- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കയ്യില്‍ പച്ച കുത്തിയിരിക്കുന്നത് അറബിയില്‍ കാഫിര്‍ എന്ന്; യെമന്‍ യുദ്ധത്തിന്റെ പേരില്‍ വിവാദത്തിലായ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ഇസ്ലാമാഫോബിയയുടെ മൂര്ധന്യത്തിലെന്ന് ആരോപണം; പീറ്റ് ഹെഗ്സെത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ മുറവിളി ഉയരുമ്പോള്‍
യെമന്‍ യുദ്ധത്തിന്റെ പേരില്‍ വിവാദപുരുഷനായി മാറിയ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്ത് വീണ്ടും വിവാദത്തില്‍. പ്രതിരോധ സെക്രട്ടറി കടുത്ത ഇസ്ലാമോഫോബിയ ഉള്ള വ്യക്തി ആണെന്നാണ് ആരോപണം. പീറ്റ് ഹെഗ്സേത്ത് കൈയ്യില്‍ പച്ചകുത്തിയിരിക്കുന്നതാണ് പുതിയ പ്രശ്നങ്ങള്‍ക്ക് വഴി വെച്ചിരിക്കുന്നത്. ഹെഗ്സേത്ത് കൈയ്യില്‍ പച്ച കുത്തിയിരിക്കുന്നത് കാഫിര്‍ എന്നാണ്. അറബ് ഭാഷയിലാണ് ഹെഗ്സേത്തിന്റെ കൈയ്യില്‍ പച്ചകുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പേള്‍ ഹാര്‍ബറിലെ നാവിക കേന്ദ്രത്തില്‍ പരിശീലനം നടത്തുന്ന സ്വന്തം ചിത്രം ഹെഗ്സേത്ത് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.
തുടര്‍ന്നാണ് ഹെഗ്സേത്തിന്റെ കൈയ്യിലെ പച്ചകുത്ത് എല്ലാവരും കണ്ടത്. നേരത്തേ യെമനില്‍ ആക്രമണം നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അബദ്ധവശാല്‍ പുറത്തുവിട്ടതിന്റെ പശ്ചാത്തലത്തില്‍ പലരും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടിരുന്നു. ഹെഗ്സേത്ത് ഇപ്പോള്‍ ഹാവായിയിലും ഗുവാമിലും ഉള്ള അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന തിരക്കിലാണ്.
കാഫിര്‍ എന്ന അറബി പദത്തിന് അര്‍ത്ഥം അവിശ്വാസി എന്നാണ്. ഇക്കാര്യത്തില്‍ പല ആക്ടിവിസ്റ്റുകളും ഹെഗ്സേത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. നേരത്തേ ശരീരത്തില്‍ കൃസ്ത്യന്‍, അമേരിക്കന്‍ അനുകൂല ടാറ്റു ധരിച്ചതിന്റെ പേരില്‍ അദ്ദേഹം വിമര്‍ശന വിധേയനായിരുന്നു. ഇത് വ്യക്തിപരമായ കാര്യമല്ലെന്നും അമേരിക്കയുടെ യുദ്ധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വ്യക്തി ഇസ്ലാമോഫോബിയയുടെ പ്രതീകമായി മാറുകയാണ് എന്നുമാണ് ഫലസ്തീന്‍ അനുകൂല സംഘടനകള്‍ ആരോപിക്കുന്നത്.
അധികാരത്തിന്റെ ഉന്നതതലങ്ങളില്‍ പോലും ഇസ്ലാമോഫോബിയ പിടിമുറുക്കുകയാണ് എന്നും അവര്‍ ആരോപിക്കുന്നു. ഹെഗ്സേത്തിന്റെ മുസ്ലീം ലോകത്തോടുള്ള യുദ്ധപ്രഖ്യാപനമായി ഇത് കണക്കാക്കണമെന്നാണ് സമൂഹമാധ്യമങ്ങളില്‍ ചിലര്‍ വിമര്‍ശനം ഉന്നയിക്കുന്നത്. എന്നാല്‍ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയെ ഇക്കാര്യത്തില്‍ ന്യായീകരിച്ചും പലരും രംഗത്ത് എത്തിയിട്ടുണ്ട്. മധ്യപൂര്‍വേഷ്യയില്‍ യുദ്ധത്തിന് പോകുന്നവര്‍ പലരും ഇത്തരത്തിലുള്ള ടാറ്റുകള്‍ ഉപയോഗിക്കാറുണ്ട് എന്നാണ് അവര്‍ പറയുന്നത്. ഇസ്ലാമിക തീവ്രവാദികള്‍ക്ക് എതിരായ പോരാട്ടത്തിന്റെ പ്രതീകമായിട്ടാണ് ഇത്തരം ടാറ്റുകള്‍ അമേരിക്കന്‍ സൈനികര്‍ ഉപയോഗിക്കുന്നതെന്നാണ് അവരുടെ ന്യായീകരണം.
ഹെഗ്സേത്ത് അമേരിക്കയുടെ വിദേശനയവും ഇസ്ലാമിനോടും മുസ്ലീങ്ങളോടുമുള്ള മനോഭാവവും പ്രദര്‍ശിപ്പിക്കുക മാത്രമാണ് ചെയ്യുന്നത് എന്നാണ് ചിലര്‍ വിശദീകരിക്കുന്നത്. ഈ ടാറ്റൂ പുതിയതാണോ എന്ന കാര്യവും ഇനിയും വ്യക്തമായിട്ടില്ല. ഇറാക്കിലും അഫ്ഗാനിസ്ഥാനിലും നേരത്തേ സേവനം അനുഷ്ഠിച്ചിട്ടുള്ള പീറ്റ്ഹെഗ്സേത്തിന്റെ വലത് കൈയ്യിലും നെഞ്ചിലുമായി ഒരു ഡസനോളം ടാറ്റൂകളുണ്ട്.
പ്രതിരോധ സെക്രട്ടറി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതിനു ശേഷം അദ്ദേഹം നെഞ്ചില്‍ ഒരു ജറുസലേം കുരിശിന്റെ പച്ചകുത്തിയത് വലിയ വിവാദത്തിന് കാരണമായിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ തനിക്ക് ടാറ്റൂ ചെയ്യുന്നത് ഏറെ ഇഷ്ടമായിരുന്നു എന്നാണ് ഹെഗ്സെത്ത്് പറയുന്നത്. എന്നാല്‍ അച്ഛന്‍ ഇക്കാര്യം അനുവദിച്ചിരുന്നില്ല എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്.