- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി മതി...എല്ലാം ഇതോടെ നിർത്തൂ..; ഓരോ ദിവസവും ഗാസയിലെ ജനങ്ങൾ ജീവിക്കാൻ കഷ്ടപ്പെടുന്നു; അവരുടെ കണ്ണുകളിൽ യുദ്ധ ഭയം മാത്രം; നെതന്യാഹുവിനെതിരെ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി
കാൻബറ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ രൂക്ഷ വിമർശനവുമായി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി. ഗാസയിലെ ജനങ്ങളുടെ ദുരിതങ്ങൾക്ക് നേരെ കണ്ണടച്ച് ഒരു ബോധവും ഇല്ലാത്ത അവസ്ഥയിൽ പ്രവർത്തിക്കുന്നുവെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസ്. പലസ്തീന് രാഷ്ട്രപദവി നൽകാനുള്ള ഓസ്‌ട്രേലിയയുടെ ചരിത്രപരമായ തീരുമാനത്തിന് പിന്നാലെയാണ് അൽബനീസിൻ്റെ ഈ പ്രതികരണം.
കഴിഞ്ഞയാഴ്ച നെതന്യാഹുവുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ വിശദാംശങ്ങൾ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അൽബനീസ് തുറന്നടിച്ചത്. നിരപരാധികളായ മനുഷ്യർ അനുഭവിക്കുന്ന ദുരിതങ്ങളെ നെതന്യാഹു പൂർണ്ണമായും നിഷേധിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി .2023 ഒക്ടോബറിന് ശേഷം 61,500-ൽ അധികം പലസ്തീനികൾ കൊല്ലപ്പെട്ടുവെന്നും അൽബനീസ് കൂട്ടിച്ചേർത്തു.
ഗാസയിലെ രൂക്ഷമായ മാനുഷിക പ്രതിസന്ധിയും ഇസ്രയേലിന്റെ നിലപാടിലുള്ള കടുത്ത നിരാശയുമാണ് പലസ്തീന് അംഗീകാരം നൽകാനുള്ള തീരുമാനത്തിലേക്ക് ഓസ്‌ട്രേലിയയെ നയിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. "ഇനി മതി" എന്ന് അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി പറയുന്ന സാഹചര്യമാണിപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സെപ്റ്റംബറിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിൽ പലസ്തീൻ രാഷ്ട്രപദവിയെ ഓസ്‌ട്രേലിയ അംഗീകരിക്കുമെന്ന് അൽബനീസ് തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. ഫ്രാൻസ്, കാനഡ, യുകെ എന്നീ രാജ്യങ്ങളുടെ പാത പിന്തുർന്നാണ് ഓസ്‌ട്രേലിയയുടെ ഈ സുപ്രധാന നീക്കം. "ഈ അവസരം നഷ്ടപ്പെടുത്തുന്നതിലെ അപകടവുമായി താരതമ്യം ചെയ്യുമ്പോൾ, ശ്രമിച്ചുനോക്കുന്നതിലെ അപകടസാധ്യത ഒന്നുമല്ല," എന്ന് അദ്ദേഹം പ്രഖ്യാപന വേളയിൽ പറഞ്ഞു. യുകെ, ഫ്രാൻസ്, ന്യൂസിലൻഡ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളുമായി ചർച്ച ചെയ്ത് ദ്വിരാഷ്ട്ര പരിഹാരത്തിനായി നടത്തുന്ന ആഗോള ശ്രമങ്ങളുടെ ഭാഗമാണ് ഈ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗാസയിലെ സൈനിക നടപടികളുടെ പേരിൽ ഇസ്രയേലിന് മേൽ വർധിച്ചുവരുന്ന അന്താരാഷ്ട്ര നയതന്ത്ര സമ്മർദ്ദവും വിഷയത്തിൽ ഓസ്‌ട്രേലിയയുടെ വിദേശനയത്തിലുണ്ടായ സുപ്രധാന മാറ്റവുമാണ് അൽബനീസിയുടെ വാക്കുകൾ ഇതിലൂടെ അടിവരയിടുന്നത്.