ലണ്ടന്‍: ഒരുകാലത്ത്, ലോകത്തിലെ, ഇന്ത്യയ്ക്ക് പുറത്തുള്ള ദീപാവലി ആഘോഷമെന്ന് ഖ്യാതി കേട്ടിരുന്ന ബ്രിട്ടണിലെ ലെസ്റ്റര്‍ ദീപാവലി ആഘോഷത്തിന് ഇക്കുറി ശോഭ മങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. ലേബര്‍ പാര്‍ട്ടി ഭരിക്കുന്ന കൗണ്‍സില്‍ വെടിക്കെട്ടിനും, സ്റ്റേജ് ഷോയ്ക്കും ദീപാവലി ഗ്രാമത്തിനുമുള്ള അനുമതി സുരക്ഷാ കാരണത്താല്‍ നിരാകരിച്ചതിനാലാണിത്. ഇതോടെ തെരുവുകളില്‍ മണ്‍ചെരാതുകളും, 6,000 ഓളം എല്‍ ഇ ഡി ലൈറ്റുകളും ഒരു ഫെറീസ് വീലുമായി ആഘോഷം ഒതുങ്ങും. കേവലം ഒരു രാത്രിയിലെക്ക് മാത്രമായി റോഡ് അടച്ചിടും.

വിവിധ ഏജന്‍സികള്‍ അടങ്ങിയ ഒരു സേഫ്റ്റി അഡ്വൈസറി ഗ്രൂപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഈ തീരുമാനം. കഴിഞ്ഞ വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് എകദേശം 55,000 പേരോളം പങ്കെടുത്തിരുന്നു. ഇത് വന്‍ തിരക്ക് സൃഷ്ടിച്ചെന്നും, എമര്‍ജന്‍സി റൂട്ടുകള്‍ തടസ്സപ്പെടുത്തിയെന്നും മുന്നറിയിപ്പില്‍ പറയുന്നു. അതുകൊണ്ടു തന്നെ നിലവിലെ രീതിയില്‍ ഈ ഉത്സവം നടത്താനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിനു പകരമായി ഒക്ടോബര്‍ 20 ന് ബെല്‍ഗ്രേവ് റോഡ് അടച്ചിടും. ഗോള്‍ഡന്‍ മൈലിലെ റെസ്റ്റോറന്റുകളില്‍ എത്തുന്നവര്‍ക്കും ഷോപ്പിംഗിനെത്തുന്നവര്‍ക്കും സൗകര്യമൊരുക്കാനാണിത്. ദീപത്തിന്റെ ആകൃതിയിലുള്ള റാന്തലുകള്‍ ഉള്‍പ്പടെ 6000 എല്‍ ഇ ഡി ലൈറ്റുകള്‍ എല്ലാ വിളക്കുകാലുകളിലും അലങ്കാരത്തിനായി തൂക്കും. വിനോദത്തിനായി ആകെ ഉള്ളത് ലൈറ്റ് ഫെറീസ് വീല്‍ സ്വിച്ച് ഓണ്‍ ചെയ്യുക മാത്രമായിരിക്കും. പ്രദേശത്തെ ഹിന്ദു വിഭാഗത്തില്‍ നിന്നും ഇതിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ടര്‍ക്കിയില്ലാത്ത ക്രിസ്ത്മസ് അത്താഴ വിരുന്ന് പോലെയാണ് കരിമരുന്ന് പ്രയോഗമില്ലാത്ത ദീപാവലി എന്നായിരുന്നു ഹിന്ദു കമ്മ്യൂണിറ്റി ഓര്‍ഗനൈസേഷന്‍ ഗ്രൂപ്പിലെ വിനോദ് പൊപാറ്റ് പ്രതികരിച്ചത്. ലെസ്റ്റര്‍ ഈസ്റ്റ് എം പി ശിവാനി രാജയും ഇതിനെതിരെ എക്സില്‍ പ്രതിഷേധവുമായി എത്തി. ഇന്ത്യയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ ദീപാവലി ആഘോഷമാണ് ലെസ്റ്ററിലേതെന്നും അത് ഇപ്പോള്‍ പ്രതിസന്ധിയില്‍ ആയിരിക്കുകയാണെന്നും അവര്‍ കുറിച്ചു.സുരക്ഷാ കാരണങ്ങളാല്‍ ആഘോഷങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനാണ് കൗണ്‍സില്‍ ശ്രമിക്കുന്നതെന്ന് പറഞ്ഞ അവര്‍, ഇതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് താനും മറ്റൊരു എം പിയായ നെല്‍ ഒ ബ്രിയാനും ചീഫ് കോണ്‍സ്റ്റബിളിന് കത്തെഴുതിയിട്ടുണ്ടെന്നും പറഞ്ഞു.

