- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മാക് അവർ കൺട്രി ഗ്രേറ്റ് എഗൈൻ..; എൻഡ് മാസ്സ് ഇമ്മിഗ്രേഷൻ നൗ..!!'; പൊരിവെയിലിനെ വകവയ്ക്കാതെ തെരുവുകളിൽ പ്ലക്കാർഡുകൾ ഉയർത്തി ആർത്തുവിളിക്കുന്ന ജനം; ഇടി കൊടുത്തും ഉന്തിയും തള്ളിയും പ്രതിരോധിക്കുന്ന സെക്യൂരിറ്റി ഫോഴ്സ്; മെൽബൺ നഗരത്തെ പിടിച്ചുകുലുക്കി കൂറ്റൻ കുടിയേറ്റവിരുദ്ധ റാലി; ഇന്ത്യക്കാർക്ക് ഓസ്ട്രേലിയയിലും രക്ഷയില്ലാതാകുമോ?
സിഡ്‌നി: ഓസ്‌ട്രേലിയയിൽ കുടിയേറ്റക്കാർക്കെതിരെ വൻ തോതിലുള്ള പ്രതിഷേധം. 'മാർച്ച് ഫോർ ഓസ്‌ട്രേലിയ' എന്ന തീവ്ര വലതുപക്ഷ സാമൂഹിക മാധ്യമ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ രാജ്യത്തെ വിവിധ നഗരങ്ങളിൽ സംഘടിപ്പിച്ച കുടിയേറ്റവിരുദ്ധ റാലികളിൽ ആയിരക്കണക്കിന് പേർ പങ്കെടുത്തു. ഓസ്‌ട്രേലിയയിലെ ബഹുജന കുടിയേറ്റം അവസാനിപ്പിക്കണമെന്നും രാജ്യത്തിന്റെ കുടിയേറ്റ നയങ്ങൾ രാജ്യത്തിന്റെ ഐക്യത്തെ തകർക്കുന്നുവെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
പ്രക്ഷോഭകർ, പ്രത്യേകിച്ച് ഇന്ത്യക്കാരെ ലക്ഷ്യമിട്ട് വിദ്വേഷം നിറഞ്ഞ നോട്ടീസുകളും ലഘു ലേഖകളും വിതരണം ചെയ്തു. നൂറ് വർഷത്തിനിടെ ഗ്രീക്കുകാരും ഇറ്റലിക്കാരും നടത്തിയതിനേക്കാൾ കൂടുതൽ ഇന്ത്യക്കാർ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഓസ്‌ട്രേലിയയിലെത്തിയെന്ന് ഒരു നോട്ടീസിൽ ആരോപിക്കുന്നു. ഓസ്‌ട്രേലിയയുടെ മൊത്തം ജനസംഖ്യയുടെ മൂന്ന് ശതമാനം വരുന്ന ഇന്ത്യക്കാരെക്കുറിച്ചുള്ള കണക്കുകളും ഇവർ പ്രചരിപ്പിച്ചു. 2013 മുതൽ 2023 വരെ ഓസ്‌ട്രേലിയയിലെ ഇന്ത്യക്കാരുടെ എണ്ണം ഇരട്ടിയായി 8.5 ലക്ഷത്തിലെത്തിയെന്നും ഇത് ആശങ്കാജനകമാണെന്നും പ്രതിഷേധക്കാർ അവകാശപ്പെട്ടു. 'നമ്മുടെ രാജ്യത്തെ തിരികെ കൊണ്ടുപോകൂ, നമ്മുടെ സംസ്കാരത്തെ സംരക്ഷിക്കൂ' തുടങ്ങിയ മുദ്രാവാക്യങ്ങളും ഇവർ ഉയർത്തി. ഓസ്‌ട്രേലിയയിലെ ഭൂരിപക്ഷ ജനവിഭാഗം തങ്ങളോടൊപ്പമാണെന്നും അവർ അവകാശപ്പെട്ടു.
