‍ സൂചന നല്‍കി. 1860 കളില്‍ തന്നെ അമേരിക്കയ്ക്ക് അത്തരം പദ്ധതികള്‍ ഉണ്ടായിരുന്നു. ഗ്രീന്‍ലാന്‍ഡും ഐസ്ലാന്‍ഡും പിടിച്ചെടുക്കാനുള്ള സാധ്യത അമേരിക്കന്‍ ഭരണകൂടം പരിഗണിച്ചിരുന്നു. എന്നാല്‍ ഈ ആശയത്തിന് അന്ന് യു.എസ് കോണ്‍ഗ്രസില്‍ നിന്ന് പിന്തുണ ലഭിച്ചിരുന്നില്ല എന്ന കാര്യവും റഷ്യന്‍ പ്രസിഡന്റ് ഓര്‍മ്മിപ്പിച്ചു. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് ഭാര്യ ഉഷയോടൊപ്പം ഇന്ന് ഗ്രീന്‍ലാന്‍ഡ് സന്ദര്‍ശിക്കുകയാണ്. ഇവിടം ഏറ്റെടുക്കുമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയുമായി ബന്ധപ്പെട്ട് വര്‍ദ്ധിച്ചുവരുന്ന വാക്പോരിനിടയില്‍ ഈ പ്രദേശം സന്ദര്‍ശിക്കുന്ന അമേരിക്കന്‍ സര്‍ക്കാരിലെ ഏറ്റവും പ്രമുഖനാണ് വാന്‍സ്.
സന്ദര്‍ശനത്തിന് മുമ്പ് നടത്തിയ പ്രസ്താവനയില്‍ ഗ്രീന്‍ലാന്‍ഡ് ഡെന്‍മാര്‍ക്കിന്റെ കീഴിലുളള സ്വയംഭരണ പ്രദേശമാണെങ്കിലും ഗ്രീന്‍ലാന്‍ഡിന് അവരില്‍ നിന്ന് ആവശ്യമായ സൈനിക സഹായം ലഭിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയിരുന്നു. ആഗോള സുരക്ഷ അപകടത്തിലാണെന്നും അദ്ദേഹം വാദിച്ചു. ധാതുക്കള്‍ കൊണ്ട് അതി സമ്പന്നമായ ഗ്രീന്‍ലാന്‍ഡിന്റെ നിയന്ത്രണം തങ്ങള്‍ക്ക് ലഭിക്കുമെന്ന ട്രംപിന്റെ പ്രസ്താവനകള്‍ യൂറോപ്യന്‍ രാജ്യങ്ങളെ ചൊടിപ്പിച്ചിരുന്നു. ഗ്രീന്‍ലാന്‍ഡിലേയും ഡെന്‍മാര്‍ക്കിലേയും പല നേതാക്കളും ഇതിനെ കടന്നുകയറ്റം എന്നാണ് വിശേഷിപ്പിച്ചത്. ഗ്രീന്‍ലാന്‍ഡില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നതിന് പകരം വടക്കന്‍ ഗ്രീന്‍ലാന്‍ഡിലെ പിറ്റുഫിക് എന്ന അമേരിക്കന്‍ സൈനിക താവളത്തിലേക്കാണ് വാന്‍സ് എത്തുന്നത്.
ഏതായാലും പല കാര്യങ്ങളിലും ഡൊണാള്‍ഡ് ട്രംപിന്റെ എടുത്തുചാട്ടം കൂടുതല്‍ ബുദ്ധിമുട്ടുകളാണ് അമേരിക്കയില്‍ ഉണ്ടാക്കുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ആര്‍ട്ടിക്ക് മേഖലയിലേക്ക് കൂടുതല്‍ സൈന്യത്തെ അയയ്ക്കാനുള്ള പുട്ടിന്റെ നീക്കം.