ദോഹ: ഖത്തറില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മധ്യസ്ഥ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറില്‍ കരയാക്രമണം നടത്താനായിരുന്നു നീക്കം. എന്നാല്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ നീക്കം രഹസ്യാന്വേഷണ ഏജന്‍സി മൊസാദ് തടഞ്ഞു. ഇതോടെയാണ് ദോഹയില്‍ വ്യോമാക്രമണം നടത്താന്‍ ഇസ്രയേല്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വാഷിങ്ടന്‍ പോസ്റ്റ് റിപ്പോര്‍ട്ട് പ്രകാരം ആക്രമണത്തിലൂടെ ഹമാസിന്റെ ഉന്നത നേതാക്കളെ വധിക്കുന്നതില്‍ ഇസ്രയേല്‍ പരാജയപ്പെടുകയും ചെയ്തു. മൊസാദിന്റെ നിസ്സഹകരണമാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍. മറ്റ് രാജ്യങ്ങളില്‍ പല ഓപ്പറേഷനും വിജയകരമാക്കിയ മൊസാദ് എന്തു കൊണ്ടാണ് ഖത്തറില്‍ സഹകരിക്കാത്തത് എന്ന് വ്യക്തമല്ല. കൊല്ലപ്പെട്ടവരില്‍ ഹമാസ് നേതൃത്വനിരയിലെ ഉദ്യോഗസ്ഥരാരും ഉണ്ടായിരുന്നില്ല. ഇത് ഇസ്രയേലിന് തിരിച്ചടിയാകുവുകയും ചെയ്തു.

മധ്യസ്ഥ ചര്‍ച്ചയ്ക്കായി ഖത്തറില്‍ എത്തിയ ഹമാസ് ഉന്നത നേതാവ് ഖലീല്‍ അല്‍ ഹയ്യ, ഹമാസിന്റെ വെസ്റ്റ് ബാങ്ക് തലവന്‍ സഹീര്‍ ജബാറിന്‍, ശൂറ കൗണ്‍സില്‍ അധ്യക്ഷന്‍ മുഹമ്മദ് ദാര്‍വിഷ്, വിദേശകാര്യ തലവന്‍ ഖാലിദ് മാഷല്‍ എന്നിവരെ ലക്ഷ്യമിട്ടായിരുന്നു ചൊവ്വാഴ്ച ഇസ്രയേലിന്റെ ആക്രമണം. നേതൃനിരയെ ഇല്ലാതാക്കിയാല്‍ ഹമാസ് നിര്‍വീര്യമാകുമെന്ന കണക്കുകൂട്ടലിലാണ് വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്ക് എത്തിയ നേതാക്കളെ വധിക്കാന്‍ ഖത്തറിന്റെ മണ്ണില്‍ ആക്രമണം നടത്തിയത്. എന്നാല്‍ ലക്ഷ്യം നിറവേറ്റാന്‍ ഇസ്രയേലിനായില്ല എന്നു മാത്രമല്ല ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇസ്രയേല്‍ ഒറ്റപ്പെടുകയും ചെയ്തു.

മൊസാദിന്റെ ഡയറക്ടര്‍ ഡേവിഡ് ബാര്‍ണിയ ഖത്തറിലെ ഹമാസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള ആക്രമണത്തെ എതിര്‍ത്തതായി റിപ്പോര്‍ട്ടുണ്ട്. മൊസാദും ഖത്തറുമായി അടുത്ത ബന്ധമുണ്ട്. ഹമാസുമായുള്ള ചര്‍ച്ചയിലൂടെയാണ് ഇത് രൂപപ്പെട്ടത്. കരയാക്രമണം നടത്തിയാല്‍ ഗാസയിലെ ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളില്‍ പ്രധാന മധ്യസ്ഥത വഹിച്ച ഖത്തറും ഇന്റലിജന്‍സ് ഏജന്‍സിയും തമ്മിലുള്ള ബന്ധം തകരുമെന്ന വിലയിരുത്തല്‍ മൊസാദിനുണ്ടായിരുന്നു. ഇത് ഭാവിയില്‍ പ്രശ്‌നമാകും. ഇതാണ് എതിര്‍പ്പിന് കാരണം. ഇതോടെ കരയാക്രമണത്തിനുപകരം ഇസ്രയേല്‍ 15 പോര്‍വിമാനങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആക്രമണത്തിന് 10 മിസൈലുകളാണ് പ്രയോഗിച്ചത്. ആക്രമണത്തില്‍ ഖത്തര്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു. ഖത്തറിന്റെ മണ്ണില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തെ സംബന്ധിച്ച് ലോകരാജ്യങ്ങള്‍ അപലപിക്കുന്നതിനടയിലാണ് പുതിയ വിവരം പുറത്തുവരുന്നത്.

