- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിഫോം യുകെ അധികാരത്തില്‍ എത്തിയാല്‍ പിആര്‍ അവസാനിപ്പിക്കും; പുതിയതായി ആര്‍ക്കും പിആര്‍ ലഭിക്കുകയില്ല എന്ന് മാത്രമല്ല നിലവില്‍ ഉള്ള പിആറുകള്‍ റദ്ദ് ചെയ്യും; അഞ്ചു വര്‍ഷം വീതം പുതുക്കാവുന്ന വിസ മാത്രം നിലനിര്‍ത്തും: കുടിയേറ്റക്കാരെ ക്ഷ വിറപ്പിക്കാന്‍ നൈജല്‍ ഫരാജ്
ലണ്ടന്‍: ബ്രിട്ടണില്‍ അധികാരത്തിലെത്തിയാല്‍ വിദേശികള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് തടയുമെന്നും യു കെയില്‍ സെറ്റില്‍ഡ് സ്റ്റാറ്റസുള്ള ആയിരക്കണക്കിന് കുടിയേറ്റക്കാരെ തിരികെ അയയ്ക്കുമെന്നും റിഫോം യു കെ നേതാവ് നെയ്ജല്‍ ഫരാജ്. വിദേശികള്‍ക്ക് നിയമപരമായി നല്‍കുന്ന പെര്‍മെനന്റ് റെസിഡന്‍സ് (പി ആര്‍) പദവി വലിയൊരു തട്ടിപ്പാണെന്ന് അദ്ദേഹം ആരോപിക്കുന്നു. രാജ്യത്തെ വന്‍ സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പ്കുത്തിച്ചേക്കാവുന്ന ഒരു കെണിയാണ് അതെന്നും അദ്ദേഹം പറഞ്ഞു. അഞ്ചു വര്‍ഷക്കാലം ബ്രിട്ടനില്‍ താമസിച്ച വിദേശികള്‍ക്കാണ് ഇന്‍ഡെഫെനിറ്റ് ലീവ് ടു റിമെയ്ന്‍ (ഐ എല്‍ ആര്‍) നല്‍കുന്നത്. ഇത് ലഭിച്ചാല്‍ അവര്‍ക്ക് സര്‍ക്കാരിന്റെ വിവിധ സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനാവും. മാത്രമല്ല, ബ്രിട്ടീഷ് പൗരത്വത്തിന് അപേക്ഷിക്കാനുള്ള ആദ്യ പടി കൂടിയാണിത്.
കോവിഡ് കാലത്തിന് ശേഷം ഏകദേശം 38 ലക്ഷം വിദേശികള്‍ നിയമപരമായി ബ്രിട്ടനില്‍ എത്തിയിട്ടുണ്ട് എന്നാണ് റിഫോം കണക്കാക്കുന്നത്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ 2026 നും 2030 നും ഇടയിലായി അവര്‍ക്ക് ഐ എല്‍ ആര്‍ ലഭിക്കാനുള്ള അര്‍ഹത ഉണ്ടാകും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ആനുകൂല്യങ്ങള്‍ക്ക് ഇവര്‍ അര്‍ഹത നേടും. അതുകൊണ്ടു തന്നെ ഐ എല്‍ ആര്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കിയാല്‍, വിദേശികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നത് തടയാനാകും. ഇതുവഴി 234 ബില്യന്‍ പൗണ്ട് ലാഭിക്കാം എന്നാണ് ഫരാജ് പറയുന്നത്.
ഐ എല്‍ ആറിന് ബദലായി, കൃത്യമായ ഇടവേളകളില്‍ വിദേശികള്‍ വിസ നീട്ടുന്നതിനായി അപേക്ഷിക്കണം. ഇതിനായി, ബ്രിട്ടനില്‍ താമസിക്കുന്നതിനുള്ള ചെലവുകള്‍ സ്വന്തമായി വഹിക്കാന്‍ കഴിവുണ്ടെന്നുള്ളതിന്റെ തെളിവുകള്‍ നല്‍കുകയും, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിക്കുകയും വേണം. വെസ്റ്റ്മിനിസ്റ്ററില്‍ ഒരു പത്ര സമ്മേളനത്തില്‍ സംസാരിക്കവെ ആണ് അദ്ദേഹം ഇത് പറഞ്ഞത്. അനധികൃത കുടിയേറ്റത്തിന്റെ കാര്യത്തില്‍ ശ്രദ്ധ ചെലുത്തുന്നതിനോടൊപ്പം, നിയമപരമായ കുടിയേറ്റത്തിന്റെ കാര്യത്തിലും ശ്രദ്ധ ചെലുത്തണമെന്നാണ് അദ്ദേഹം പറയുന്നത്.
