വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ ഡി.സിയില്‍ കഴിഞ്ഞ ദിവസം രണ്ട് ഇസ്രായേലി എംബസി ജീവനക്കാരെ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതനായ ഏലിയാസ് റോഡ്രിഗസ് കുറ്റസമ്മതം നടത്തി. വെടിവയ്പ്പിന് ശേഷം സ്ഥലത്തെത്തി പോലീസിനെ സമീപിച്ച ഇയാള്‍ ഫലസ്തീനു വേണ്ടിയും ഗാസയ്ക്കു വേണ്ടിയുമാണ് ഇക്കാര്യം ചെയ്തത് എന്നാണ് വെളിപ്പെടുത്തിയത്. ഇന്നലെ പോലീസ് കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ബുധനാഴ്ച രാത്രി വാഷിംഗ്ടണ്‍ ഡി.സിയിലെ ജൂത മ്യൂസിയത്തില്‍ എത്തിയ ഇസ്രലേയി എംബസി ഉദ്യോഗസ്ഥരായ യാരോണ്‍ ലിഷിന്‍സ്‌കിയെയും സാറാ മില്‍ഗ്രിമിനെയുമാണ് റോഡ്രിഗ്സ് വെടിവെച്ചു കൊന്നത്. മരിച്ച രണ്ട് പേരുടേയും വിവാഹ നിശ്ചയം അടുത്തയാഴ്ച ജെറുസലേമില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു.

കൊലക്കുറ്റത്തിനും വിദേശി ഉദ്യോഗസ്ഥരെ കൊന്നതിനും പ്രത്യേക വകുപ്പുകള്‍ പ്രകാരമാണ് ഇയാളുടെ പേരില്‍ കേസെടുത്തിരിക്കുന്നത്. ആക്രമണത്തെ തുടര്‍ന്ന് പോലീസ് റോഡ്രിഗ്സിനെ പുറത്തേക്ക് കൊണ്ടു വരുമ്പോള്‍ ഇയാള്‍ ഫലസ്തീന്‍ സ്വതന്ത്രമാകട്ടെ എന്ന് ആക്രോശിച്ചതായും പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. റോഡ്രിഗസ് മ്യൂസിയത്തിന് പുറത്ത് ഇരകളുടെ സമീപത്ത് കൂടി കടന്നു പോകുന്നതും പെട്ടെന്ന് ഇടുപ്പില്‍ സൂക്ഷിച്ചിരുന്ന തോക്ക് പുറത്തെടുത്ത് ഇരകള്‍ക്ക് നേരേ വെടിയുതിര്‍ക്കുന്നതിന്റെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.

അവര്‍ ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ വിശദമായി പരിശോധിക്കുകയാണ്. എംബസി ജീവനക്കാരെ ഇയാള്‍ പിന്നില്‍ നിന്നാണ് ആക്രമിച്ചത്. ഇരകള്‍ നിലത്തു വീണതിനുശേഷം, അയാള്‍ അവരുടെ അടുത്തേക്ക് വന്ന് നിരവധി തവണ വെടിവെച്ചിരുന്നു. മില്‍ഗ്രിം ഇഴഞ്ഞു നീങ്ങാന്‍ ശ്രമിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. റോഡ്രിഗസ് വീണ്ടും തോക്ക് ലോഡുചെയ്യുമ്പോള്‍ മില്‍ഗ്രിം എഴുന്നേല്‍ക്കുന്നതായും അയാള്‍ ഈ പെണ്‍കുട്ടിയെ വീണ്ടും വെടിവെയ്ക്കുന്നതായും വീഡിയോയില്‍ കാണാമെന്നാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്. 2020 ലാണ് റോഡ്രിക്സ് ഇല്ലിനോയിസില്‍ നിന്ന് തോക്ക് വാങ്ങുന്നത്. തോക്കും ഒഴിഞ്ഞ വെടിയുണ്ടകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഇസ്രായേല്‍ എംബസിക്ക് പുറത്ത് സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്ത ഇസ്രായേല്‍ വിരുദ്ധ പ്രവര്‍ത്തകനായ ആരോണ്‍ ബുഷ്നെലിനെ താന്‍ ആരാധിക്കുന്നതായി റോഡ്രിഗസ് പിന്നീട് പോലിസിനോട് പറഞ്ഞു. ഷിക്കാഗോ സ്വദേശിയായ റോഡ്രിഗസ്, മ്യൂസിയത്തില്‍ നടന്ന പരിപാടി ആരംഭിക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് ടിക്കറ്റ് വാങ്ങിയിരുന്നതായും മൊഴി നല്‍കി. എഫ്ബിഐയും വാഷിംഗ്ടണിലെ മെട്രോപൊളിറ്റന്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റുമാണ് കേസ് അന്വേഷിക്കുന്നത്. നേരത്തേ ഹാളിനകത്ത് ഉണ്ടായിരുന്ന അക്രമി പുറത്ത് പോയി കൊല്ലപ്പെട്ടവര്‍ എത്തുന്നത് വരെ കാത്തുനില്‍ക്കുകയായിരുന്നു. റോഡ്രിഗസ് നേരത്തേ ചിക്കാഗോയിലെ ഒരു തീവ്ര ഇടതുപക്ഷ ഗ്രൂപ്പായ പാര്‍ട്ടി ഫോര്‍ സോഷ്യലിസം ആന്‍ഡ് ലിബറേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു.