കൊളംബോ: ഭാര്യയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ ഇംഗ്ലണ്ടിലേക്ക് പോകാന്‍ സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്തെന്ന കേസില്‍ അറസ്റ്റിലായ മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ റിമാന്‍ഡില്‍. 2023 സെപ്തംബറിലാണ് കേസിന് ആസ്പദമായ സംഭവം. 2022 ജൂലായ് മുതല്‍ 2024 സെപ്തംബര്‍ വരെയാണ് റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രസിഡന്റ് പദവിയിലുണ്ടായിരുന്നത്.

ഭാര്യയും പ്രൊഫസറുമായ മൈത്രിയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനായി സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്തെന്ന കേസില്‍ മൊഴി രേഖപ്പെടുത്താന്‍ വിക്രമസിംഗെയെ ക്രിമിനല്‍ ഡിപ്പാര്‍ട്ട്മെന്റ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ആസ്ഥാനത്ത് വിളിച്ചുവരുത്തിയിരുന്നു. തുടര്‍ന്നാണ് 76കാരനായ വിക്രമസിംഗെയെ അറസ്റ്റ് ചെയ്തത്. ആറ് തവണ ശ്രീലങ്കന്‍ പ്രധാനമന്ത്രിയായും സേവനം അനുഷ്ഠിച്ചിട്ടുള്ള വിക്രമസിംഗെ യുഎസില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി തിരികെയെത്തിയ ശേഷം ഭാര്യയുടെ സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ പൊതുപണം ഉപയോഗിച്ച് ലണ്ടനിലേക്ക് പോയെന്നാണ് കേസില്‍ പറയുന്നത്.

2023ലെ ഹവാനയില്‍ നടന്ന ജി77 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമാണ് വിക്രമസിംഗെ ലണ്ടനിലേക്ക് തിരിച്ചത്. വോള്‍വര്‍ഹാംപ്ടണ്‍ സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം ഭാര്യയ്ക്കൊപ്പം പങ്കെടുത്തു. 2022നും 2024നും ഇടയില്‍ വിക്രമസിംഗെ 23 വിദേശ യാത്രകള്‍ക്കായി 600 മില്യണ്‍ രൂപയിലധികം ചെലവഴിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. ഗോതബയ രാജപക്സെയ്ക്ക് പിന്നാലെ ശ്രീലങ്കന്‍ പ്രസിഡന്റായ വിക്രമസിംഗെ രാജ്യത്തെ 2022ലെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറ്റുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നു.

കോടതിയിലെ നാടകീയ രംഗങ്ങള്‍ക്ക് ശേഷമാണ് റിമാന്റ്. മുന്‍ പ്രസിഡന്റ് സിരിസേനയും വിക്രമസിംഗയ്‌ക്കൊപ്പം കോടതി മുറിയിലുണ്ടായിരുന്നു. കോടതിയില്‍ റനില്‍ വിക്രമസിംഗയെ എത്തിച്ച് അഞ്ച് മണിക്കൂര്‍ പിന്നിട്ടിട്ടും ജാമ്യം നല്‍കണമെന്ന അപേക്ഷയില്‍ തീരുമാനമുണ്ടായിരുന്നില്ല. വാദം നടക്കുന്നതിനിടെ കോടതിയില്‍ വൈദ്യുതി ബന്ധം നഷ്ടമായിരുന്നു.