- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള ഈ മേഖലയില്‍ നമ്മുടെ അജണ്ട നടപ്പാക്കാനും സഹായിക്കാനും പൂര്‍ണ്ണമായി വിശ്വസിക്കാന്‍ കഴിയുന്ന ഒരാള്‍ ഉണ്ടായിരിക്കേണ്ടത് പ്രധാനം; അഭിനന്ദനങ്ങള്‍ സെര്‍ജിയോ! ഇന്ത്യയ്ക്ക് പുതിയ അമേരിക്കന്‍ അംബാസിഡര്‍; യുഎസ് പ്രസിഡന്റ് നിയോഗിക്കുന്നത് അതിവിശ്വസ്തനെ; ട്രംപിന്റെ കുറിപ്പിലുണ്ട് ലക്ഷ്യം
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത സുഹൃത്തും വൈറ്റ് ഹൗസ് പേഴ്‌സണല്‍ ഡയറക്ടറുമായ സെര്‍ജിയോ ഗോറിനെ ഇന്ത്യയിലേക്കുള്ള അമേരിക്കന്‍ അംബാസഡറായി നിമയിച്ചു. ദക്ഷിണ-മധ്യേഷ്യന്‍ മേഖലയിലേക്കുള്ള യുഎസ് പ്രസിഡന്റിന്റെ പ്രത്യേക ദൂതനായും സെര്‍ജിയോ ഗോര്‍ പ്രവര്‍ത്തിക്കും. ഇന്ത്യയെ കൂടുതല്‍ വരുതിയിലാക്കുകയാണ് പുതിയ അംബാസിഡര്‍ നിയമനത്തിലൂടെ ട്രംപ് ലക്ഷ്യമിടുന്നത്.
ഗോര്‍ തന്റെ 'പ്രിയ സുഹൃത്തും' ഭരണത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളില്‍ ഒരാളുമാണെന്ന് ട്രംപ് വിശേഷിപ്പിച്ചു. റഷ്യയുമായുള്ള വ്യാപാര ബന്ധത്തിന്റെ പേരില്‍ ഇന്ത്യക്ക് മേല്‍ 25 ശതമാനം അധിക നികുതി ചുമത്തിയതിനൊപ്പം, 25 ശതമാനം പ്രതികാര തീരുവയും ട്രംപ് ഏര്‍പ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയും അമേരിക്കയും തമ്മിലെ ബന്ധം ഉലഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഗോറിന്റെ നിയമനം നിര്‍ണായകമാണ്. നിലവില്‍ വൈറ്റ് ഹൗസ് പ്രസിഡന്‍ഷ്യല്‍ പേഴ്‌സണല്‍ ഓഫീസിന്റെ ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന ഗോര്‍, സ്ഥാനപതിയായി ചുമതലയെടുക്കുന്നതുവരെ പദവിയില്‍ തുടരും.
'സെര്‍ജിയോയും സംഘവും റെക്കോര്‍ഡ് സമയത്തിനുള്ളില്‍ ഗവണ്‍മെന്റിന്റെ എല്ലാ വകുപ്പുകളിലുമായി ഏകദേശം 40,000 രാജ്യസ്‌നേഹികളെ നിയമിച്ചു- നമ്മുടെ വകുപ്പുകളും ഏജന്‍സികളും 95 ശതമാനത്തിലധികം അമേരിക്ക ഫസ്റ്റ് രാജ്യസ്നേഹികളാല്‍ നിറഞ്ഞിരിക്കുന്നു.' ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള ഈ മേഖലയില്‍, നമ്മുടെ അജണ്ട നടപ്പാക്കാനും നമ്മളെ സഹായിക്കാനും പൂര്‍ണ്ണമായി വിശ്വസിക്കാന്‍ കഴിയുന്ന ഒരാള്‍ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. അമേരിക്കയെ വീണ്ടും മഹത്തരമാക്കുക. സെര്‍ജിയോ ഒരു മികച്ച അംബാസഡറായിരിക്കും. അഭിനന്ദനങ്ങള്‍ സെര്‍ജിയോ!' ട്രംപ് കൂട്ടിച്ചേര്‍ത്തു. അതായത് ഇന്ത്യയില്‍ അമേരിക്കന്‍ അജണ്ട നടപ്പാക്കണമെന്ന ലക്ഷ്യമാണ് ഈ നിയമനത്തിനുള്ളത്.
പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഉസ്ബെക്കിസ്ഥാനിലെ താഷ്‌കന്റില്‍ 1986 നവംബര്‍ 30-നാണ് സെര്‍ജിയോ ഗൊറോഖോവ്സ്‌കി എന്ന സെര്‍ജിയോ ഗോര്‍ ജനിച്ചത്. പഠനം യുഎസിലെ ജോര്‍ജ് വാഷിങ്ടണ്‍ സര്‍വകലാശാലയില്‍ ആയിരുന്നു. അക്കാലംതൊട്ടേ രാഷ്ട്രീയത്തില്‍ സജീവമായി. മിഷേല്‍ ബാച്ച്മാന്‍, സ്റ്റീവ് കിങ്, റാന്‍ഡി ഫോര്‍ബ്സ് തുടങ്ങിയ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളുടെ വക്താവായി പ്രവര്‍ത്തിച്ചാണ് ഗോര്‍ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 2013-ല്‍, സെനറ്റര്‍ റാന്‍ഡ് പോളിന്റെ രാഷ്ട്രീയകാര്യ സമിതിയായ റാന്‍ഡ്പാകിന്റെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടറായി.
വിന്നിങ് ടീം പബ്ലിഷിങ് എന്ന പ്രസാധക സ്ഥാപനത്തിന്റെ സഹസ്ഥാപകനാണ്. 'ലെറ്റേഴ്സ് ടു ട്രംപ്', 'ഔര്‍ ജേര്‍ണി ടുഗെദര്‍', 'സേവ് അമേരിക്ക' തുടങ്ങിയ ട്രംപുമായി ബന്ധപ്പെട്ട ഒട്ടേറെ പുസ്തകങ്ങള്‍ ഈ സ്ഥാപനം പുറത്തിറക്കിയിട്ടുണ്ട്. 2024 നവംബറില്‍, ട്രംപ് ഗോറിനെ വൈറ്റ് ഹൗസ് പ്രസിഡന്‍ഷ്യല്‍ പേഴ്‌സണല്‍ ഓഫീസിന്റെ ഡയറക്ടറായി നിയമിച്ചു. ട്രംപിന്റെ അതിവിശ്വസ്തനായിരുന്നു അദ്ദേഹം.
ഇന്ത്യ-യുഎസ് ബന്ധം വഷളായതിനു പിന്നാലെയാണ് തന്റെ അടുത്ത സഹായിയായ സെര്‍ജിയോ ഗോറിനെ ഇന്ത്യയിലെ അംബാസഡറായി ട്രംപ് നിയോഗിച്ചത് എന്നതാണ് ശ്രദ്ധേയം. മുപ്പത്തിയെട്ടുകാരനായ സെര്‍ജിയോ ഗോര്‍ അതിവേഗത്തിലാണു രാഷ്ട്രീയത്തില്‍ വളര്‍ന്നത്. വൈറ്റ് ഹൗസിലെ ഏറ്റവും ശക്തനായ വ്യക്തിയായും സെര്‍ജിയോ മാറി.