- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രംപ് മുന്നോട്ട് വെച്ച കരാര്‍ ചര്‍ച്ച ചെയ്യുന്നതിനായി ഹമാസ് നേതാക്കള്‍ ദോഹയില്‍ കൂടിക്കാഴ്ച നടത്തുന്ന വേളയില്‍ ഇസ്രയേല്‍ ആക്രമണം; എന്തുകൊണ്ട് സമാധാന ചര്‍ച്ചകളില്‍ നിന്നും ഖത്തര്‍ പിന്മാറി? ഗാസയില്‍ സമാധനം ഉടന്‍ എത്തില്ല
ദോഹ: ഗാസയിലെ വെടിനിര്‍ത്തലിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ട് വെച്ച കരാര്‍ ചര്‍ച്ച ചെയ്യുന്നതിനായി ഹമാസ് നേതാക്കള്‍ ഖത്തറിലെ ദോഹയില്‍ കൂടിക്കാഴ്ച നടത്തുന്ന വേളയിലാണ് ഇസ്രയേല്‍ ശക്തമായ തോതിലുള്ള ആക്രമണം നടത്തിയത്. ഇത് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. ഇസ്രയേല്‍ ഖത്തറില്‍ ആക്രമണം നടത്താന്‍ പോകുന്ന വിവരം ലഭിച്ച ഉടനെ തന്നെ അമേരിക്ക തങ്ങളുടെ പ്രത്യേക പ്രതിനിധി വിറ്റ്കോഫിനെ ഇക്കാര്യം അറിയിച്ചിരുന്നു.
അദ്ദേഹം ഇക്കാര്യം ഖത്തര്‍ ഭരണാധികാരികളെ അറിയിച്ചിരുന്നു എങ്കിലും അതിനകം ആക്രമണം നടന്ന് കഴിഞ്ഞിരുന്നു. ഖത്തര്‍ തലസ്ഥാനത്ത് ഇസ്രായേല്‍ വ്യോമാക്രമണം നടത്തുന്നതിനിടെ ഒരു കെട്ടിടത്തില്‍ നിന്ന് വലിയ സ്ഫോടനവും കട്ടിയുള്ള കറുത്ത പുകയും ഉയരുന്നത് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും. ആളുകള്‍ ഭയന്നോടുന്നതായും ഇതിലുണ്ട്. ഹമാസിന്റെ മുതിര്‍ന്ന നേതൃത്വത്തെ ലക്ഷ്യമിട്ട് തങ്ങളും ഇസ്രായേല്‍ സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെറ്റും കൃത്യമായ ആക്രമണം നടത്തിയതായി ഇസ്രയേല്‍ സൈന്യം വെളിപ്പെടുത്തി.
അതേസമയം എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും നഗ്നമായ ലംഘനം എന്നും ഭീരുത്വം നിറഞ്ഞ ആക്രമണം എന്നുമാണ് ഖത്തര്‍ ഇതിനെ വിശേഷിപ്പിച്ചത്. ആക്രമണം നടന്ന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം, ഡൊണാള്‍ഡ് ട്രംപിന്റെ സമാധാന പദ്ധതി അംഗീകരിക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഗാസ നിവാസികളോട് ആവശ്യപ്പെട്ടു. ഇതിലൂടെ യുദ്ധം ഉടനടി അവസാനിപ്പിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തീവ്രവാദി നേതാക്കള്‍ക്ക് ഇനി എവിടെയും പ്രതിരോധശേഷിയില്ലെന്നും നെതന്യാഹു മുന്നറിയിപ്പ് നല്‍കി.
ഇസ്രായേല്‍ തിന്മയുടെ അച്ചുതണ്ടിന് കനത്ത പ്രഹരമേല്‍പ്പിച്ചു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'ഹമാസിനെ പരാജയപ്പെടുത്താനും എല്ലാ ബന്ദികളെയും മോചിപ്പിക്കാനുമുള്ള ഒരു പ്രചാരണത്തിലാണ് തങ്ങളെന്നാണ് നെതന്യാഹു വാദിക്കുന്നത്. ഹമാസ് നേതാവ് ഖലീല്‍ അല്‍-ഹയ്യയുടെ മകന്‍ ഉള്‍പ്പെടെ അഞ്ച് അംഗങ്ങള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഹമാസ് പറഞ്ഞു. ഖത്തര്‍ സുരക്ഷാ സേവനങ്ങളിലെ ഒരു അംഗവും മരിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ആക്രമണങ്ങളെ അപലപിച്ചു, അവ മേഖലയെ കൂടുതല്‍ അസ്ഥിരപ്പെടുത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ട്രംപിന്റെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി നടന്ന യോഗത്തിനിടെ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ ആക്രമണം നടത്തിയതെന്നാണ് ഹമാസ് ആരോപിക്കുന്നത്. ചര്‍ച്ചയില്‍ പങ്കെടുത്ത ചിലര്‍ക്ക് പരിക്കേറ്റതായും ഹമാസ് അറിയിച്ചു. ഹമാസിന്റെ നേതാവ് ഖലീല്‍ അല്‍-ഹയ്യ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി വിദേശ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു എങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുന്നതില്‍ ഖത്തര്‍ വളരെക്കാലമായി പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം അവസാനം ഖത്തര്‍ മധ്യസ്ഥ ശ്രമങ്ങള്‍ നിര്‍ത്തിവച്ചപ്പോള്‍ ഹമാസിന്റെ ഏറ്റവും മുതിര്‍ന്ന നേതാവായ അല്‍-ഹയ്യ ദോഹ നഗരം വിട്ടിരുന്നു. കഴിഞ്ഞ ദിവസം ഇസ്രയേലിലെ ജെറുസലേമില്‍ നടന്ന ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തം ഹമാസ് ഏറ്റെടുത്തതിന് പിന്നാലെയാണ് ഇസ്രയേല്‍ ഹമാസ് നേതാക്കള്‍ക്ക് നേരേ ആക്രമണം നടത്തിയത് എന്ന കാര്യം ശ്രദ്ധേയമാണ്.