ലണ്ടന്‍: ചുറ്റുപാടും നോക്കുമ്പോള്‍ ബ്രിട്ടീഷുകാരെ വെറുപ്പിക്കുന്ന കാഴ്ചകളുമായി കുടിയേറ്റക്കാര്‍ തെരുവുകളിലും മൈതാനങ്ങളിലും എത്തുമ്പോള്‍ അയര്‍ലണ്ടില്‍ സംഭവിക്കുന്നത് പോലെയുള്ള തിരിച്ചടികള്‍ ലോകത്തെവിടെയും സംഭവിക്കാവുന്നതേയുള്ളൂ. എന്നാല്‍ തെരുവും മൈതാനവും മാത്രമല്ല ബ്രിട്ടന്റെ ഔദ്യോഗിക സ്ഥാപനങ്ങളില്‍ വരെ കുടിയേറ്റക്കാര്‍ കയ്യടക്കുന്ന കാഴ്ച എത്തുമ്പോള്‍ തദ്ദേശീയര്‍ മുഷ്ടി ചുരുട്ടി നേര്‍ക്ക് നേര്‍ വന്നില്ലെങ്കില്‍ മാത്രമേ അത്ഭുതപ്പെടേണ്ടൂ എന്ന വിശേഷമാണ് ഇപ്പോള്‍ ബിര്‍മിന്‍ഹാമില്‍ നിന്നും എത്തുന്നത്. കഴിഞ്ഞ ആഗസ്ത് 14 ന് പാക്കിസ്ഥാന്‍ സ്വാതന്ത്രം ആഘോഷിക്കുന്നതിന്റെ ഭാഗമായി ലേബര്‍ ഭരിക്കുന്ന ബര്‍മിങ്ഹാം സിറ്റി കൗണ്‍സില്‍ ഉടമസ്ഥതയില്‍ ഉള്ള സ്ഥലത്തു പാകിസ്ഥാന്‍ പതാക ഉയര്‍ത്തുകയും കൗണ്‍സിലര്‍മാര്‍ അടക്കം ഉള്ളവര്‍ ചേര്‍ന്ന് പാകിസ്ഥാന്‍ സിന്ദാബാദ് മുദ്രവാക്യം മുഴക്കുകയും മാത്രമല്ല രാത്രി കാഴ്ചയ്ക്കായി കെട്ടിടം മുഴുവന്‍ ആയിരക്കണക്കിന് പൗണ്ട് മുടക്കി പച്ചയും വെള്ളയും ചേര്‍ന്ന എല്‍ഇഡി ലൈറ്റുകള്‍ കൊണ്ട് വര്‍ണാഭമാക്കുകയും ചെയ്തതാണു ഇപ്പോള്‍ ദേശീയ മാധ്യമങ്ങളിലും ചാനലുകളിലും ഒക്കെ ചര്‍ച്ച ആയി മാറിയിരിക്കുന്നത്.

ഇതിനു മറുപടി നല്കാന്‍ എന്നോണം ഇന്ത്യന്‍ സ്വതന്ത്ര ദിനാഘോഷമായി ബന്ധപ്പെട്ടു ഇന്ത്യന്‍ പതാകയുടെ വര്‍ണങ്ങളിലും ലൈബ്രറി ഹാള്‍ തിളങ്ങിയ ചിത്രവും സിറ്റി കൗണ്‍സില്‍ സമൂഹ മാധ്യമം വഴി പുറത്തു വിട്ടിട്ടുണ്ട്. അതേസമയം പാക്കിസ്ഥാന്‍ മുദ്രാവാക്യം ഉയര്‍ത്തി പതാക ഉയര്‍ത്തിയ കൗണ്‍സില്‍ അംഗങ്ങള്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തി മുദ്രാവാക്യം മുഴക്കിയോ എന്ന ചോദ്യത്തിന് തെളിവായി ചിത്രങ്ങളോ വിഡിയോ ദൃശ്യങ്ങളോ പുറത്തു വന്നിട്ടുമില്ല. എന്നാല്‍ ഈ കാഴ്ചകളൊക്കെ കുടിയേറ്റക്കാരല്ലാത്ത പ്രാദേശിക ജനസമൂഹത്തെ എത്രമാത്രം അലോസരപ്പെടുത്തും എന്ന ചിന്ത സിറ്റി കൗണ്‍സില്‍ അധികാരികള്‍ക്ക് ഉണ്ടായില്ല എന്ന വിമര്‍ശവും മാധ്യമങ്ങള്‍ ഉയര്‍ത്തുന്നു. അതിനിടെ വയളി വാരിയേഴ്സ് എന്നറിയപ്പെടുന്ന വലതുപക്ഷ അനുകൂലികളായ വെള്ളക്കാര്‍ വോയ്ലി കേസില്‍, നോര്‍ത്ത് ഫീല്‍ഡ്, സെല്ലി ഓക്ക്, ബാറ്റ്ലി ഗ്രീന്‍ എന്നിവിടങ്ങളില്‍ നൂറുകണക്കിന് ബ്രിട്ടീഷ് പതാകകള്‍ ഉയര്‍ത്തി കൗണ്‍സില്‍ അധികാരികള്‍ക്ക് മറുപടി നല്കിയിരിക്കുകയുമാണ്. തദ്ദേശീയര്‍ പ്രകോപിതരായതോടെ 1500 ബ്രിട്ടീഷ് പതാകകള്‍ സ്ഥാപിച്ചതിനു പിന്നാലെകൂടുതല്‍ പതാകകള്‍ നഗരത്തിലെമ്പാടും ഉയര്‍ത്താന്‍ ഗോ ഫണ്ട് വഴി ധനശേഖരണം നടത്താനുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയാണ്. ഇതിനകം 2500 പൗണ്ട് ഇത്തരത്തില്‍ ശേഖരിച്ചു കഴിഞ്ഞിരിക്കുകയാണ് /. ഇതോടെ നഗരം പതാക യുദ്ധത്തിലേക്ക് പൂര്‍ണമായും എത്തിച്ചേര്‍ന്ന അവസ്ഥയാണ്.

