ഒട്ടാവ: കനേഡിയന്‍ നഗരമായ വാന്‍കൂവറില്‍ ഒരു സ്ട്രീറ്റ് ഫെസ്റ്റിവലിനിടയില്‍ ജനകൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറി നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ലാപു ലാപു ദിനം ആഘോഷിക്കുന്നതിന് ഒത്തുകൂടിയവര്‍ക്കിടയിലേക്കാണ് വാഹനം ഇടിച്ചുകയറിയത്. സംഭവത്തില്‍ മുപ്പതുകാരനായ കാര്‍ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തതായി അന്തര്‍ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വാന്‍കൂവര്‍ നഗരത്തിലെ സ്ട്രീറ്റ് ഫെസ്റ്റിവലിനിടെ പ്രാദേശിക സമയം രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. സംഭവിച്ചത് അപകടം മാത്രമാണെന്നും ഭീകരാക്രമണമല്ലെന്നും കനേഡിയന്‍ പൊലീസ് അറിയിച്ചു.

പ്രാദേശിക സമയം രാത്രി 8 മണിയോടെയായിരുന്നു അപകടം. കോളനി വിരുദ്ധ നേതാവായ ദാത്തു ലാപു-ലാപുവിന്റെ സ്മരണയ്ക്കായി ഫിലിപ്പിനോ കമ്മ്യൂണിറ്റി നടത്തുവരാറുള്ള ആഘോഷത്തിനിടയിലായിരുന്നു സംഭവം. ഡ്രൈവര്‍ കസ്റ്റഡിയിലാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും വാന്‍കൂവര്‍ പോലീസ് പറഞ്ഞു.

ഒരു കറുത്ത എസ്യുവി അതിവേഗത്തില്‍ ഫെസ്റ്റിവലിനിടയിലേക്ക് ഇടിച്ചുകയറുകയും ജനക്കൂട്ടത്തിനിടയിലൂടെ ഓടിച്ച് നിരവധി പേരെ ഇടിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തിന്റെ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും പ്രിയപ്പെട്ടവര്‍ക്കും ഫിലിപ്പിനോ കനേഡിയന്‍ സമൂഹത്തിനും വാന്‍കൂവറിലെ എല്ലാവര്‍ക്കും അഗാധമായ അനുശോചനം അറിയിക്കുന്നതായി കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി എക്‌സില്‍ കുറിച്ചു. വാന്‍കൂവര്‍ മേയര്‍ കെന്‍ സിമ്മും അതിയായ ദുഃഖം പ്രകടിപ്പിച്ചു.

ഡ്രൈവര്‍ ഏഷ്യക്കാരനാണെന്നും മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇയാളെ ചോദ്യംചെയ്യുന്നത് തുടരുകയാണ്.ജനക്കൂട്ടത്തിലേക്ക് ഒരു കറുത്ത എസ്യുവി അതിവേഗം ഇടിച്ചുകയറുന്നതിന്റെയും ഭയന്ന ജനങ്ങള്‍ നിലവിളിച്ച് ഓടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മൃതദേഹങ്ങളുടെ ദൃശങ്ങളും പുറത്തുവന്നിടുണ്ട്. ചതഞ്ഞരഞ്ഞ നിലയിലാണ് മൃതദേഹങ്ങള്‍.

രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നിരവധിപേരെ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ടെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഇതില്‍ പലരുടെയും നില അതീവ ഗുരുതരമാണ്. അതിനാല്‍ മരണസംഖ്യ ഉയരാന്‍ സാദ്ധ്യതയുണ്ട്.സ്ട്രീറ്റ് ഫെസ്റ്റിവല്‍ കാണാന്‍ നൂറുകണക്കിനുപേര്‍ റോഡുവക്കില്‍ ഉണ്ടായിരുന്നുവെന്നും എന്നാണ് സംഭവിക്കുന്നതെന്ന് വ്യക്തമാകുന്നതിനുമുമ്പ് കാര്‍ ജനക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് അപകടം കണ്ട ഒരാള്‍ പറയുന്നത്. കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. 2022ല്‍ കാനഡയിലെ വിന്നിപെഗില്‍ ഫ്രീഡം കോണ്‍വോയ് പ്രതിഷേധക്കാരുടെ ഇടയിലേക്ക് കാര്‍ ഇടിച്ചുകയറി നിരവധിപേര്‍ക്ക് പരിക്കേറ്റിരുന്നു.