- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എതിര്‍പ്പുകളെ അലിയിച്ച് ട്രംപിന് നിര്‍ണായക വിജയം; മൂന്നു റിപ്പബ്ലിക്കന്മാര് കൂറുമാറി വോട്ടുചെയ്തെങ്കിലും ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ സെനറ്റിന്റെ കടമ്പ നേരിയ ഭൂരിപക്ഷത്തില്‍ കടന്നു; ടൈബ്രേക്കറായത് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിന്റെ വോട്ട്; ഇനി നേരിടേണ്ടത് ജനപ്രതിനിധി സഭയിലെ വെല്ലുവിളി; പുഷ്പം പോലെ പാസാകുമെന്ന് ട്രംപ്
ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ സെനറ്റിന്റെ കടമ്പ നേരിയ ഭൂരിപക്ഷത്തില്‍ കടന്നു
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ നിയമമാകുന്നതിന് ഒരുചുവട് അകലെ. രാത്രി വൈകി നാടകീയ മുഹൂര്‍ത്തങ്ങളുടെ അകമ്പടിയോടെ സെനറ്റില്‍ ബില്‍ പാസായത് ട്രംപിന്റെ വിജയമായി.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള യു എസ് സെനറ്റില്‍, 24 മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചയ്ക്ക് ശേഷമുള്ള വോട്ടെടുപ്പിലാണ് ബില്‍ പാസായത്. 50 നെതിരെ 51 വോട്ടിനാണ് ബില്‍ പാസായത്. മൂന്ന് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ കൂറ് മാറി വോട്ട് ചെയ്തതോടെ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിന്റെ വോട്ടാണ് ടൈ ബ്രേക്കറായത്. അടുത്ത ഘട്ടത്തില്‍ ബില്‍ ജനപ്രതിനിധി സഭയിലേക്കു പോകും. അവിടെ ശക്തമായ വെല്ലുവിളി നേരിടേണ്ടി വരും. ആ കടമ്പ കടന്നാല്‍ ജൂലൈ നാലിന് ട്രംപ് നിയമത്തില്‍ ഒപ്പുവയ്ക്കും. നോര്‍ത്ത് കലോലിനയിലെ തോം വില്ലിസ്, കെന്റക്കിയിലെ റാന്‍ഡ് പോള്‍, മെയിനിലെ സൂസന്‍ കോളിന്‍സ് എന്നിവരാണ് ഡെമോക്രാറ്റുകള്‍ക്കൊപ്പം ചേര്‍ന്ന് ബില്ലിനെ എതിര്‍ത്ത റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍.
യുഎസ് പ്രസിഡന്റായി രണ്ടാമതും സ്ഥാനമേറ്റ ട്രംപിന്റെ ഏറ്റവും നിര്‍ണായക ചുവടുവയ്പായാണ് 'വണ്‍ ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍' നിയമത്തെ കാണുന്നത്. അമേരിക്കയിലെ നികുതി വ്യവസ്ഥകളിലും സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനച്ചെലവുകളിലും കാതലായ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുന്ന നിയമമാണിത്. സര്‍ക്കാരിന്റെ ചെലവുകൂടുകയും നികുതിയിളവ് മൂലം വരുമാനം ഇടിയുകയും ചെയ്യുമെന്നതിനാല്‍ കടബാധ്യത കുത്തനെ ഉയരുമെങ്കിലും അത് ഗൗനിക്കാതെയാണ് ട്രംപ് ഭരണകൂടം ബില്ലുമായി മുന്നോട്ടുപോയത്.
ഈ മെഗാ നികുതി ബില്‍ ഓരോ അമേരിക്കക്കാരനെയും ബാധിക്കും. നികുതി, ആരോഗ്യസംരക്ഷണം, ഊര്‍ജ്ജ നിയമങ്ങള്‍ എന്നിവയിലെല്ലാം സുപ്രധാന മാറ്റങ്ങള്‍ വരും. ആദ്യ ടേമില്‍ ട്രംപ് കൊണ്ടുവന്ന നികുതിയിളവുകള്‍ വീണ്ടും വരികയാണ്. അതിനുപകരമായി മെഡിക്കല്‍ എയിഡ്, ഭക്ഷ്യസഹായം, ക്ലീന്‍ എനര്‍ജി എന്നവയിലെ ചെലവ് വെട്ടിക്കുറയ്ക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബഹിരാകാശ പദ്ധതികള്‍, കുടിയേറ്റം തുടങ്ങിയ വിഷയങ്ങളിലെ നയങ്ങള്‍ അടക്കം വളരെ വിപുലമാണ് ബില്‍. ബില്‍ നിയമമാകുന്നതോടെ, അടുത്ത പതിറ്റാണ്ടില്‍ കേന്ദ്ര ധനകമ്മി 3.3 ട്രില്ല്യണ്‍ ആയി ഉയരുമെന്ന് കണക്കാക്കുന്നു.
മെഡിക്എയിഡില്‍ വരുത്തുന്ന ചെലവ് ചുരുക്കലില്‍ പല റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ക്കും ആശങ്കയുണ്ട്. വരും വര്‍ഷങ്ങളില്‍ 12 ദശലക്ഷം അമേരിക്കക്കാര്‍ക്ക് ഹെല്‍ത്ത് കവറേജ് ഇല്ലാതെ കഴിയേണ്ടി വരും. ബില്‍ സെനറ്റില്‍ പാസായതിനെ ഫ്‌ളോറിഡയില്‍ വച്ച് ട്രംപ് സ്വാഗതം ചെയ്തു. ജനപ്രതിനിധി സഭയില്‍ സെനറ്റിനേക്കാള്‍ എളുപ്പത്തില്‍ ബില്‍ പാസാകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.