റിഫോം സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍, സാമൂഹ്യക്ഷേമ ആനുകൂല്യങ്ങള്‍ ബ്രിട്ടീഷ് പൗരന്മാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്നും, വിദേശികള്‍ക്ക് അതിന് അര്‍ഹതയുണ്ടായിരിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, നിയമങ്ങളില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന ഈ മാറ്റം ബ്രെക്സിറ്റിന് ശേഷം സെറ്റില്‍ഡ് സ്റ്റാറ്റസില്‍ യു കെയില്‍ താമസിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്ക് ഭാധകമാക്കില്ല എന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നിലവില്‍ സെറ്റില്‍ഡ് സ്റ്റാറ്റസ് ഉള്ള ഏകദേശം 4,30,000 യൂറോപ്യന്‍ ഇതര രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ സംബന്ധിച്ച ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ അദ്ദേഹം ഒഴിഞ്ഞു മാറുകയായിരുന്നു.
എന്നാല്‍, ഈ നയത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. താഴ്ന്ന വരുമാനത്തില്‍ ജോലി ചെയ്യുന്ന എന്‍ എച്ച് എസ് ജീവനക്കാരെ കൂട്ടത്തില്‍ നാടുകടത്തേണ്ട സാഹചര്യം ഉണ്ടാകുമെന്നും അത് വന്‍ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യ മേഖലയെ ആയിരിക്കും ഈ നയം കൂടുതല്‍ ബാധിക്കുക എന്നും അവര്‍ പറയുന്നു. എന്നാല്‍, വിസ ലഭിക്കുന്നതിന് ആവശ്യമായ മിനിമം ശമ്പളം എത്രയായിരിക്കണമെന്ന് റിഫോം ഇതുവരെ തീരുമാനിച്ചിട്ടില്ല. മാത്രമല്ല, സെറ്റില്‍ഡ് സ്റ്റാറ്റസുള്ള, എന്നാല്‍, ബ്രിട്ടീഷ് പൗരത്വമുള്ള കുട്ടികളുള്ള വിദേശികളുടെ കാര്യത്തിലും അതുപോലെ, ഇപ്പോള്‍ ജോലി ചെയ്യാത്ത പെന്‍ഷന്‍കാരുടെ കാര്യത്തിലും ഫരാജ് വ്യക്തത വരുത്തിയിട്ടില്ല.
അതിനെല്ലാം പുറമെ, കൃത്യമായ ഇടവേളകളില്‍ എത്തുന്ന വിസ നീട്ടലിന്റെ അപേക്ഷകളെ കൈകാര്യം ചെയ്യുന്നതിനുള്ള ശ്രമങ്ങളെയും അതിനുള്ള ചെലവുകളെയും കുറിച്ചും ഫരാജ് നിശബ്ദത പാലിക്കുകയായിരുന്നു. ഫരാജിന്റെ പദ്ധതികള്‍ അനുസരിച്ച്, കുടിയേറ്റക്കാര്‍ക്ക് പുതിയതായി ഐ എല്‍ ആര്‍ നല്‍കുകയില്ല. ഇപ്പോള്‍ സെറ്റില്‍ഡ് സ്റ്റാറ്റസിലുള്ളവരുടെ ഐ എല്‍ ആര്‍ റദ്ദ് ചെയ്യും. അതിനു പകരമായി അവര്‍ക്ക് ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും പുതുക്കാന്‍ കഴിയുന്ന റിന്യൂവബിള്‍ വിസയ്ക്കായി അപേക്ഷിക്കാം. എന്നാല്‍, അതിനുള്ള മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കും. ഉയര്‍ന്ന ശമ്പളത്തിന് പുറമെ, ഇംഗ്ലീഷ് ഭാഷാ പ്രവീണ്യവും തെളിയിക്കേണ്ടതായി വരും. മാത്രമല്ല, കൂടെ കൊണ്ടുവരാവുന്ന ആശ്രിതരുടെ കാര്യത്തിലും നിയന്ത്രണങ്ങള്‍ ഉണ്ടാകും.
അപേക്ഷ നിരസിക്കപ്പെട്ടാല്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടും എന്ന് മാത്രമല്ല, രാജ്യം വിട്ട് പോകേണ്ടതായും വരും. ഇല്ലെങ്കില്‍ നാടുകടത്തും. ഓപ്പറേഷന്‍ റീസ്റ്റോറിംഗ് ജസ്റ്റിസ് എന്ന പേരിലാണ് റിഫോം യു കെ ഈ പദ്ധതി നടപ്പിലാക്കുക. ബ്രിട്ടീഷ് വ്യാപാര സ്ഥാപനങ്ങള്‍ക്കും മറ്റും, ബ്രിട്ടീഷ് തൊഴിലാളികളെ പരിശീലിപ്പിച്ചെടുക്കുന്നതിനുള്ള സമയം അനുവദിച്ചുകൊണ്ട് ഘട്ടം ഘട്ടമായായിരിക്കും ഈ പദ്ധതി നടപ്പിലാക്കുക. കുറഞ്ഞ വേതനത്തില്‍ വിദേശ തൊഴിലാളികളെ ജോലിക്ക് നിയമിക്കന്ന കാലം കഴിഞ്ഞു പോയി എന്നാണ് ഫരാജ് പറയുന്നത്.