ആക്രമണത്തില്‍ ഹമാസ് പ്രതിനിധി സംഘത്തിന്റെ ബന്ധുക്കളും സഹായികളുമാണ് കൊല്ലപ്പെട്ടത്. ആക്രമണം പരാജയമാണെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇസ്രയേലിന് തിരിച്ചടിയായി. ഹമാസിന്റെ ഖത്തര്‍ ആസ്ഥാനമായുള്ള നേതാവ് ഖലീല്‍ അല്‍-ഹയ്യയുടെ മകന്‍ ഹമാം ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ പ്രതിരോധ സേനയിലെ ഭൂരിഭാഗവും ഖത്തറിനെതിരായ ആക്രമണം ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടതായി ഇസ്രയേല്‍ ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇസ്രയേല്‍ സൈനിക മേധാവി ഇയാല്‍ സമീര്‍, മൊസാദ് മേധാവി ഡേവിഡ് ബാര്‍ണിയ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സാച്ചി ഹനേഗ്ബി എന്നിവര്‍ ഇതിനെ എതിര്‍ത്തുവെന്നാണ് വാര്‍ത്ത. അതായത് നെതന്യാഹുവിന്റെ മാത്രം തീരുമാനമായിരുന്നു ഖത്തര്‍ ആക്രമണം. ആക്രമണത്തെ രാഷ്ട്ര ഭീകരവാദം എന്നും മധ്യസ്ഥ ശ്രമങ്ങളെ വഞ്ചിക്കുന്ന നടപടിയാണെന്നുമാണ് ഖത്തര്‍ പരസ്യമായി വിശേഷിപ്പിച്ചത്. ഗാസയില്‍നിന്ന് ഇസ്രയേലി ബന്ദികളെ മോചിപ്പിക്കുന്നതിനായി ഖത്തറില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. ഈ സമയത്ത് ആക്രണം നടത്തിയ ഇസ്രയേലിന്റെ തീരുമാനമാണ് പരക്കെ ചോദ്യം ചെയ്യപ്പെടുന്നത്.

ഈ ആക്രമണത്തില്‍ മൊസാദ് പങ്കെടുത്തില്ലെന്നത് വിഷയത്തെക്കുറിച്ച് കൃത്യമായ അറിവുള്ള, പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത രണ്ട് ഇസ്രയേലികളാണ് ഇതുസംബന്ധിച്ച് വിവരങ്ങള്‍ വാഷിങ്ടണ്‍ പോസ്റ്റുമായി പങ്കുവെച്ചത്. ദോഹയില്‍ ഒത്തുകൂടിയ ഹമാസ് നേതാക്കളെ വധിക്കുന്നതിനായി ഏജന്റുമാരെ അയയ്ക്കാനായിരുന്നു ഇസ്രയേലിന്റെ തീരുമാനം. മൊസാദ് നിരസിക്കുകയായിരുന്നു എന്നാണ് രഹസ്യവിവരം കൈമാറിയവര്‍ പറയുന്നത്. താനും തന്റെ ഏജന്‍സിയും ഖത്തറുമായി വളര്‍ത്തിയെടുത്ത ബന്ധത്തില്‍ വിള്ളലുണ്ടാക്കുമെന്ന ആശങ്ക മൊസാദ് തലവന്‍ പങ്കുവച്ചു. അതേസമയം, പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉത്തരവിട്ട ആക്രമണത്തെ ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സും മന്ത്രി റോണ്‍ ഡെര്‍മറും പിന്തുണച്ചു. യോഗത്തിലേക്ക് ബന്ദി മോചന ചര്‍ച്ചകളുടെ ചുമതലയുള്ള മുതിര്‍ന്ന ഐഡിഎഫ് ഉദ്യോഗസ്ഥനായ നിറ്റ്സാന്‍ അലോണിനെ ക്ഷണിച്ചിരുന്നില്ല. ബന്ദികളുടെ ജീവന് ഭീഷണിയാകുന്ന ഒരു ആക്രമണത്തെ അദ്ദേഹം അനുകൂലിക്കില്ലെന്ന വിലയിരുത്തലായിരുന്നു.

'ഹമാസുമായുള്ള ചര്‍ച്ചകളില്‍ ഖത്തറിനെ ഒരു പ്രധാന ഇടനിലക്കാരനായി മൊസാദ് ഏജന്‍സി കണ്ടിരുന്നു. അതുകൊണ്ടുതന്നെ, ഇത്തവണ മൊസാദ് അത് നേരിട്ട് ചെയ്യാന്‍ തയ്യാറായിരുന്നില്ല.' ഒരു ഇസ്രയേലി ഉദ്യോഗസ്ഥന്‍ പറഞ്ഞു. 'ഒന്നോ രണ്ടോ നാലോ വര്‍ഷങ്ങള്‍ക്കുള്ളില്‍ നമുക്ക് അവരെ പിടികൂടാന്‍ കഴിയും, അത് എങ്ങനെ ചെയ്യണമെന്ന് മൊസാദിന് അറിയാം. പിന്നെ എന്തിനാണ് ഇപ്പോള്‍ ഇത് ചെയ്യുന്നത് എന്നായിരുന്നു മൊസാദ് തലവന്റെ ചോദ്യം.'-ഇതാണ് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്.ഷിന്‍ ബെറ്റ് സുരക്ഷാ സേനയുമായി ചേര്‍ന്നാണ് വ്യോമസേന ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ പിന്നീട് വ്യക്തമാക്കിയിരുന്നു.