ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് സൗദി അറേബ്യയുമായുള്ളത് വിവിധ മേഖലകളിലെ തന്ത്രപ്രധാന പങ്കാളിത്തമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍. സൗദി- പാകിസ്ഥാന്‍ സൈനിക സഹകരണ കരാറിനോടാണ് പ്രതികരണം. സൗദിയും ഇന്ത്യയും തമ്മിലെ തന്ത്രപ്രധാന ബന്ധത്തില്‍ രണ്ടു രാജ്യങ്ങളുടെയും താത്പര്യങ്ങളും വിഷയങ്ങളും പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഛാബഹാര്‍ തുറമുഖത്തിന്റെ ഉപരോധ ഇളവ് അമേരിക്ക പിന്‍വലിച്ചത് പഠിക്കുകയാണെന്ന് വ്യക്തമാക്കിയ രണ്‍ധീര്‍ ജയ്സ്വാള്‍ അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ നല്ല അന്തരീക്ഷത്തില്‍ നടന്നുവെന്നും വ്യക്തമാക്കി.

സൗദി അറേബ്യയുമായി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വിശാലവും വിവിധ മേഖലകളില്‍ തന്ത്രപധാനമായ പങ്കാളിത്തവുമാണ് ഇന്ത്യയ്ക്കുള്ളതെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. സൗദിയും ഇന്ത്യയും തമ്മിലെ തന്ത്രപ്രധാന ബന്ധത്തില്‍ രണ്ടു രാജ്യങ്ങളുടേയും താത്പര്യങ്ങളും വിഷയങ്ങളും പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വിശദീകരിച്ചു. സൗദിയും പാകിസ്താനും തമ്മില്‍ ഒപ്പിട്ട സൈനിക സഹകരണ കരാറില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആണവശക്തിയായ പാകിസ്താനുമായി തന്ത്രപരമായ ഉഭയകക്ഷി പ്രതിരോധസഹകരണക്കരാറില്‍ കഴിഞ്ഞ ദിവസമാണ് സൗദി അറേബ്യ ഒപ്പുവെച്ചത്. ബുധനാഴ്ച പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ റിയാദ് സന്ദര്‍ശനത്തിനിടെയാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി കരാറിലൊപ്പിട്ടത്.

''ഒരു രാജ്യത്തിനെതിരായ ആക്രമണം ഇരുരാജ്യത്തിനുമെതിരേയുള്ളതായി കണക്കാക്കു''മെന്നതാണ് കരാറിലെ പ്രധാനവ്യവസ്ഥ. ഇസ്രയേലിന്റെ ഖത്തര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് കരാര്‍ പ്രഖ്യാപനമെങ്കിലും ഇന്ത്യയെ സംബന്ധിച്ച് സുരക്ഷാ ആശങ്കയുണ്ടാക്കുന്നതാണ് പ്രതിരോധക്കരാറും വ്യവസ്ഥകളും. ഇന്ത്യയും പാകിസ്താനും തമ്മില്‍ സായുധസംഘര്‍ഷമുണ്ടായി നാലുമാസം പിന്നിടുന്നവേളയിലാണ് സൗദിയുമായി പാകിസ്താന്‍ ഇത്തരമൊരു കരാറുണ്ടാക്കിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

സൗദി-പാക് പ്രതിരോധക്കരാര്‍ ഇന്ത്യ സസൂക്ഷ്മം വിലയിരുത്തുമെന്ന് വിദേശകാര്യമന്ത്രാലയം കഴിഞ്ഞ ദിവസം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചിരുന്നു. ദേശീയ സുരക്ഷയെയും ആഗോള-പ്രാദേശിക സ്ഥിരതയെയും ഇത് ഏത് തരത്തില്‍ ബാധിക്കുമെന്നതിനെക്കുറിച്ച് പഠനം നടത്തുമെന്നും വിദേശകാര്യമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചു. രാജ്യത്തിന്റെ ദേശീയസുരക്ഷ സംരക്ഷിക്കുന്നതില്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ് -വിദേശകാര്യമന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു. അതിനിടെ, ഏതെങ്കിലും രാജ്യത്തോടുള്ള മറുപടിയല്ല കരാറെന്നും ഇന്ത്യയുമായുള്ളത് എക്കാലത്തേക്കാളും മികച്ച ബന്ധമാണെന്നും സൗദി വൃത്തങ്ങള്‍ റോയിറ്റേഴ്സിനോട് പ്രതികരിച്ചു.