മോസ്‌കോ: ബഹിരാകാശത്ത് റഷ്യ ഉയര്‍ത്തുന്ന ഭീഷണികളെക്കുറിച്ച് പരസ്യമായ മുന്നറിയിപ്പുമായി വിവിധ ലോകരാജ്യങ്ങള്‍. റഷ്യ ബഹിരാകാശത്ത് വന്‍ തോതില്‍ അതിക്രമങ്ങള്‍ നടത്തുന്നതായി പരാതി ഉയരുന്നു. പാശ്ചാത്യ ഉപഗ്രഹങ്ങളെ ലേസര്‍ ആക്രമണങ്ങള്‍ക്ക് ഇരയാക്കുന്നത് റഷ്യ പതിവാക്കിയിരിക്കുകയാണ് എന്നാണ് പറയപ്പെടുന്നത്. കൂടാതെ വിവിധ രാജ്യങ്ങളുടെ ബഹിരാകാശ പേടകങ്ങളുടെ രഹസ്യം ചോര്‍ത്താനും പുട്ടിന്‍ ഭരണകൂടം ശ്രമിക്കുകയാണ് എന്നാണ് ആരോപണം.

ഭാവിയില്‍ ഇത്തരം ആക്രമണങ്ങള്‍ ഇനിയും വര്‍ദ്ധിക്കുമെന്നാണ് ഒരു ഫ്രഞ്ച് മേജര്‍ ജനറല്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. മേജര്‍ ജനറല്‍ വിന്‍സെന്റ് ചുസ്സോയുടെ അഭിപ്രായത്തില്‍ 2022 ഫെബ്രുവരിയില്‍ റഷ്യ യുക്രെയ്‌നില്‍ പൂര്‍ണ്ണ തോതിലുള്ള അധിനിവേശം നടത്തിയതിനുശേഷം, ഇത്തരം കാര്യങ്ങളില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഉപഗ്രഹങ്ങളെ തടസ്സപ്പെടുത്തുന്നതിനുള്ള വൈവിധ്യമാര്‍ന്ന രീതികള്‍ റഷ്യ സ്വീകരിച്ചിട്ടുണ്ടെന്നും ജാമിംഗ്, ലേസര്‍, സൈബര്‍ ആക്രമണങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സാധാരണമായിക്കഴിഞ്ഞെന്നും അദ്ദേഹം വിശദീകരിച്ചു.

പ്രമുഖ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ചൂസോ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. 2017-ല്‍ റഷ്യന്‍ ലൗച്ച്-ഒളിമ്പ് ഉപഗ്രഹം ഒരു ഫ്രഞ്ച് -ഇറ്റാലിയന്‍ ഉപഗ്രഹത്തില്‍ ബഹിരാകാശ ചാരവൃത്തി നടത്തിയെന്ന് ഫ്രാന്‍സ് പരസ്യമായി ആരോപിച്ചിരുന്നു. 2018-ല്‍ മുന്‍ പ്രതിരോധ മന്ത്രി ഫ്ലോറന്‍സ് പാര്‍ലി മാധ്യമങ്ങളോട് പറഞ്ഞത് റഷ്യന്‍ ഉപഗ്രഹം വളരെ അടുത്തെത്തിയപ്പോള്‍ തങ്ങളുടെ ആശയവിനിമയങ്ങള്‍ തടയാന്‍ ശ്രമിക്കുകയാണെന്ന് എല്ലാവരും കരുതിയിരിക്കുമായിരുന്നു എന്നാണ്.

നിങ്ങളുടെ അയല്‍ക്കാരെ അനാവശ്യമായി ശ്രദ്ധിക്കാന്‍ ശ്രമിക്കുന്നത് സൗഹൃദപരമല്ലെന്ന് മാത്രമല്ല, അത് ചാരവൃത്തിയുമാണ് എന്നുമാണ് പാര്‍ലി അഭിപ്രായപ്പെട്ടത്. റഷ്യ ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് ആയുധങ്ങള്‍ വിക്ഷേപിച്ചുവെന്ന ആരോപണങ്ങള്‍ ക്രെംലിന്‍ മുമ്പ് നിഷേധിച്ചിരുന്നു. മൂന്ന് മാസം മുമ്പ്, സ്ലിംഗ്ഷോട്ട് എയ്‌റോസ്‌പേസ്, കോസ്‌മോസ് 2588 എന്ന റഷ്യന്‍ ഉപഗ്രഹം യുഎസ്എ 338 നെ 'പിന്തുടരുന്നതായി' റിപ്പോര്‍ട്ട്

ചെയ്തിരുന്നു.

യുഎസ്, കാനഡ, യുകെ എന്നീ രാജ്യങ്ങള്‍ ഫ്രാന്‍സിനൊപ്പം ചേരുകയും ബഹിരാകാശത്തെ റഷ്യയുടെ ഭീഷണികളെക്കുറിച്ച് ലോകത്തിന് പരസ്യമായി മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. ജര്‍മ്മനിയും ചൈനയും അവരുടെ ബഹിരാകാശ ശേഷികളില്‍ വളരെയേറെ നിക്ഷേപം നടത്തുകയാണ്. 2029 ല്‍ 'ഒരു മള്‍ട്ടി-ഓര്‍ബിറ്റ് ഉപഗ്രഹ നക്ഷത്രസമൂഹ'ത്തിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കാന്‍ ജര്‍മ്മനി പദ്ധതിയിടുകയാണ്.