ബൊഗോട്ട: കൊളംബിയയില്‍ വിമാനം പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെ യാത്രക്കാരന്‍ സഹയാത്രികരെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് യാത്ര ഒരു മണിക്കൂറോളം വൈകിയെന്ന് പരാതി. സമനില തെറ്റിയ യാത്രക്കാരന്‍ വിമാനത്തിലെ കോക്ക്പിറ്റിന് പുറത്ത് ഭീഷണി മുഴക്കുകയായിരുന്നു. ഇതെ തുടര്‍ന്ന് യാത്രക്കാരെ പൂര്‍ണമായും പുറത്തിറക്കി. വിമാനം പറന്നുയരാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് സീറ്റില്‍ നിന്ന് ചാടിയെഴുന്നേറ്റ യാത്രക്കാരന്‍ മുന്‍വശത്ത് നിന്നുകൊണ്ട് സഹയാത്രികരെ ഭീഷണിപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ചത്.

ബേസ്ബോള്‍ തൊപ്പിയും കറുത്ത ടീ-ഷര്‍ട്ടും ധരിച്ച യാത്രക്കാരന്‍, ഞാന്‍ ഇത് നിങ്ങള്‍ക്കുവേണ്ടിയാണ് ചെയ്യുന്നത് എന്ന് പറഞ്ഞതായിട്ടാണ്

യാത്രക്കാരെ ഭീഷണിപ്പെടുത്തിയത്. ആയുധങ്ങളൊന്നും കൈവശം വച്ചിട്ടില്ലെന്നാണ് ഇയാള്‍ അവകാശപ്പെട്ടെങ്കിലും, ഗര്‍ഭിണിയായ സ്ത്രീ ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ ഭയന്ന് വിറയ്ക്കുകയായിരുന്നു. ബുക്കാറമാംഗയിലെ പലോനെഗ്രോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കൊളംബിയയിലെ ബൊഗോട്ടയിലേക്കുള്ള ഏവിയങ്ക എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ കഴിഞ്ഞ മാസം 31 നാണ് സംഭവം നടന്നത്. ഇതേ തുടര്‍ന്ന് വിമാനം ഒരു മണിക്കൂറോളം വൈകിയിരുന്നു.

പ്രമുഖ കൊളംബിയന്‍ നടി കാതറിന്‍ പോര്‍ട്ടോയും ഈ വിമാനത്തിലെ യാത്രക്കാരിയായിരുന്നു. പ്രശ്നക്കാരനായ യാത്രക്കാരന്‍ തന്റെ കുടുംബത്തെ കാണണം എന്ന് പറഞ്ഞതായി അവര്‍ വെളിപ്പെടുത്തി. താന്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ ഇയാള്‍ ഭീഷണിപ്പെടുത്തി എന്നാണ് കാതറിന്‍ വെളിപ്പെടുത്തി. തുടര്‍ന്ന് യാത്രക്കാര്‍ വിമാനത്തിനുള്ളില്‍ ഒരു മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നു. ജീവനക്കാര്‍ അടിയന്തരമായി പോലീസിനെ വിളിച്ചു വരുത്തുകയായിരുന്നു.

എല്ലാ യാത്രക്കാരേയും ഒഴിപ്പിച്ചതിന് ശേഷമാണ് ഭീഷണിപ്പെടുത്തിയ വ്യക്തിയെ പിടികൂടിയത്. ഇയാളെ പിന്നീട് മാനസികരോഗാശുപത്രിയിലേക്ക് മാററി. അക്രമി ആയുധം കൈവശം വച്ചിരുന്നില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. പൊതുസ്ഥലത്ത് പരിഭ്രാന്തി സൃഷ്ടിച്ചതിനാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് ബുക്കാറമാംഗ മെട്രോപൊളിറ്റന്‍ പോലീസ് പറഞ്ഞു. എന്നാല്‍ വിമാനക്കമ്പനി ഇതുവരെ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല, സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

കഴിഞ്ഞ ആഴ്ച, ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തില്‍ ഒരു വിമാന യാത്രക്കാരെനെ ക്രൂ അംഗത്തെ ഇടിച്ചു വീഴ്ത്തി ക്യാബിന്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചതിന് അറസ്റ്റ് ചെയ്തിരുന്നു. ഓഗസ്റ്റ് 28 ന് ഉച്ചയ്ക്ക് 1 മണിയോടെ ജിദ്ദയില്‍ നിന്ന് ഇറങ്ങിയ സൗദിയ എയര്‍ലൈന്‍സ് വിമാനത്തിലേക്ക് പോലീസും അഗ്നിശമന സേനാംഗങ്ങളും പാഞ്ഞെത്തിയിരുന്നു. വിമാനം അതിന്റെ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനുമുമ്പ് ഇറങ്ങണമെന്ന് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഒരു പുരുഷ യാത്രക്കാരന്‍ ഫ്ലൈറ്റ് അറ്റന്‍ഡന്റുമായി തര്‍ക്കിക്കുകയും തുടര്‍ന്ന് അയാളെ ഇടിക്കുകയും ചെയ്തു.