ലണ്ടന്‍: ചാനല്‍ വഴിയുള്ള അനധികൃത കുടിയേറ്റം തടയാന്‍ ബ്രിട്ടന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഫ്രാന്‍സ് കടുത്ത നടപടികളിലെക്ക്. നിരവധി കുടിയേറ്റക്കാരുമായി ഫ്രഞ്ച് തീരത്തു നിന്നും യാത്ര തിരിച്ച ഡിങ്കി ഹോട്ട് ഫ്രാന്‍സ് പോലീസ് കുത്തിക്കീറി, കരയിലേക്ക് വലിച്ചടുപ്പിച്ചു. സുപ്രധാനമായ ഒരു നടപടി എന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇതിനെ വിശേഷിപ്പിച്ചത്. ബി ബി സി പുറത്തുവിട്ട ദൃശ്യങ്ങളില്‍ പോലീസ് ഓഫീസര്‍മാര്‍ കൈകളില്‍ കത്തികളുമായി വെള്ളത്തിലേക്ക് കൂപ്പുകുത്തുന്നത് കാണാം. അടുത്തയാഴ്ച നടക്കാന്‍ ഇരിക്കുന്ന ബ്രിട്ടീഷ് ഫ്രഞ്ച് ഉച്ചകോടിക്ക് മുന്‍പായി, അനധികൃത കുടിയേറ്റ വിഷയത്തില്‍ സ്വീകരിക്കാന്‍ പോകുന്ന കടുത്ത നടപടികളുടെ ഒരു പ്രദര്‍ശനമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.

കത്തികൊണ്ടുള്ള ഒരു കുത്തലില്‍ തന്നെ ബോട്ട് പങ്ക്ചര്‍ ആവുകയും, വളരെ വേഗം പരന്ന് കടലിലേക്ക് താഴാന്‍ തുടങ്ങുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. ഏതാനും സെക്കന്റുകള്‍ക്ക് മുന്‍പ് മാത്രം ബോട്ടില്‍ കയറിയ അനധികൃത കുടിയേറ്റക്കാര്‍ ദേഷ്യത്തോടെ അലറി വിളിക്കുന്നതും വീഡിയോയില്‍ ഉണ്ട്. പോലീസ് ഉദ്യോഗസ്ഥര്‍ പണി പൂര്‍ത്തിയാക്കി തീരത്തേക്ക് മടങ്ങുമ്പോള്‍, കുടിയേറ്റത്തിനൊരുങ്ങിയവര്‍ ചീത്ത വിളിക്കുന്നതും വീഡിയോയില്‍ കാണാം. കുട്ടികള്‍ കരയുന്നുമുണ്ട്. ഏതായാലും ബോട്ടില്‍ ഉള്ളവരെല്ലാം സുരക്ഷിതരായി കരയ്ക്കണഞ്ഞിട്ടുണ്ട്.

തീരത്തു നിന്നും പത്തടി വരെ അകലെയുള്ള ബോട്ടുകളുടെ കാര്യത്തില്‍ ഇടപെടുന്നതിന് ഫ്രഞ്ച് നിയമം തടസ്സമാണെന്ന് നേരത്തെ പറഞ്ഞിരുന്ന ഫ്രഞ്ച് പോലീസ് ഇപ്പോള്‍ തികച്ചും നാടകീയമായാണ് പുതിയ തന്ത്രം സ്വീകരിച്ചിരിക്കുന്നത്. ഈ നിയമം എടുത്തു കളയാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. എന്നാല്‍, ചില പോലീസ് ഉദ്യോഗസ്ഥര്‍ അതിനു കാത്തു നില്‍ക്കാതെ ത്വരിതഗതിയില്‍ കുടിയേറ്റം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയാണ്. അഭയാര്‍ത്ഥികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചില ചാരിറ്റികള്‍ ഇതില്‍ അമര്‍ഷം കൊള്ളുന്നുമുണ്ട്.

ഫ്രഞ്ച് നടപടിയെ നമ്പര്‍ 10 ഡൗണിംഗ് സ്ട്രീറ്റ് സ്വാഗതം ചെയ്തിട്ടുണ്ട്. മനുഷ്യക്കടത്ത് സംഘങ്ങള്‍ക്ക് ഇത് വലിയൊരു തിരിച്ചടിയാണെന്ന് അവര്‍ പറയുന്നു. യൂറോപ്പുമായുള്ള ബന്ധം പുനസ്ഥാപിക്കാനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ശ്രമങ്ങളുടെ പ്രതിഫലനമാണ് ഫ്രഞ്ച് നിയമപാലന സംവിധാനത്തില്‍ വന്ന ഈ നയം മാറ്റം എന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നു. ബ്രെക്സിറ്റ് ഉണ്ടാക്കിയ മുറിവുകള്‍ പൂര്‍ണ്ണമായും ഭേദപ്പെടുത്താനുള്ള ശ്രമത്തിലാണ് പ്രധാനമന്ത്രി എന്നും ഓഫീസ് അറിയിച്ചു.

തികച്ചും വ്യത്യസ്തമായ ഒരു സമീപനമാണ് ഫ്രാന്‍സിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത് ന്നു പറഞ്ഞ ബ്രിട്ടീഷ് ഹോം സെക്രട്ടറി യുവെറ്റ് കൂപ്പര്‍ അതിനെ സ്വാഗതം ചെയ്യുന്നതായും അറിയിച്ചു. ചാനലിന്റെ ആഴം കുറഞ്ഞ ഭാഗങ്ങളില്‍ വെച്ചു തന്നെ, അനധികൃത കുടിയേറ്റക്കാരെ തടയാന്‍ ഫ്രാന്‍സ് തീരുമാനിച്ചത് നല്ല കാര്യമാണെന്നും അവര്‍ പറഞ്ഞു. എന്നാല്‍, വടക്കന്‍ ഫ്രാന്‍സിലെ, അഭയാര്‍ത്ഥി വിഷയങ്ങളില്‍ ഇടപെടുന്ന ഒരു ചാരിറ്റിയെ ഈ നടപടി കുപിതരാക്കിയിട്ടുണ്ട്. പോലീസ് നിയമം ലംഘിക്കുകയും കുട്ടികളുടെ ജീവന്‍ അപകടത്തിലാക്കുകയും ചെയ്തു എന്നാണ് അവര്‍ ആരോപിക്കുന്നത്.