പതിറ്റാണ്ടുകളായി ബ്രിട്ടീഷ് - ഏഷ്യന്‍ സാംസ്‌കാരിക ഏകോപനത്തിന്റെ അഭിമാനകരമായ ഒരു പ്രതീകമാണ് ലെസ്റ്ററിലെ ദീപാവലി ആഘോഷങ്ങള്‍. യു കെയില്‍ നിന്നു മാത്രമല്ല, മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും പതിനായിരങ്ങളായിരുന്നു ഇവിടെ എത്തിയിരുന്നത്. മതപരമായ വിശ്വാസങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ തന്നെ നഗരത്തിന്റെ ബഹുസ്വരതയുടെ പ്രതീകമാകാനും ഇതിന് കഴിഞ്ഞിരുന്നു. എന്നാല്‍, അടുത്ത കാലത്തായി ഏര്‍പ്പെടുത്തിയ സാമ്പത്തിക നിയന്ത്രണങ്ങളും, കനത്ത പോലീസിംഗും അതുപോലെ സാമുദായിക സംഘര്‍ഷങ്ങളും ഇതിനെ പ്രതികൂലമായി ബാധിച്ചിരുന്നു.

ഏറെ ജനപ്രിയമായ ഈ ആഘോഷത്തിനുള്ള ബജറ്റ് 2023 ല്‍ ആയിരുന്നു വെട്ടിക്കുറച്ചത്. മാത്രമല്ല, വന്‍ തിരക്ക്, ആളുകളെ ഒഴിപ്പിക്കുന്നതിനും, എമര്‍ജന്‍സി സേവനങ്ങള്‍ക്കും തടസ്സമാകുന്നുവെന്ന ആരോപണവും ഉയര്‍ന്നിരുന്നു. നോട്ടിംഗ്ഹാള്‍ ഹില്‍ കാര്‍ണിവല്‍ പോലുള്ള മറ്റ് വലിയ പരിപാടികളെ പോലെയല്ല, ഈ ആഘോഷത്തെ കാണുന്നതെന്നും വലിയ വിവേചനമാണ് നേരിടുന്നതെന്നും എം പിമാരും സമുദായ നേതാക്കളും വാദിക്കുന്നു.

1980 കളിലാണ് ലെസ്റ്ററില്‍ ആദ്യമായി ഒരു സാമൂഹ്യ ഉത്സവം എന്ന രീതിയില്‍ ദീപാവലി ആഘോഷങ്ങള്‍ ആരംഭിക്കുന്നത്. 2000 ആയപ്പോഴേക്കും, ഇന്ത്യയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ ദീപാവലി ആഘോഷമായി ഇത് മാറിക്കഴിഞ്ഞിരുന്നു. കരിമരുന്ന് പ്രയോഗവും, ഭക്ഷണ സ്റ്റാളുകളും, കലാ സാംസ്‌കാരിക പരിപാടികളും ഒക്കെയായി ഇത് ബ്രിട്ടീഷ് ഉത്സവ കലണ്ടറില്‍ അതീവ പ്രാധാന്യമുള്ള ഒരു ഇടം കണ്ടെത്തി. എന്നാല്‍, 2022 ല്‍ ഇന്ത്യാ പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരത്തെ തുടര്‍ന്ന് ഉണ്ടായ ഹിന്ദു മുസ്ലീം കലാപത്തെ തുടര്‍ന്ന് ഇതിന്റെ മതേതര സ്വഭാവത്തിന് കോട്ടം തട്ടി.

കലാപം കെട്ടിയടങ്ങിയെങ്കിലും അതിന്റെ മുറിവ് ഇനിയും പൂര്‍ണ്ണമായും ഉണങ്ങിയിട്ടില്ല. കഴിഞ്ഞയാഴ്ച അനുമതിയില്ലാതെ നടത്തിയ ഒരു ഗണേശ് ചതുര്‍ത്ഥി ഘോഷയാത്രയെ കുറിച്ച് പോലീസ് അന്വേഷണം നടക്കുകയാണിപ്പോള്‍. മുസ്ലീം കൗണ്‍സില്‍ ഓഫ് ബ്രിട്ടനാണ് മതവിദ്വേഷം സൃഷ്ടിക്കുന്ന തരത്തിലുള്ള നടപടികള്‍ കൈക്കൊള്ളുന്നതെന്ന് ഹിന്ദു സംഘടനകള്‍ ആരോപിക്കുന്നു. ഘോഷയാത്രയില്‍ ഉയര്‍ത്തിപ്പിടിച്ച കാവിക്കൊടികള്‍ തീവ്രവാദത്തിന്റെ പ്രതീകമാണെന്ന് അവര്‍ പറഞ്ഞു എന്നാണ് ആരോപണം.