എന്നാൽ, 'മാർച്ച് ഫോർ ഓസ്‌ട്രേലിയ'യുടെ പ്രക്ഷോഭം വംശീയതയും വിദ്വേഷവും പ്രചരിപ്പിക്കുന്നതാണെന്ന് സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചു. പ്രതിഷേധക്കാർക്ക് നിയോ-നാസി ബന്ധമുണ്ടെന്നും സർക്കാർ വൃത്തങ്ങൾ ആരോപിച്ചു. വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുന്ന ഇത്തരം റാലികളെ പിന്തുണയ്ക്കുന്നില്ലെന്ന് ഓസ്‌ട്രേലിയൻ മന്ത്രി മുറായ് വാട്ട് വ്യക്തമാക്കി. സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദശകത്തിൽ ഓസ്‌ട്രേലിയയിൽ കുടിയേറ്റക്കാർ വർധിച്ചുവരുന്നു എന്നതും, പ്രത്യേകിച്ച് ഇന്ത്യൻ വംശജരുടെ എണ്ണത്തിലുണ്ടായ വളർച്ചയും പലപ്പോഴും ചർച്ചയാകാറുണ്ട്. നിലവിലെ സ്ഥിതിഗതികൾ കണക്കിലെടുത്ത്, കുടിയേറ്റ നയങ്ങളുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയയിൽ നടക്കുന്ന ചർച്ചകൾക്ക് ഈ പ്രക്ഷോഭം പുതിയ മാനം നൽകിയിരിക്കുകയാണ്. ഇത് രാജ്യത്തെ സാമൂഹിക-രാഷ്ട്രീയ അന്തരീക്ഷത്തിൽ കൂടുതൽ ചർച്ചകൾക്ക് വഴിതെളിയിക്കുമെന്നാണ് വിലയിരുത്തൽ.
അതേസമയം, ഓസ്ട്രേലിയയിൽ ഭവന വിലക്കയറ്റവും ലഭ്യതക്കുറവും പരിഹരിക്കുന്നതിന്റെ ഭാഗമായി വിദേശികൾക്ക് വീട് വാങ്ങുന്നതിന് താത്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഏപ്രിൽ 1 മുതൽ 2027 മാർച്ച് 31 വരെയാണ് നിയന്ത്രണം പ്രാബല്യത്തിൽ വരിക. കുടിയേറ്റക്കാർ ധാരാളമായി എത്തുന്ന രാജ്യമായതുകൊണ്ടുതന്നെ ഓസ്ട്രേലിയയിൽ വീടുകൾക്ക് വലിയ ദൗർലഭ്യം നേരിടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സർക്കാർ പുതിയ തീരുമാനം കൈക്കൊണ്ടത്.
സ്വന്തമായി വീട് എന്ന സ്വപ്നം പല ഓസ്ട്രേലിയക്കാർക്കും താങ്ങാനാവാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഉയർന്ന ജീവിതച്ചെലവും വീടുകളുടെ വിലക്കയറ്റവും യുവ വോട്ടർമാരെ ഭരണകക്ഷിക്ക് എതിരാക്കിയേക്കുമെന്ന ആശങ്കയും ഈ തീരുമാനത്തിനു പിന്നിലുണ്ട്. സിഡ്നിയിൽ കഴിഞ്ഞ പത്തുവർഷത്തിനിടെ വീടുകളുടെ വില 70 ശതമാനമാണ് വർധിച്ചത്. സാധാരണ ഒരു വീട് വാങ്ങാൻ 6 കോടി രൂപയിലേറെ മുടക്കേണ്ടി വരും. വാടകയും ക്രമാതീതമായി ഉയരുകയാണ്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം വിദേശ നിക്ഷേപകർ 27,000 കോടി രൂപയുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടത്തിയിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും ഒഴിഞ്ഞുകിടക്കുന്ന ഭൂമിയും വാസയോഗ്യമായ സ്ഥലങ്ങളുമായിരുന്നു. വിദേശത്തുനിന്നുള്ളവർ റിയൽ എസ്റ്റേറ്റ് വാങ്ങി കൂട്ടുന്നത് ഓസ്ട്രേലിയക്കാർക്ക് സ്വന്തമായി വീട് വെക്കുന്നതിന് പോലും തടസ്സമാകുന്നുവെന്ന് വിലയിരുത്തിയാണ് സർക്കാർ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. നിയന്ത്രണങ്ങളുടെ കാലാവധി ദീർഘിപ്പിക്കുന്ന കാര്യത്തിൽ പിന്നീട് പുനരാലോചന നടത്തും. ഓസ്ട്രേലിയയിലെ ഭവന പ്രതിസന്ധിക്ക് ഒരു പരിഹാരം കണ്ടെത്താനുള്ള സർക്കാരിന്റെ ശ്രമമായാണ് ഈ വിലക്ക് വിലയിരുത്തപ്പെടുന്നത്.