ഇസ്ലാമാബാദ്: യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായി പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫും പാക് സൈനിക മേധാവി അസിം മുനീറും കൂടിക്കാഴ്ചയ്‌ക്കൊരുങ്ങവെ വിവാദ പരാമര്‍ശവുമായി പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ചാനല്‍ അഭിമുഖത്തിനിടെ ഖ്വാജ ആസിഫ് നടത്തിയ പരാമര്‍ശമാണ് വിവാദമാകുന്നത്. 'യുഎസിലെ രാഷ്ട്രീയക്കാര്‍ ഇസ്രയേലില്‍ നിന്ന് പരസ്യമായി കൈക്കൂലി വാങ്ങുന്നു, ഞാനും അത് ചെയ്യും' എന്നാണ് ഖ്വാജ കഴിഞ്ഞ ദിവസം നടന്ന ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞത്. ഗാസയില്‍ നടക്കുന്ന ഇസ്രയേല്‍ ആക്രമണങ്ങളെയും ഖ്വാജ വിമര്‍ശിച്ചിരുന്നു. ഇസ്ലാമിക രാഷ്ട്രങ്ങള്‍ നാറ്റോ പോലുള്ള ഒരു സൈനിക സഖ്യം സ്ഥാപിക്കണമെന്നും ഖ്വാജ ആസിഫ് അഭിമുഖത്തിനിടെ പറഞ്ഞു.

കൈക്കൂലി വാങ്ങിയതിന്റെ പേരില്‍ രാജ്യം അപകീര്‍ത്തിപ്പെടുകയാണെന്നും പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി പറഞ്ഞു. വര്‍ദ്ധിച്ചുവരുന്ന അഴിമതി ആരോപണങ്ങളിലായിരുന്നു ഖ്വാജ ആസിഫിന്റെ പ്രസ്താവന. ഉന്നത ഉദ്യോഗസ്ഥര്‍ പാക്കിസ്ഥാനില്‍ നിന്ന് പോര്‍ച്ചുഗലിലേക്ക് കള്ളപ്പണം മാറ്റുന്നുവെന്ന് ഖ്വാജ ആസിഫ് നേരത്തേ എക്‌സില്‍ ആരോപണം ഉന്നയിച്ചിരുന്നു.

''അഴിമതിയുടെ പേരില്‍ രാജ്യം അപകീര്‍ത്തിപ്പെടുകയാണ്. അതേസമയം യുഎസിലെ രാഷ്ട്രീയക്കാര്‍ ഇസ്രയേലില്‍നിന്നു പരസ്യമായി കൈക്കൂലി സ്വീകരിക്കുകയാണ്. എനിക്ക് കൈക്കൂലി വാങ്ങേണ്ടിവന്നാല്‍, ഞാനും അത് ചെയ്യും'' ഖ്വാജ ആസിഫ് പറഞ്ഞു. ജിയോ ടിവിയില്‍ മാധ്യമപ്രവര്‍ത്തകനായ ഷഹസീബ് ഖന്‍സാദയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഖ്വാജയുടെ പരാമര്‍ശം.

അതേ സമയം സെപ്റ്റംബര്‍ 25-ന് നടക്കുന്ന യുഎന്‍ പൊതുസമ്മേളനത്തോടനുബന്ധിച്ച് ട്രംപുമായി പാക്ക് പ്രധാനമന്ത്രിയും സൈനിക മേധാവിയും കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. പാകിസ്താനിലെ പ്രളയം മുതല്‍ ഖത്തറിനെതിരേ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളടക്കം ചര്‍ച്ചയായേക്കുമെന്നാണ് സൂചന. ഇന്ത്യയുമായുള്ള നയതന്ത്ര പ്രശ്‌നം ചര്‍ച്ച ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കൂടിക്കാഴ്ചയെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും തന്നെ ഇതുവരെ വന്നിട്ടില്ല.

അതേ സമയം ഖത്തര്‍ ആക്രമണത്തെ വിമര്‍ശിച്ച പാക്കിസ്ഥാനെതിരെ ഇസ്രയേല്‍ കഴിഞ്ഞ ദിവസം ആഞ്ഞടിച്ചിരുന്നു. ഐക്യരാഷ്ട്ര സംഘടന രക്ഷാസമിതിയിലാണ് പാക്കിസ്ഥാനെതിരെ ഇസ്രയേല്‍ ആഞ്ഞടിച്ചത്. അല്‍ ഖായിദ തലവന്‍ ഉസാമ ബിന്‍ ലാദന് അഭയം നല്‍കിയതു പാക്കിസ്ഥാനാണെന്നും അവിടെയാണു ലാദന്‍ വധിക്കപ്പെട്ടതെന്നുമുള്ള യാഥാര്‍ഥ്യം തിരുത്താനാകില്ലെന്നും ഇസ്രയേല്‍.

അതിര്‍ത്തി കടന്ന് ഖത്തര്‍, ഗാസ, സിറിയ, ലബനന്‍, ഇറാന്‍, യമന്‍ എന്നിവിടങ്ങളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണം രാജ്യാന്തര നിയമങ്ങള്‍ ലംഘിച്ചാണെന്ന പാക്ക് പ്രതിനിധിയുടെ പരാമര്‍ശമാണ് ഇസ്രയേലിനെ ചൊടിപ്പിച്ചത്. ഖത്തറിലെ ഇസ്രയേല്‍ ആക്രമണം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലായിരുന്നു ഇസ്രയേല്‍ പ്രതിനിധിയുടെ പരാമര്‍ശം.

''ലാദനെ വധിച്ചപ്പോള്‍, വിദേശമണ്ണില്‍ ഭീകരനെ ഉന്നമിട്ടത് എന്തിനെന്ന് യുഎസിനുനേരെ ചോദ്യമുയര്‍ന്നില്ല. പകരം, ഭീകരനു പാക്കിസ്ഥാന്‍ എന്തിന് അഭയമൊരുക്കി എന്നായിരുന്നു ചോദ്യം. ലാദനു പരിരക്ഷ ഉണ്ടായിരുന്നില്ല. ഹമാസിനു പരിരക്ഷ ഉണ്ടാകുകയുമില്ല'' ഇസ്രയേല്‍ പ്രതിനിധി ഡാനി ഡാനന്‍ പറഞ്ഞു. ഹമാസ് നടത്തിയ ഒക്ടോബര്‍ ഏഴിലെ ആക്രമണത്തെ യുഎസിലെ 9 /11 ഭീകരാക്രമണവുമായി ബന്ധപ്പെടുത്തിയാണ് ഡാനി ഡാനന്‍ സംസാരിച്ചത്.