- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൈക്ക് വാള്‍ട്‌സിനെ നീക്കി പകരം മാര്‍ക്കോ റൂബിയോയെ 'ഇടക്കാല' ദേശീയ സുരക്ഷ ഉപദേഷ്ടാവാക്കി ട്രംപ്; വാള്‍ട്‌സ് യുന്നിലേക്കും; യെമനിലെ വിവര ചോര്‍ച്ചയില്‍ നടപടിയുമായി അമേരിക്കന്‍ പ്രസിഡന്റ്; 'സിഗ്‌നല്‍' ചാറ്റില്‍ മാധ്യമപ്രവര്‍ത്തകനെ തെറ്റായി ഉള്‍പ്പെടുത്തിയത് സുരക്ഷാ വീഴ്ചയായപ്പോള്
വാഷിങ്ടന്‍: അമേരിക്കയില്‍ മൈക്ക് വാള്‍ട്‌സിനെ നീക്കി പകരം മാര്‍ക്കോ റൂബിയോയെ 'ഇടക്കാല' ദേശീയ സുരക്ഷ ഉപദേഷ്ടാവായി നിയമിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യെമനിലെ വിമത വിഭാഗമായ ഹൂതികള്‍ക്കെതിരെയുള്ള യുഎസിന്റെ സൈനിക നടപടികള്‍ മാധ്യമപ്രവര്‍ത്തകനു സമൂഹമാധ്യമ കൂട്ടായ്മയിലൂടെ ചോര്‍ന്നു കിട്ടിയ വിവാദത്തെ തുടര്‍ന്നാണ് ഇത്. വിവരം പുറത്തുവന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതോടെ വാള്‍ട്‌സിനെ പുറത്താക്കുമെന്ന് സൂചനകളെത്തി. ഐക്യരാഷ്ട്ര സംഘടനയില്‍ യുഎസ് അംബാസഡറായാണ് വാള്‍ട്‌സിന്റെ പുതിയ ചുമതല. തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
''ഐക്യരാഷ്ട്ര സംഘടനയില്‍ യുഎസിന്റെ അടുത്ത അംബാസഡറായി മൈക്ക് വാള്‍ട്‌സിനെ നാമനിര്‍ദേശം ചെയ്യുമെന്ന് പ്രഖ്യാപിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. യുദ്ധക്കളത്തില്‍ യൂണിഫോമില്‍ ഇരിക്കുന്ന കാലം മുതല്‍, കോണ്‍ഗ്രസിലും എന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്ന നിലയിലും, മൈക്ക് വാള്‍ട്‌സ് നമ്മുടെ രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാന്‍ കഠിനമായി പരിശ്രമിച്ചിട്ടുണ്ട്. തന്റെ പുതിയ പദവിയിലും അദ്ദേഹം അതുതന്നെ ചെയ്യുമെന്ന് എനിക്കറിയാം.'' ട്രംപ് തീരുമാനം അറിയിച്ചത് ഇങ്ങനെയാണ്.
യെമന്‍ ആക്രമണവുമായി ബന്ധപ്പെട്ടുള്ള 'സിഗ്‌നല്‍' ചാറ്റില്‍ മാധ്യമപ്രവര്‍ത്തകനെ തെറ്റായി ഉള്‍പ്പെടുത്തിയതിന്റെ ഉത്തരവാദിത്തമാണ് മൈക്ക് വാള്‍ട്‌സ് ഏറ്റെടുത്തത്. അമേരിക്കന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു മൈക്ക് വാള്‍ട്‌സിന്റെ കുറ്റസമ്മതം. ചാറ്റില്‍ ചേര്‍ത്ത മാധ്യമ പ്രവര്‍ത്തകനായ ജെഫ്രി ഗോള്‍ഡ്‌ബെര്‍ഗിനെ തനിക്കു വ്യക്തിപരമായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് തുടങ്ങി ട്രംപ് ഭരണകൂടത്തിലെ ഉന്നതര്‍ സൈനിക പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്ന സമൂഹമാധ്യമ ഗ്രൂപ്പിലാണ് തെറ്റുപറ്റിയത്.
ഗ്രൂപ്പില്‍ തന്നെ ഉള്‍പ്പെടുത്തിയ വിവരം ദ് അറ്റ്‌ലാന്റിക് മാഗസിന്റെ ചീഫ് എഡിറ്റര്‍ ജെഫ്രി ഗോള്‍ഡ്ബര്‍ഗാണ് വെളിപ്പെടുത്തിയത്. 'ഹൂതി പിസി സ്‌മോള്‍ ഗ്രൂപ്പ്' എന്ന സമൂഹമാധ്യമ ഗ്രൂപ്പില്‍ ചേരാന്‍ ഇക്കഴിഞ്ഞ 13നാണ് തനിക്ക് ക്ഷണം ലഭിച്ചതെന്ന് ജെഫ്രി ഗോള്‍ഡ്ബര്‍ഗ് പറഞ്ഞിരുന്നു. ''ചെങ്കടലില്‍ കപ്പലുകള്‍ക്കു നേരെ ഹൂതികള്‍ തുടര്‍ച്ചയായി ആക്രമണം നടത്തിയ സാഹചര്യത്തില്‍ ഹൂതികള്‍ക്കെതിരെ സൈനിക നടപടികള്‍ ഏകോപിപ്പിക്കുന്നതിന് ഒരു 'ടൈഗര്‍ ടീമിനെ' രൂപീകരിക്കാന്‍ ഈ സമൂഹമാധ്യമ ഗ്രൂപ്പിലൂടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്ട്‌സ്, പ്രിന്‍സിപ്പല്‍ ഡപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അലക്‌സ് നെല്‍സന്‍ വോങ്ങിനെ ചുമതലപ്പെടുത്തി.
ഹൂതി കേന്ദ്രങ്ങളില്‍ യുഎസ് വ്യോമസേന ആക്രമണം ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ മുന്‍പ്, ആക്രമിക്കേണ്ട കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍, യുഎസ് വിന്യസിക്കുന്ന ആയുധങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഗ്രൂപ്പില്‍ പങ്കുവച്ചു. പിന്നാലെ 15ന് യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ യുഎസ് വ്യോമാക്രമണം ആരംഭിച്ചു.'' ജെഫ്രി ഗോള്‍ഡ്ബര്‍ഗ് വെളിപ്പെടുത്തിയിരുന്നു.