- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഖത്തറും ഈജിപ്തും ഹമാസിന് ഒരു വാഗ്ദാനം ചെയ്യും; അവരുടെ അന്തിമ നിര്‍ദ്ദേശം എല്ലാവരും അംഗീകരിക്കും; വെടി നിര്‍ത്തലിന് ഇസ്രയേല്‍ സമ്മതിച്ചു; ഹമാസ് അനുകൂലമായി പ്രതികരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ മോശമാകും; ഗസ്സയിലും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ട്രംപിസം; ഇസ്രയേല്‍-ഫലസ്തീന്‍ പ്രശ്ന പരിഹാരത്തിന് 60 ദിവസം വെടിയുതിരില്ല
വാഷിങ്ടണ്‍: ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാറിന് ഇസ്രായേല്‍ സമ്മതിച്ചെന്ന് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 60 ദിവസത്തെ വെടിനിര്‍ത്തലാണ് നിലവില്‍ വരിക. ഈ കരാറിനുള്ള പ്രധാന വ്യവസ്ഥകള്‍ ഇസ്രായേല്‍ അംഗീകരിച്ചെന്നാണ് ട്രംപിന്റെ അവകാശവാദം. ഹമാസ് ഈ കരാര്‍ അംഗീകരിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും ഇല്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ മോശമാകുമെന്നും അദ്ദേഹം പറഞ്ഞു. നിര്‍ദ്ദിഷ്ട വെടിനിര്‍ത്തല്‍ കരാറിലെ ഉപാധികള്‍ എന്തൊക്കെയാണെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, ഖത്തറും ഈജിപ്തും ചേര്‍ന്ന് ഹമാസിന് ഒരു അന്തിമ വാഗ്ദാനം നല്‍കുമെന്നും അതിലൂടെ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയുമെന്നും ട്രംപ് പറയുന്നു.
2023 ഒക്ടോബര്‍ മുതല്‍ 58,000 ത്തിലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ട സംഘര്‍ഷത്തിന് താല്‍ക്കാലിക വിരാമമുണ്ടാകുമെന്നാണ് ട്രംപ് പറയുന്നത്. ശാശ്വത സമാനനത്തിന് വെടിനിര്‍ത്തല്‍ കരാര്‍ വഴിയൊരുക്കുമെന്ന പ്രത്യാശയാണ് ഡൊണാള്‍ഡ് ട്രംപ് പങ്കുവെച്ചത്. തന്റെ സോഷ്യല്‍ മീഡിയയാ ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലൂടെയാണ് ഇസ്രായേല്‍ ഫലസ്തീന്‍ വിഷയത്തില്‍ ട്രംപ് പ്രതികരണം നടത്തിയത്. സമാധാനം പുനഃസ്ഥാപിക്കാന്‍ വളരെയധികം പരിശ്രമിച്ച ഖത്തറും ഈജിപ്തും അന്തിമ നിര്‍ദ്ദേശം അവതരിപ്പിക്കുമെന്ന് ട്രംപ് പറയുന്നു. പശ്ചിമേഷ്യയിലെ സമാധാനമാണ് ലക്ഷ്യമെന്നാണ് വിശദീകരണം.
'ഗസ്സ വിഷയത്തില്‍ എന്റെ പ്രതിനിധികള്‍ ഇസ്രായേലുമായി ദീര്‍ഘവും ഫലപ്രദവുമായ ചര്‍ച്ച നടത്തി 60 ദിവസത്തെ വെടിനിര്‍ത്തലിന് ഇസ്രായേല്‍ സമ്മതിച്ചിട്ടുണ്ട്. ഈ സമയത്ത് യുദ്ധം അവസാനിപ്പിക്കാനും സമാധാനം ഉണ്ടാക്കാനും എല്ലാവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. സമാധാനം പുനഃസ്ഥാപിക്കാന്‍ വളരെയധികം പരിശ്രമിച്ച ഖത്തറും ഈജിപ്തും അന്തിമ നിര്‍ദ്ദേശം അവതരിപ്പിക്കും. മിഡില്‍ ഈസ്റ്റിന്റെ നന്മയ്ക്കായി ഹമാസ് ഈ കരാര്‍ അംഗീകരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇത് അംഗീകരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ മോശമാകും' സോഷ്യല്‍ മീഡിയയിലൂടെ ട്രംപ് പറഞ്ഞു.
2023 ഒക്ടോബര്‍ 7ന് ഹമാസ് ഇസ്രായേലില്‍ നടത്തിയ ആക്രമണത്തില്‍ 1,200-ല്‍ അധികം പേര്‍ കൊല്ലപ്പെടുകയും 250-ല്‍ അധികം പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. ഇതിന് മറുപടിയായി ഇസ്രായേല്‍ ഗസ്സയില്‍ ആരംഭിച്ച സൈനിക നടപടിയില്‍ പതിനായിരങ്ങളാണ് കൊല്ലപ്പെട്ടത്. ഈ ആക്രമണത്തില്‍ ഗസ്സയുടെ പല പ്രദേശങ്ങളും തകര്‍ന്നു. ഒരാഴ്ചക്കകം ഗസ്സയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ ചര്‍ച്ച തുടരുകയാണെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചിരുന്നു.
എന്നാല്‍ ഇസ്രായേലിന്റെ ഭാഗത്തുനിന്ന് വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായില്ലെന്ന് ഹമാസ് നേതാവ് ഒസാമ ഹംദാന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രഖ്യാപനം.