ബര്‍മിങ്ഹാം കൗണ്‍സിലില്‍ വെള്ളക്കാര്‍ ന്യൂനപക്ഷമായി; നഗരകാഴ്ചയായിപലസ്തിന്‍ പതാകകള്‍

മാത്രവുമല്ല ബ്രിട്ടീഷുകാര്‍ നെഞ്ചേറ്റി സ്‌നേഹിക്കുന്ന അവരുടെ പതാകകള്‍ മാറ്റുകയും പകരം പലസ്തീന്‍ പതാകകള്‍ അഴിച്ചു മാറ്റാതിരിക്കുകയും ചെയ്യുന്ന തികഞ്ഞ ചേരി തിരിവ് സൃഷ്ടിക്കുന്ന കാഴ്ചയും കുടിയേറ്റക്കാര്‍ക്ക് മുന്‍തൂക്കമുള്ള ബര്‍മിങ്ഹാം കൗണ്‍സിലില്‍ കാണാനാകുന്നുണ്ട്. ബര്‍മിങ്ഹാം കൗണ്‍സില്‍ പരിധിയില്‍ കുടിയേറ്റ ജനസമൂഹം 51 ശതമാനത്തിനു മുകളില്‍ ആകുകയും തദ്ദേശീയര്‍ 48 ശതമാനത്തിലേക്ക് താഴുകയും ചെയ്ത കണക്കുകളുടെ സാഹചര്യത്തില്‍ കൂടിയാണ് തികച്ചും പ്രകോപനപരമായ പെരുമാറ്റം ഉത്തരവാദിത്തപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നും തന്നെ ഉണ്ടാകുന്നതെന്ന കുറ്റപ്പെടുത്തലും ശക്തമാണ്. തദ്ദേശീയ വികാരം ഉയര്‍ത്തുന്ന അടുത്തിടെ പ്രവര്‍ത്തനം ആരംഭിച്ച ജിബി ന്യൂസ് ചാനല്‍, ഡെയിലി മെയില്‍ എന്നിവയൊക്കെ ബര്‍മിങ്ഹാം കൗണ്‍സില്‍ പാകിസ്ഥാന്‍ പതാക ഉയര്‍ത്തിയത് വികാരപരമായാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ബര്‍മിങ്ഹാമിലെ തെരുവുകള്‍ നിറയെ പാകിസ്ഥാന്‍, പലസ്തീന്‍ പാതകകള്‍ നിറഞ്ഞ ചിത്രങ്ങള്‍ സഹിതമാണ് റിപോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്. മുന്‍പ് അഫ്ഗാനിസ്ഥാന്‍ യുദ്ധം നടക്കുമ്പോള്‍ ആ രാജ്യത്തെ പതാകകളും ഐ എസ് പതാകകളും യഥേഷ്ടം പറന്ന പ്രദേശമാണ് ബര്‍മിങ്ഹാം എന്നതിനാല്‍ ഇപ്പോഴത്തെ കാഴ്ചകളിലും വലിയ അത്ഭുതം വേണ്ടെന്ന വിലയിരുത്തല്‍ ഒരു ഭാഗത്തുണ്ടെങ്കിലും കുടിയേറ്റ സമൂഹങ്ങള്‍ക്കെതിരെ ശക്തമായ വികാരം തദേശിയര്‍ക്കിടയില്‍ ഉയരുന്നതിനാല്‍ ചെറിയൊരു തീപ്പൊരി പോലും കാട്ടുതീ പോലെ ആളിപ്പടരും എന്നതും വസ്തുതയാണ്. അതിനിടെ പാക് പതാക ഉയര്‍ത്തി സ്വതന്ത്ര ദിനാഘോഷം സംഘടിപ്പിക്കുന്നതിനു മുന്നോടിയായി സിറ്റി കൗണ്‍സില്‍ പരിസരത്തു സ്ഥാപിച്ചിരുന്ന യൂണിയന്‍ ജാക്, സെന്റ് ജോര്‍ജ് പതാകകള്‍ എടുത്തു മാറ്റാന്‍ നിര്‍ദേശം നല്‍കിയ കൗണ്‍സില്‍ അധികൃതര്‍ ജനരോക്ഷം ഭയന്ന് പലസ്തീന്‍ പതാകകള്‍ എടുത്തു മാറ്റിയില്ല എന്ന ഇരട്ടത്താപ്പാണ് മാധ്യമങ്ങള്‍ ഇപ്പോള്‍ ഉയര്‍ത്തികാട്ടുന്നത്.

