- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിപാടിക്കിടെ പിന്നിലെ കെട്ടിടം ബോംബു വീണ് തകരുന്നതും ഇതിന്റെ പ്രകമ്പനത്തില്‍ വാര്‍ത്താ അവതാരക ഭയന്ന് ഓടുന്നതുമായ ദൃശ്യങ്ങള്‍ വൈറല്‍; ഇനിയും ആക്രമണങ്ങള്‍ തുടരുമെന്ന് പ്രതീക്ഷയില്‍ സിറിയ; ഇസ്രയേല്‍ ആക്രമണം ഞെട്ടലാകുമ്പോള്‍
ദമാസ്‌ക്കസ്: സിറിയയില്‍ ബുധനാഴ്ച ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ സിറിയ പ്രകമ്പനം കൊണ്ടു എന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു വാര്‍ത്താ ചാനലിന്റെ തല്‍സമയ സംപ്രേഷണത്തിനിടെ പിന്നിലായി സിറിയന്‍ സൈനിക ആസ്ഥാനത്ത് സ്‌ഫോടനം നടക്കുന്ന ദൃശ്യങ്ങളും ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ഇന്നലെ വൈകുന്നേരത്തോടെയാണ് ഇസ്രയേല്‍ ദമാസ്‌കസില്‍ ഷെല്ലാക്രമണം നടത്തിയത്. സര്‍ക്കാര്‍ ചാനലിലെ തല്‍സമയ വാര്‍ത്താപരിപാടിയിലാണ് ആക്രമണത്തിന്റെ ദൃശ്യങ്ങളും പതിഞ്ഞത്.
പരിപാടിക്കിടെ പിന്നിലെ കെട്ടിടം ബോംബുവീണ് തകരുന്നതും ഇതിന്റെ പ്രകമ്പനത്തില്‍ വാര്‍ത്താ അവതാരക ഭയന്ന് ഓടുന്നതുമായ ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഇസ്രയേല്‍ പ്രധാനമന്ത്രി ഇസ്രയേല്‍ കാറ്റ്സാണ് ഈ ദൃശ്യങ്ങള്‍ പുറത്തു വിട്ടത്. ദമാസ്‌കസിനുള്ള മുന്നറിയിപ്പുകള്‍ അവസാനിച്ചിരിക്കുന്നു. ഇനി വരാന്‍ പോകുന്നത് കനത്ത പ്രഹരങ്ങളാണ്. സ്വെയ്ദയില്‍ ഇസ്രയേലി സൈന്യം ഇനിയും ആക്രമണം നടത്തും എന്നാണ് ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ട് കാറ്റ്സ് പറഞ്ഞത്. കൂടാതെ ഒരു റിപ്പോര്‍ട്ടര്‍ അഭയകേന്ദ്രം തേടി പരക്കം പായുന്ന ദൃശ്യങ്ങള്‍ അല്‍ ജസീറാ ചാനലും പുറത്തു വിട്ടിരിക്കുകയാണ്. ഇയാളുടെ പിന്നില്‍ വലിയ തോതില്‍ പുകപടലങ്ങള്‍ ഉയരുന്നതും ദൃശ്യങ്ങളില്‍ കാണാം.
നേരത്തേയും ചാനലിന്റെ കെട്ടിടത്തില്‍ ഡ്രോണ്‍ ആക്രമണം നടന്നിരുന്നു. തലസ്ഥാനത്തെ പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപം ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയതായി റോയിട്ടേഴ്‌സും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദമാസ്‌ക്കസില്‍ നടന്ന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. പതിനെട്ടു പേര്‍ക്ക് പരിക്കേറ്റതായും പറയപ്പെടുന്നു. ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ സിറിയന്‍ തലസ്ഥാനത്തിന് മുകളിലൂടെ ആകാശത്ത് വട്ടമിട്ടു പറക്കുന്നതായും ആദ്യത്തെ പ്രധാന ആക്രമണത്തിന് ശേഷം നഗരത്തില്‍ പരിഭ്രാന്തി നിലനില്‍ക്കുന്നതായും സിറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്നോ നാലോ തവണ ആക്രമണം ഉണ്ടായതായും അവര്‍ വ്യക്തമാക്കി. സിറിയന്‍ സൈന്യം തെക്കന്‍ നഗരമായ സുവൈദയില്‍ നിന്ന് പിന്‍വാങ്ങിയില്ലെങ്കില്‍ ആക്രമണങ്ങള്‍ ശക്തമാക്കുമെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചിരുന്നു.
ഡിസംബറില്‍ ബാഷര്‍ അല്‍-അസദിനെ സ്ഥാനഭ്രഷ്ടനാക്കി പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നതിന് ശേഷം അമേരിക്ക, യു.കെ, യൂറോപ്യന്‍ യൂണിയന്‍ എന്നിവര്‍ സിറിയയ്‌ക്കെതിരായ ഉപരോധങ്ങള്‍ പിന്‍വലിക്കാന്‍ തുടങ്ങിയിരുന്നു. സിറിയയിലെ വംശീയ പ്രശ്നങ്ങള്‍ ഇപ്പോഴും തുടരുന്ന സാഹചര്യത്തില്‍ ഇത്തരം ഏറ്റുമുട്ടലുകള്‍ തുടരാനാണ് സാധ്യത.