കൗണ്‍സില്‍ ലൈബ്രറി പാക് പതാകയിലെ പച്ച പുതഞ്ഞ വര്‍ണ വെളിച്ചത്തില്‍; പാപ്പരായ കൗണ്‍സിലിന് പണമെവിടെ നിന്നും എന്ന ചോദ്യവും

സമൂഹ മാധ്യമങ്ങളായ എക്‌സ്, ഫേസ്ബുക് എന്നിവിടങ്ങളില്‍ ഇക്കാര്യം വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. പാഴ്ചിലവുകള്‍ മൂലം പാപ്പരായി മാറിയ സിറ്റി കൗണ്‍സിലാണ് ഇത്തരത്തില്‍ വീണ്ടും പാഴ്ചിലവ് നടത്തുന്നത് എന്ന വിമര്‍ശവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ നഗരത്തില്‍ പലയിടത്തും സ്ഥാപിച്ച പതാകകള്‍ റോഡ് ഉപയോക്താക്കള്‍ക്ക് അപകടമായി മാറിയേക്കും എന്ന ചിന്തയില്‍ നൊടിയിടയില്‍ ബ്രിട്ടീഷ് പതാകകള്‍ എടുത്തു മാറ്റുക ആയിരുന്നു. അതേസമയം പലസ്തീന്‍ പതാകകള്‍ എടുത്തു മാറ്റാതെ അതേപടി നിലനിര്‍ത്തുകയും ചെയ്തു. കഴിഞ്ഞ 18 മാസമായി പലസ്തീന്‍ പതാകകള്‍ നഗരത്തില്‍ ഉയര്‍ന്നു നില്‍ക്കുകയും ബ്രിട്ടീഷ് പതാകകള്‍ എടുത്തു മാറ്റുകയും ചെയ്തത് തികഞ്ഞ അപലപനീയത തന്നെയാണ് എന്ന് ഷാഡോ ഹോം സെക്രട്ടറി റോബര്‍ട്ട് ജെന്റിക് ആരോപണം ഉയര്‍ത്തിയതോടെ കൂടുതല്‍ രാഷ്ട്രീയ മാനങ്ങള്‍ ഈ വിഷയത്തില്‍ വന്നിരിക്കുകയാണ്.

നഗരത്തിലെ സ്പാര്‍ക് ഹില്‍ പ്രദേശത്തു ജനസംഖ്യയില്‍ 80 ശതമാനം ആളുകളും മുസ്ലിം വിഭാഗത്തില്‍ പെട്ടവര്‍ ആയതിനാല്‍ പലസ്തീന്‍ പതാകയെ തൊടാന്‍ ഒരാളും ധൈര്യപ്പെടില്ല എന്നാണ് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയുന്നത്. പോലീസ് സംരക്ഷണം കൂടാതെ പതാക എടുത്തു മാറ്റുന്നത് ആലോചിക്കാനാകില്ല എന്ന രഹസ്യ മൊഴി കൗണ്‍സില്‍ ഹാളില്‍ നിന്നും പുറത്തു പോയതും ഇപ്പോള്‍ മറ്റൊരു നാണക്കേടായി മാറുകയാണ്. കൗണ്‍സില്‍ കാബിനറ്റ് മെമ്പര്‍ മജീദ് മഹമൂദ് അയച്ച ഇമെയില്‍ ചോര്‍ന്നാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്. പതാക വിഷയം എല്ലാവരും മറന്നു തുടങ്ങിയ സമയത്താണ് സിറ്റി കൗണ്‍സില്‍ ലൈബ്രറി കെട്ടിടം പാക് പതാകയിലെ നിറങ്ങളായ പച്ചയും വെള്ളയും ചേര്‍ന്ന എല്‍ഇഡി ബള്‍ബുകളില്‍ മിന്നി പാക് സ്വാതന്ത്രം ദിന ആഘോഷം നടത്തിയതോടെ വീണ്ടും ചര്‍ച്ചയായി മാറുന്നത്. പാപ്പരായ നഗര ഭരണത്തിന് ഇതിനൊക്കെ പണം എവിടെ നിന്ന് എന്ന ചോദ്യവും ഒരുഭാഗത്തു ഉയരുന്നു. പാക് പതാക ഉയര്‍ത്തിയ ചിത്രങ്ങളും വിഡിയോയും മജീദ് മുഹമ്മ്ദ് തന്നെയാണ് പങ്കുവച്ചിരിക്കുന്നതും.